Breaking NewsBusinessIndiaLead NewsNEWSNewsthen SpecialTRENDING

ഇഡി അന്വേഷണത്തിനിടെ എസ്.ബി.ഐക്കു പിന്നാലെ അനില്‍ അംബാനിയുടെ അക്കൗണ്ടുകള്‍ ‘ഫ്രോഡാ’യി പ്രഖ്യാപിച്ച് ബാങ്ക് ഓഫ് ബറോഡയും; പാപ്പരത്ത നടപടികള്‍ പുരോഗമിക്കുന്നതിനിടെ അപ്രതീക്ഷിത നീക്കം

ന്യൂഡല്‍ഹി: റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ് ലിമിറ്റഡും, ആര്‍കോം ഡയറക്ടറുമായ അനില്‍ അംബാനിയുടേയും ലോണ്‍ അക്കൗണ്ടുകള്‍ വഞ്ചനാ അഥവാ ഫ്രോഡ് വിഭാഗത്തില്‍ ഉള്‍പ്പെടുത്തി ബാങ്ക് ഓഫ് ബറോഡ. രാജ്യത്ത് പ്രമുഖ പൊതുമേഖലാ ബാങ്കുകളിലൊന്നിന്റേതാണ് സുപ്രധാന നീക്കം. റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ് ലിമിറ്റഡ് പാപ്പരത്ത നടപടികളിലേക്ക് കടക്കുന്നതിന് മുന്‍പ് എടുത്തിട്ടുള്ള ലോണുകളാണ് ഇത്തരത്തില്‍ വഞ്ചനാ ഗണത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. നേരത്തെ രാജ്യത്തെ പ്രമുഖ ടെലികോം കമ്പനിയായിരുന്ന റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ് ലിമിറ്റഡ്‌നെയും, അതിന്റെ മുന്‍ ഡയറക്ടറെയും ചുറ്റിപ്പറ്റിയുള്ള സാമ്പത്തിക വിവാദങ്ങളില്‍ നിര്‍ണായക വഴിത്തിരിവാണ് ബാങ്ക് ഓഫ് ബറോഡയുടെ ഈ നീക്കം.

2016-ലെ ഇന്‍സോള്‍വന്‍സി ആന്‍ഡ് ബാങ്ക്രപ്റ്റ്‌സി കോഡ് അനുസരിച്ച് നിലവില്‍ പാപ്പരത്ത നടപടിയില്‍ ഉള്ള റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ് ലിമിറ്റഡ്, നിലവില്‍ വഞ്ചനാ ഗണത്തില്‍ ഉള്‍പ്പെടുത്തിയ വായ്പകള്‍ ഇന്‍സോള്‍വന്‍സി നടപടികള്‍ക്ക് മുമ്പുള്ള കാലയളവുമായി ബന്ധപ്പെട്ടതാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. അതിനാല്‍, ഇവ പരിഹരിക്കപ്പെടേണ്ടത് കടം വീട്ടുന്നതിലൂടെയോ മറ്റ് ധാരണകളോ വഴിയോ ആയിരിക്കുമെന്ന് കമ്പനി ഇതിനോടകം നിലപാട് വിശദമാക്കിയിട്ടുണ്ട്.

Signature-ad

നിലവില്‍ റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ് ലിമിറ്റഡ് നിയന്ത്രണം റിസല്യൂഷന്‍ പ്രൊഫഷണല്‍ അനീഷ് നിരഞ്ജന്‍ നാനാവട്ടിയാണ് നിര്‍വഹിക്കുന്നത്. അനില്‍ അംബാനി ഈ സ്ഥാപനത്തിന്റെ ഡയറക്ടര്‍ പദവിയില്‍ നിന്ന് മാറ്റപ്പെട്ടിരുന്നു. റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ് ലിമിറ്റഡ് കടം പരിഹരിക്കാനായി രൂപീകരിച്ചിരിക്കുന്ന കമ്മിറ്റി നാഷണല്‍ കമ്പനി ലോ ട്രൈബ്യൂണലിന്റെ അംഗീകാരത്തിനായി കാത്തിരിക്കുന്നതിനിടെയാണ് ബാങ്ക് ഓഫ് ബറോഡയുടെ നീക്കം.

ബാങ്കിന്റെ അപ്രതീക്ഷിത നീക്കത്തില്‍ റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ് ലിമിറ്റഡ് നിയമ സഹായം തേടിയിട്ടുണ്ട്. പാപ്പരത്ത നടപടികള്‍ പുരോഗമിക്കുന്നതിനാല്‍ നിയമവാദങ്ങള്‍, നടപടികള്‍, വിധിന്യായങ്ങള്‍, ഉത്തരവുകള്‍, കോടതികള്‍, ട്രൈബ്യൂണലുകള്‍, അല്ലെങ്കില്‍ ആര്‍ബിട്രേഷന്‍ പാനലുകള്‍ എന്നിവയില്‍ നിന്ന് സംരക്ഷണമുണ്ടെന്നാണ് റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ് ലിമിറ്റഡ് വിശദമാക്കുന്നത്. അനില്‍ അംബാനിയുടെ ഗ്രൂപ്പ് സ്ഥാപനങ്ങള്‍ക്കെതിരെ ആരോപിക്കപ്പെട്ടിട്ടുള്ള വായ്പാ തട്ടിപ്പുമായി ബന്ധപ്പെട്ട ഇഡി അന്വേഷണത്തിനിടയിലാണ് ബാങ്ക് ഓഫ് ബറോഡയുടെ അപ്രതീക്ഷിത നീക്കം. റിലയന്‍സ് ഹൗസിംഗ് ഫിനാന്‍സ്, ആര്‍കോം, റിലയന്‍സ് കൊമര്‍ഷ്യല്‍ ഫിനാന്‍സ് എന്നിവയ്ക്ക് നല്‍കിയ വായ്പകളുമായി ബന്ധപ്പെട്ട് പതിമൂന്നോളം ബാങ്കുകളില്‍ നിന്നാണ് ഇഡി വിവരങ്ങള്‍ തേടിയിട്ടുള്ളത്. 17000 കോടി രൂപയുടെ വായ്പാ തട്ടിപ്പ് നടന്നതായാണ് വിലയിരുത്തല്‍.

പാപ്പരത്ത നടപടികളുമായി മുന്നോട്ട് പോകുന്നതിനിടെയുള്ള നീക്കം അനില്‍ അംബാനിയെ എങ്ങനെ ബാധിക്കുമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ നീരീക്ഷിക്കുന്നത്. നവി മുംബൈ ആസ്ഥാനമായാണ് റിലയന്‍സ് കമ്യൂണിക്കേഷന്‍ ലിമിറ്റഡ് പ്രവര്‍ത്തിക്കുന്നത്. 2019 മുതല്‍ സ്ഥാപനം പാപ്പരത്ത നടപടികളുമായി മുന്നോട്ട് പോവുകയാണ് അനില്‍ അംബാനി. നേരത്തെ രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്ബിഐ റിലയന്‍സ് കമ്യൂണിക്കേഷന്‍ ലിമിറ്റഡിന്റെ ലോണ്‍ അക്കൗണ്ടുകളെ ഫ്രോഡ് ആയി ഉള്‍പ്പെടുത്തിയത് ജൂണ്‍ മാസത്തില്‍ ആയിരുന്നു. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ ബാങ്ക് ഓഫ് ഇന്ത്യയും സമാന നടപടി സ്വീകരിച്ചിരുന്നു. നേരത്തെ 17000 കോടി രൂപയുടെ ബാങ്ക് വായ്പ തട്ടിപ്പുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് മുന്‍പില്‍ അനില്‍ അംബാനി ഹാജരായിരുന്നു. anil-ambani-loan-accounts-declared-as-fraud-by-bank-of-baroda-article

 

Back to top button
error: