കടകംപള്ളി സുരേന്ദ്രനെതിരേ പോലീസ് കേസെടുത്തേക്കില്ല; സ്ത്രീ വെളിപ്പെടുത്തലോ പരാതിയോ നല്‍കണം; അല്ലെങ്കില്‍ പരാതിക്കാരന് തെളിവു നല്‍കണം: രാഹുലിനെതിരേ അന്വേഷണം മുറുക്കി ക്രൈം ബ്രാഞ്ച്; ആശുപത്രി കേന്ദ്രീകരിച്ച് അന്വേഷണം

തിരുവനന്തപുരം: മന്ത്രിയായിരിക്കെ സ്ത്രീയോട് മോശമായി പെരുമാറിയെന്ന പരാതിയില്‍ കടകംപള്ളി സുരേന്ദ്രനെതിരെ കേസെടുത്തേക്കില്ല. അതിനിടെ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ കേസില്‍ ഗര്‍ഭച്ഛിദ്രം നടത്തിയ ആശുപത്രി കേന്ദ്രീകരിച്ച് ക്രൈംബ്രാഞ്ച് അന്വേഷണം. രാഹുലിനെതിരായ നടപടി തിടുക്കത്തിലെന്ന എ ഗ്രൂപ്പ് വാദം കോണ്‍ഗ്രസ് നേതൃത്വം തള്ളി
മുന്‍മന്ത്രി കടകംപള്ളി സുരേന്ദ്രനും പാലക്കാട് എം.എല്‍.എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെയും പൊലീസിന് ലഭിച്ചത് കേട്ടുകേള്‍വിയുടെ അടിസ്ഥാനത്തിലെ പരാതികളാണ്. രാഹുലിനെതിരെ കേസെടുത്തെങ്കിലും സി.പി.എം എം.എല്‍.എയുടെ കാര്യത്തില്‍ അത് പറ്റില്ലെന്നാണ് പൊലീസ് നിലപാട്. അപമാനിക്കപ്പെട്ട സ്ത്രീ നേരിട്ട് പരാതിയോ വെളിപ്പെടുത്തലോ നടത്തുകയോ പരാതിക്കാരനായ ഡി.സി.സി അംഗം തെളിവ് ഹാജരാക്കുകയോ ചെയ്താലേ കടകംപള്ളിക്കെതിരെ കേസെടുക്കാനാവൂവെന്നാണ് പൊലീസ് വാദം.
എന്നാല്‍ ഗര്‍ഭച്ഛിദ്ര ശബ്ദരേഖയടക്കം പുറത്തുവന്നതുകൊണ്ട് ഗുരുതര സാഹചര്യം ബോധ്യപ്പെട്ടതിനാലാണ് രാഹുലിനെതിരെ കേസെടുത്തതെന്നും ന്യായീകരിക്കുന്നു. അതിനിടെ ഗര്‍ഭച്ഛിദ്രം തന്നെ രാഹുലിനെതിരെ ആയുധമാക്കാനാണ് ക്രൈംബ്രാഞ്ച് നീക്കം.
ശബ്ദരേഖയിലെ യുവതി ഗര്‍ഭച്ഛിദ്രം നടത്തിയത് ബെംഗളൂരുവിലെ ആശുപത്രിയിലെന്നാണ് ക്രൈംബ്രാഞ്ചിന് ലഭിച്ച സൂചന. അവിടെ നിന്ന് വിവരം ശേഖരിച്ച ശേഷം യുവതിയെ മൊഴിയെടുക്കാനായി സമീപിക്കും. അതോടൊപ്പം യുവതിയുമായി അടുപ്പമുള്ള മാധ്യമപ്രവര്‍ത്തകരുടെ മൊഴിയുമെടുക്കും. അതിനിടെ രാഹുലിനെതിരായ നടപടിയെ ചൊല്ലി കോണ്‍ഗ്രസില്‍ ഭിന്നത തുടരുകയാണ്. തിടുക്കപ്പെട്ടുള്ള നടപടിയെന്ന എ ഗ്രൂപ്പ് ആക്ഷേപം വി.ഡി.സതീശന് ഉള്‍പ്പടെയുളള നേതൃത്വം തള്ളി. എല്ലാവരുമായി ആലോചിച്ചായിരുന്നു നടപടിയെന്നാണ് നേതൃത്വത്തിന്റെ മറുപടി. crime-branch-investigates-abortion






