ദേശീയ മെഡല്‍ ഉറപ്പുനല്‍കി, പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; യോഗ പരിശീലകനെതിരേ പോക്സോ കേസ്

ബെംഗളൂരു: ദേശീയ മെഡലും ജോലിയും ഉറപ്പുനല്‍കി യോഗ പരിശീലകന് പീഡിപ്പിച്ചെന്ന് പെണ്‍കുട്ടിയുടെ പരാതി. ബെംഗളൂരുവിലെ 19-കാരിയാണ് പീഡനപരാതിയുമായി പോലീസിനെ സമീപിച്ചത്. വെസ്റ്റ് ബെംഗളൂരുവില്‍ യോഗ പരിശീലനകേന്ദ്രം നടത്തുന്നയാള്‍ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്നാണ് ആരോപണം.
പെണ്‍കുട്ടിയുടെ പരാതിയില്‍ പോക്സോ വകുപ്പുകളടക്കം ചുമത്തി യോഗ പരിശീലകനെതിരേ പോലീസ് കേസെടുത്തിട്ടുണ്ട്. അതേസമയം, ഇയാള്‍ ഒളിവിലാണെന്നും പ്രതിക്കായി തിരച്ചില്‍ തുടരുകയാണെന്നും പോലീസ് പറഞ്ഞു.
വര്‍ഷങ്ങളായി യോഗ അഭ്യസിക്കുന്നയാളാണ് പെണ്‍കുട്ടി. 2019 മുതല്‍ പ്രതിയായ പരിശീലകനെ പെണ്‍കുട്ടിക്ക് പരിചയമുണ്ട്. യോഗയുമായി ബന്ധപ്പെട്ട ഒരു അസോസിയേഷന്റെ ഭാരവാഹി കൂടിയായിരുന്നു ഇയാള്‍. 2023 നവംബറില്‍ പെണ്‍കുട്ടിക്ക് 17 വയസ്സുള്ളപ്പോള്‍ പ്രതിക്കൊപ്പം ഒരു യോഗ മത്സരത്തില്‍ പങ്കെടുക്കാനായി തായ്ലാന്ഡില് പോയി. ഇവിടെവെച്ചാണ് പരിശീലകന് ആദ്യമായി പീഡിപ്പിച്ചതെന്നാണ് ആരോപണം. ഇതേത്തുടര്‍ന്ന് പെണ്‍കുട്ടിക്ക് മത്സരത്തില്‍നിന്ന് പിന്മാറേണ്ടിവന്നു. ഇതിനുശേഷം 2024-ല്‍ പെണ്‍കുട്ടി പ്രതിയുടെ യോഗാ കേന്ദ്രത്തില്‍ പരിശീലനത്തിനായി ചേര്‍ന്നു. ഇതിനിടെയാണ് യോഗ മത്സരത്തില്‍ ദേശീയ മെഡലും ജോലിയും ഉറപ്പുനല്‍കി പരിശീലകന് പീഡനം തുടര്‍ന്നത്. ഇക്കഴിഞ്ഞ ഓഗസ്റ്റ് 22-നും ലൈംഗികമായി പീഡിപ്പിച്ചെന്നും പരാതിയില്‍ പറയുന്നു.
പെണ്‍കുട്ടി ഗര്‍ഭിണിയായതോടെയാണ് കുടുംബാംഗങ്ങളടക്കം പീഡനവിവരം പുറത്തറിഞ്ഞത്. തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. തനിക്ക് പുറമേ പരിശീലനകേന്ദ്രത്തിലെ ആറോ ഏഴോ പെണ്‍കുട്ടികള്‍ കൂടി പീഡനത്തിനിരയായെന്നും പരാതിക്കാരി പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ഇവരുടെ പേരുവിവരങ്ങളും പെണ്‍കുട്ടി പോലീസിന് കൈമാറി.






