‘ഇന്ത്യ എല്ലാ നികുതിയും ഒഴിവാക്കിത്തരാമെന്ന് ആണയിട്ടു’; ഏറ്റവും കൂടുതല്‍ വ്യാപാരം നടത്തുന്നത് അമേരിക്കയുമായി; ചൈന ബന്ധം ശക്തമാകുന്നതിനിടെ ഇന്ത്യക്കെതിരേ വീണ്ടും ആരോപണങ്ങളുമായി ട്രംപ്

ന്യൂയോര്‍ക്ക്: ഇന്ത്യയും ചൈനയും തമ്മില്‍ വ്യാപാര ബന്ധത്തിലടക്കം മഞ്ഞുരുകുന്നതിന്റെ പശ്ചാത്തലത്തില്‍ കൂടുതല്‍ ആരോപണങ്ങളുമായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇന്ത്യക്ക് ചുമത്തിയ 50 ശതമാനം നികുതി ചുമത്തിയതിനു പിന്നാലെ ഇന്ത്യയിലേക്കുള്ള അമേരിക്കന്‍ ഇറക്കുമതിക്കുള്ള നികുതി ഒഴിവാക്കി കൊടുക്കാമെന്ന് ഉറപ്പു ലഭിച്ചിരുന്നെന്നാണു ട്രംപ് പറയുന്നത്.
ഇന്ത്യയുമായി അമേരിക്ക വളരെക്കുറച്ച് ബിസിനസ് മാത്രമാണ് ചെയ്യുന്നത്. എന്നാല്‍, ഇന്ത്യ അമേരിക്കയിലേക്കു വന്‍തോതില്‍ കയറ്റുമതി ചെയ്യുന്നുണ്ട്. ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയാണ് അമേരിക്ക. ഞങ്ങള്‍ ഇന്ത്യലേക്കു കുറച്ചു സാധനങ്ങള്‍ മാത്രമാണ് കയറ്റുമതി ചെയ്യുന്നതെന്നും ട്രംപ് സമൂഹ മാധ്യമത്തില്‍ കുറിച്ചു.
ഞങ്ങള്‍ക്കുള്ള ഇറക്കുമതിച്ചുങ്കം ഒഴിവാക്കിത്തരമാമെന്നാണ് ഇന്ത്യ പറഞ്ഞതെന്നും അതുപക്ഷേ വളരെ വര്‍ഷങ്ങള്‍ക്കുമുമ്പ് ചെയ്യേണ്ടതായിരുന്നെന്നും ട്രംപ് ആരോപിക്കുന്നു.
ഇന്ത്യയും അമേരിക്കയുമായുള്ള വ്യാപാര ചര്‍ച്ചകള്‍ അനിശ്ചിതത്വത്തിലായ പശ്ചാത്തലത്തിലാണ് ട്രംപ് അവകാശവാദങ്ങളുമായി രംഗത്തുവന്നത്. ഓഗസ്റ്റില്‍ നടക്കേണ്ടിയിരുന്ന ആറാം വട്ട ചര്‍ച്ചകള്‍ പിന്‍വലിച്ചിരുന്നു. ഇന്ത്യയുടെ കൃഷി, കന്നുകാലി മേഖലകളില്‍ പ്രവേശനം അനുവദിക്കണമെന്നായിരുന്നു അമേരിക്കയുടെ ആവശ്യം. ഇത് മോദി നിരസിച്ചതോടെയാണ് അഞ്ചുവട്ടം നടത്തിയ ചര്‍ച്ചകളും തീരുമാനമാകാതെ പിരിഞ്ഞത്.
ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെ ഇന്ത്യക്കു ചുമത്തിയ 25 ശതമാനം നികുതി പിന്‍വലിക്കുന്ന ഘട്ടംവരെയെത്തിയിരുന്നു. എന്നാല്‍, പിന്നീട് അമ്പതു ശതമാനമാക്കി ഉയര്‍ത്തിയെന്ന റിപ്പോര്‍ട്ടാണു വന്നത്. റഷ്യയില്‍നിന്ന് ഇന്ധനം വാങ്ങുന്നെന്ന് ആരോപിച്ചായിരുന്നു നടപടി. ഇന്ത്യക്കു പുറമേ, ബ്രസീലിനും അമേരിക്ക 50 ശതമാനം നികുതി ചുമത്തിയിട്ടുണ്ട്.
ഇന്ധനത്തിനു പുറമേ, റഷ്യയില്‍നിന്നാണ് ഇന്ത്യ ഏറ്റവും കൂടുതല്‍ പ്രതിരോധ ഉത്പന്നങ്ങള്‍ വാങ്ങുന്നതെന്നും ട്രംപ് ആരോപിക്കുന്നു. റഷ്യ- യുക്രൈന്‍ യുദ്ധത്തില്‍നിന്ന് ഇന്ത്യ ലാഭമുണ്ടാക്കുകയാണെന്നും റിഫൈനറികളില്‍നിന്ന് പാശ്ചാത്യ രാജ്യങ്ങള്‍ക്ക് കൂടിയ വിലയ്ക്ക് ഇന്ധനം നല്‍കുന്നെന്നും പിന്നീട് ആരോപിച്ചു.
trump-says-india-offered-to-cut-tariffs-to-nothing-calls-trading-ties-so-far-a-one-sided-disaster






