Breaking NewsIndiaLead NewsNEWSNewsthen SpecialpoliticsWorld

ഇസ്രായേല്‍ ആക്രമണത്തില്‍ ഹൂതികളുടെ എല്ലാ മന്ത്രിമാരും കൊല്ലപ്പെട്ടെന്നു സൂചന; വധിക്കപ്പെട്ടത് പ്രധാനമന്ത്രിയടക്കം 12 മന്ത്രിമാരും സൈനിക ജനറല്‍മാരും; വിവരങ്ങള്‍ പുറത്തുവിട്ട് ചാനല്‍ 12; ആക്രമണം തുടരുമെന്ന് ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്‌സ്

സനാ: ഹൂതികളെ ലക്ഷ്യമിട്ട് ഇസ്രായേല്‍ സൈന്യം ആരംഭിച്ച ആക്രമണത്തില്‍ പ്രധാനമന്ത്രി അഹമ്മദ് അല്‍-റഹാവിയടക്കം മുഴുവന്‍ മന്ത്രിമാരും കൊല്ലപ്പെട്ടെന്നു സൂചന. കൃത്യമായ സോഴ്‌സുകളെ ഉദ്ധരിച്ചല്ല റിപ്പോര്‍ട്ടെങ്കിലും റഹാവിയും 12 കാബിനറ്റ് മന്ത്രിമാരും കൊല്ലപ്പെട്ടെന്നാണ് ഐഡിഎഫിന്റെ നിഗമനം. ചാനല്‍ 12 ആണ് റിപ്പോര്‍ട്ട് പുറത്തുവിട്ടതെങ്കിലും ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്‌സ് ആക്രമണത്തിന്റെ മുഴുവന്‍ വിവരങ്ങളും ശേഖരിക്കുന്നുണ്ടെന്നാണു വിവരം.

വ്യാഴാഴ്ച യെമന്‍ തലസ്ഥാനമായ സനായിലേക്ക് നടത്തിയ വ്യോമാക്രമണത്തിലാണ് ഹൂതി നേതൃത്വത്തെ ഇസ്രയേല്‍ ലക്ഷ്യമിട്ടത്. സനായ്ക്ക് പുറത്ത് ഹൂതി നേതാവ് അബ്ദുള്‍ മാലിക് അല്‍-ഹൂതിയുടെ പ്രസംഗം കേള്‍ക്കാന്‍ ഒത്തുകൂടിയ മുതിര്‍ന്ന ഹൂതി മന്ത്രിമാരെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. ഒരാഴ്ചയ്ക്കിടെ സനായിലേക്ക് ഇസ്രയേല്‍ നടത്തുന്ന രണ്ടാമത്തെ ആക്രമണമായിരുന്നു ഇത്. ഹൂതികളുടെ രാഷ്ട്രീയ, സൈനിക നേതൃത്വത്തെയാണ് വ്യാഴാഴ്ചത്തെ അക്രമത്തില്‍ ലക്ഷ്യമിട്ടതെന്ന് ഇസ്രയേല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

Signature-ad

ഹൂതി പ്രധാനമന്ത്രി അല്‍-റഹാവിയും അദ്ദേഹത്തിന്റെ കൂട്ടാളികളും കൊല്ലപ്പെട്ടതായാണ് യെമന്‍ മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണമില്ല. സനായിലെ അപ്പാര്‍ട്ട്‌മെന്റില്‍ ഇരിക്കെയാണ് പ്രധാനമന്ത്രി കൊല്ലപ്പെട്ടതെന്ന് യെമനിലെ അല്‍-ജുംഹുരിയ ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു. അല്‍-റഹാവിക്കൊപ്പം അദ്ദേഹത്തിന്റെ കൂട്ടാളികളും കൊല്ലപ്പെട്ടതായി ആദന്‍ അല്‍-ഗാദ് പത്രവും റിപ്പോര്‍ട്ട് ചെയ്തു.

വ്യോമാക്രമണത്തില്‍ ഹൂതി പ്രതിരോധ മന്ത്രി മുഹമ്മദ് അല്‍-അത്താഫിയും ചീഫ് ഓഫ് സ്റ്റാഫ് മുഹമ്മദ് അബ്ദുല്‍-കരീം അല്‍-ഗമാരിയും കൊല്ലപ്പെട്ടെന്ന് ഇസ്രയേല്‍ സൈനിക വിഭാഗത്തെ ഉദ്ധരിച്ച് യൂറോന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. 2016 മുതല്‍ പ്രതിരോധ മന്ത്രിയാണ് മുഹമ്മദ് നാസര്‍ അല്‍-അത്താഫി. ഹൂതികളുടെ സൈനിക വിഭാഗത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനായ മുഹമ്മദ് നാസറിന് ഇറാന്റെ റെവല്യൂഷണറി ഗാര്‍ഡുകളുമായും ഹിസ്ബുള്ളയുമായും അടുത്ത ബന്ധമുണ്ട്. ഇരുവരും കാബിനറ്റ് മീറ്റിംഗില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു.

ആക്രമണത്തിന്റെ പൂര്‍ണ വിവരങ്ങള്‍ ഇതുവരെ വ്യക്തമായിട്ടില്ലെങ്കിലും ഹൂതികളുടെ മുതിര്‍ന്ന എല്ലാ നേതാക്കളെയും ഇല്ലാതാക്കുകയാണു ലക്ഷ്യമെന്നു ഇസ്രായേലിന്റെ ചാനല്‍ 13, വൈനെറ്റ് എന്നീ ചാനലുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ആക്രമണത്തിന്റെ ദൃശ്യങ്ങളടക്കം ഇസ്രയേല്‍ ഇന്റലിജന്‍സ് പുറത്തുവിട്ടിട്ടുണ്ട്. ഹൂതികളുടെ എയര്‍ ഡിഫന്‍സ് ശക്തമാണെങ്കിലും ആക്രമണത്തിന് ഒരു കുറവും വരുത്തിയിട്ടില്ല.

കഴിഞ്ഞ ജൂണില്‍ നടത്തിയ ആക്രമണത്തില്‍ ഹൂത്തി ചീഫ് ഓഫ് സ്റ്റാഫ് മുഹമ്മദ അല്‍-ഖമാരിക്കു ഗുരുതരമായി പരിക്കേറ്റിരുന്നു. ഇറാനുമായുള്ള യുദ്ധം പുരോഗമിക്കുന്നതിന് ഇടയിലായിരുന്നു ഹൂതികള്‍ക്കുനേരെയും ആക്രമണം നടത്തിയത്. നേരത്തെയും ഹൂതികള്‍ക്കുനേരേ ഇസ്രായേല്‍ ഒറ്റപ്പെട്ട ആക്രമണങ്ങള്‍ നടത്തിയെങ്കിലും അവരുടെ ഡ്രോണ്‍, മിസൈല്‍ ആക്രമണങ്ങളെ പൂര്‍ണമായും ഇല്ലാതാക്കാന്‍ കഴിഞ്ഞിരുന്നില്ല. നേരത്തേയുണ്ടായിരുന്ന ആക്രമണങ്ങളെല്ലാം കെട്ടിടങ്ങളെയും ഓയില്‍ റിഫൈനറികളെയും കേന്ദ്രമാക്കിയായിരുന്നു. നിലവില്‍ ഇന്റലിജന്‍സിന്റെ സഹായത്തില്‍ നേതൃത്വത്തെ തന്നെ ഇസ്രായേല്‍ ലക്ഷ്യമിടുന്നു എന്നതാണ് ഏറ്റവും ഒടുവിലത്തെ ആക്രമണങ്ങള്‍ സൂചിപ്പിക്കുന്നത്. ഇസ്രയേലില്‍നിന്ന് 1800 കിലോമീറ്റര്‍ അകലെയുള്ള രാജ്യത്തേക്കു നടത്തുന്ന 16-ാം ആക്രമണമാണിതെന്നാണു ചൂണ്ടിക്കാട്ടുന്നത്.

അമേരിക്കയുടെ മരണം, ഇസ്രയേലിന്റെ മരണം എന്നതുതന്നെയാണു ഹൂത്തികളുടെയും മുദ്രാവാക്യം. 2023 മുതല്‍ ഇസ്രായേലിന്റെ കപ്പലുകള്‍ക്കു നേരെയും ഹൂത്തികള്‍ ആക്രമണം നടത്തിയിരുന്നു. 2025 ജനുവരിയില്‍ ഹമാസുമായി വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതിനു ശേഷവും ഹൂത്തികള്‍ ഇസ്രായേലിലേക്കു ബാലിസ്റ്റിക് മിസൈല്‍ അടക്കം ഉപയോഗിച്ച് വ്യാപക ആക്രമണം നടത്തിയിരുന്നു. ഇതിനുശേഷം മാര്‍ച്ച് 18ന് ആണ് ഐഡിഎഫ് ഹമാസിനുനേരെ ആക്രമണം പുനരാരംഭിച്ചത്. ഈ സമയം 72 ബാലിസ്റ്റിക് മിസൈലുകളും 23 ഡ്രോണുകളുമാണ് ഹൂത്തികള്‍ തൊടുത്തത്. മറ്റു നിരവധി മിസൈലുകള്‍ ഇസ്രായേല്‍ നിര്‍വീര്യമാക്കി.

ഇതിനു മറുപടിയായി അമേരിക്കയും ഇസ്രയേലും ഹൂത്തികളുടെ ശക്തി കേന്ദ്രത്തില്‍ ആക്രമണങ്ങള്‍ നടത്തി. സനായിലും തന്ത്രപരമായ മേഖലയായ ഹൊദെയ്ദയിലും ആക്രമണം നടത്തി. മേയില്‍ സനാ വിമാനത്താവളത്തില്‍ നടത്തിയ ആക്രമണത്തിനുശേഷം അവിടെനിന്നുള്ള സര്‍വീസുകളും താറുമാറായി. ഇതിനുശേഷം യുഎസ് പ്രസിഡന്റ് ട്രംപുമായുള്ള കരാറിനെത്തുടര്‍ന്ന് കപ്പലുകള്‍ക്കുനേരെയുള്ള ആക്രമണം നിര്‍ത്താന്‍ തീരുമാനിച്ചെങ്കിലും ഇസ്രയേലിനെ ലക്ഷ്യം വയ്ക്കുന്നതു തുടര്‍ന്നു.

2014 ലെ ആഭ്യന്തര യുദ്ധം മുതല്‍ യെമന്റെ ഭരണം രണ്ട് ഭാഗങ്ങളിലാണ്. തലസ്ഥാനമായ സനാ അടക്കം വടക്കന്‍ ഭാഗങ്ങള്‍ ഹൂതികളുടെ നിയന്ത്രണത്തിലാണ്. തെക്കന്‍ ഭാഗങ്ങള്‍ ഏദന്‍ ആസ്ഥാനമായി പ്രസിഡന്റ്് റഷാദ് അല്‍ അലിമിയുടെ നിയന്ത്രണത്തിലാണ്. ഈ സര്‍ക്കാറിനെയാണ് ലോകരാഷ്ട്രങ്ങള്‍ അംഗീകരിച്ചിരിക്കുന്നത്. ഹമാസ്, ഹിസ്ബുള്ള തുടങ്ങിയ സംഘടനകള്‍ ഉള്‍പ്പെടുന്ന ഇസ്രയേല്‍ വിരുദ്ധ സഖ്യത്തിന്റെ ഭാഗമാണ് ഹൂതികള്‍.

 

The IDF assesses that the entire Houthi cabinet — including the prime minister and 12 other ministers — were likely killed in Thursday’s strikes in Yemen, Channel 12 reported Friday, without citing any sources.

Back to top button
error: