‘എംഎല്‍എ എന്ന നിലയില്‍ പെന്ഷന് അനുവദിക്കണം’; രാജസ്ഥാന് സര്‍ക്കാരിന് അപേക്ഷ നല്കി മുന്‍ ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍; രാജിവച്ച് ഒരുമാസം കഴിഞ്ഞിട്ടും പൊതുവേദിയില്‍ പ്രത്യക്ഷപ്പെടാതെ ബിജെപി നേതാവ്; രാഷ്ട്രീയ നീക്കങ്ങളെപ്പറ്റി ഊഹാപോഹങ്ങളും ശക്തം

ന്യൂഡല്‍ഹി: ഉപരാഷ്ട്രപതി പദവി രാജിവച്ചശേഷം പൊതുരംഗത്തുനിന്നു വിട്ടു നില്ക്കുന്ന ജഗ്ദീപ് ധന്‍കര്‍ മുന്‍ നിയമസഭാംഗമെന്ന നിലയില്‍ പെന്ഷന് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു രാജസ്ഥാന് സര്‍ക്കാരിന് അപേക്ഷ നല്കി.
1993 നും 1998 നും ഇടയില്‍ അജ്മീര്‍ ജില്ലയിലെ കിഷന്‍ഗഡ് മണ്ഡലത്തെ പ്രതിനിധീകരിച്ച ധന്‍കറിന്റെ പെന്ഷന് പശ്ചിമബംഗാള്‍ ഗവര്‍ണറായതിനെത്തുടര്‍ന്നു 2019ല്‍ നിര്‍ത്തലാക്കിയിരുന്നു. 1989ല്‍ ജുന്‍ജുനുവില്‍നിന്ന് ജനതാദള്‍ എംപിയായി തിരഞ്ഞെടുക്കപ്പെട്ടതിനെത്തുടര്‍ന്ന് ചന്ദ്രശേഖര്‍ സര്‍ക്കാരില്‍ പാര്‍ലമെന്ററി കാര്യ സഹമന്ത്രിയായി സേവനമനുഷ്ഠിച്ച ശേഷം 74 കാരനായ ധന്‍ഖര്‍ 1993ല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്ന് എംഎല്‍എ ആയി. 2003ല്‍ അദ്ദേഹം ബിജെപിയിലേക്കും കളം മാറി.
ഉപരാഷ്ട്രപദവി രാജിവച്ച് ഒരു മാസത്തിനുശേഷമാണ് മുന്‍ എംഎല്‍എ എന്ന നിലയില്‍ പെന്ഷന് അനുവദിക്കണമെന്ന് ആവശപ്പെട്ടു ധന്‍കര്‍ അപേക്ഷ നല്‍കിയിരിക്കുന്നത്. അപേക്ഷ പരിശോധിച്ച് അംഗീകരിക്കാനുള്ള നടപടികള്‍ ആരംഭിച്ചെന്നു സെക്രട്ടേറിയറ്റ് വൃത്തങ്ങള്‍ അറിയിച്ചു. ഉപരാഷ്ട്രപതി സ്ഥാനം രാജിവച്ച തീയതി മുതല്‍ ശ്രീ ധന്‍ഖറിന് നല്‍കേണ്ട പെന്ഷന് ബാധകമാകും. ജൂലൈ 21ന് ‘ആരോഗ്യപ്രശ്നങ്ങള്‍’ ചൂണ്ടിക്കാട്ടി അദ്ദേഹം രാജി സമര്‍പ്പിച്ചിരുന്നു.
രാജസ്ഥാനിലെ മുഴുവന്‍ കാലാവധിയും പൂര്‍ത്തിയാക്കിയ എംഎല്‍എമാര്‍ക്ക് പ്രതിമാസം 35,000 പെന്ഷന് ലഭിക്കാന്‍ അര്‍ഹതയുണ്ട്. 70 വയസിനു മുകളിലുള്ളവര്‍ക്ക് 20% വര്‍ധനയും ലഭിക്കും. എംഎല്‍എ എന്ന നിലയില്‍ അഞ്ചുവര്‍ഷത്തെ കാലാവധി പൂര്‍ത്തിയാക്കിയതിനാല്‍ യാത്ര അലവന്‍സ്, ചികിത്സ എന്നീ ഇനത്തില്‍ ധന്‍കറിന് മൊത്തത്തില്‍ 42,000 രൂപ പെന്ഷന് ലഭിക്കും. മുന്‍ ഉപരാഷ്ട്രപതി, മുന്‍ എംപി എന്നീ നിലകളില്‍ ധന്‍കറിനു ലഭിക്കുന്ന പെന്‍ഷനു പുറമേ ആയിരിക്കും ഇത്.
രാജി വച്ചതിനുശേഷം പൊതുവേദിയില്‍നിന്നു വിട്ടു നില്ക്കുകയാണു ധന്‍കര്‍. അദ്ദേഹത്തിന്റെ ഭാവി നീക്കങ്ങള്‍ എന്താണെന്ന ഊഹാപോഹങ്ങളും വര്‍ധിച്ചിട്ടുണ്ട്. പ്രതിപക്ഷ പാര്‍ട്ടികള്‍ അദ്ദേഹത്തിന്റെ രാജിയുടെ യഥാര്‍ഥ കാരണം വ്യക്തമാക്കണമെന്നു നിരന്തരം ആവശ്യപ്പെട്ടിരുന്നു. രാജസ്ഥാനിലെ ജനങ്ങള്‍ക്ക് അദ്ദേഹത്തിന്റെ സ്ഥിതിയെക്കുറിച്ച് അറിയാന്‍ താത്പര്യമുണ്ടെന്നു മുന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടും പറഞ്ഞു.
ആരോഗ്യപരമായ കാരണങ്ങളാണു രാജിക്കായി ചൂണ്ടിക്കാട്ടുന്നതെങ്കിലും, വീട്ടില്‍നിന്നു പണച്ചാക്കുകള്‍ കണ്ടെത്തിയ കേസില്‍ ഡല്‍ഹി ഹൈക്കോടതി ജസ്റ്റിസ് യശ്വന്ത് വര്‍മയുടെ ഇംപീച്ച്മെന്റിനായി പ്രതിപക്ഷം അവതരിപ്പിച്ച പ്രമേയം അംഗീകരിക്കണമെന്ന ധന്‍കറിന്റെ ആഹ്വാനം കേന്ദ്ര സര്‍ക്കാരിന്റെ നയത്തിനു വിരുദ്ധമാണെന്നും അദ്ദേഹം പരിധിവിട്ടെന്നും അഭിപ്രായം ബിജെപിയില്‍ ഉയര്‍ന്നെന്നുമാണു റിപ്പോര്‍ട്ട്. ആറുമാസം മുമ്പ് ധന്‍കറിനെതിരേ അവിശ്വാസ പ്രമേയം അവതരിപ്പിച്ച പ്രതിപക്ഷം ഇക്കുറി അദ്ദേഹത്തിനു പിന്തുണയുമായി വന്നതും ബിജെപി നേതൃത്വത്തെ ഞെട്ടിച്ചു. ഇതോടെയാണു ധന്‍കര്‍ ‘പരിധി ലംഘിച്ചു’ എന്ന് എംപിമാരെ ബിജെപി നേതൃത്വം അറിയിച്ചത്.
പ്രതിപക്ഷത്തിന്റെ ഇംപീച്ച്മെന്റ് പ്രമേയം ധന്‍കര്‍ അംഗീകരിച്ചതിനു പിന്നാലെ മോദി മുതിര്‍ന്ന കേന്ദ്രമന്ത്രിമാരുമായി യോഗം ചേര്‍ന്നിരുന്നു. പിന്നാലെ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിന്റെ ഓഫീസില്‍ മറ്റൊരു യോഗവും ചേര്‍ന്നെന്ന് എന്‍ഡി ടിവി റിപ്പോര്‍ട്ട് ചെയ്തു. ഭരണകക്ഷിയിലെ എല്ലാ രാജ്യസഭാ എംപിമാരെയും അവിടെ വിളിച്ചു വരുത്താന്‍ ബിജെപിയുടെ ചീഫ് വിപ്പിനോട് രാജ്നാഥ് സിങ് ആവശ്യപ്പെട്ടു. പത്തു പേരടങ്ങുന്ന ഗ്രൂപ്പുകളായാണ് ബിജെപി എംപിമാരെ രാജ്നാഥ് സിങിന്റെ ഓഫിസിലേക്ക് വിളിപ്പിച്ചത്. തുടര്‍ന്ന് ഒരു പ്രധാന പ്രമേയത്തില്‍ ഒപ്പിടാന്‍ ആവശ്യപ്പെട്ടു. ബിജെപി എംപിമാര്‍ക്ക് പിന്നാലെ എന്‍ഡിഎ ഘടകക്ഷിയില്‍പ്പെട്ട രാജ്യസഭാ എംപിമാരെയും വിളിപ്പിച്ചു.
എല്ലാവരോടും പ്രമേയത്തെക്കുറിച്ച് പുറത്തുപറയാന്‍ പാടില്ലെന്നും അടുത്ത നാല് ദിവസം ഡല്‍ഹിയില്‍ തന്നെ തുടരാനും നേതൃത്വം നിര്‍ദേശിച്ചു. പിന്നാലെ പ്രമേയത്തെക്കുറിച്ചും എംപിമാര്‍ അതില്‍ ഒപ്പുവച്ചുവെന്നും ഉള്ള വിവരം ധന്‍കറിനെ നേതൃത്വം അറിയിക്കുകയായിരുന്നു. ഇതോടെയാണ് രാത്രിക്കു രാത്രി ധന്‍കര്‍ ‘എക്സ്’ പേജിലൂടെ രാജി വിവരം പുറത്തുവിട്ടത്.
രാജി വയ്ക്കുന്ന അന്നു വൈകിട്ടുവരെ സഭ നിയന്ത്രിച്ച ജഗ്ദീപ് ധന്‍കറിന് എന്ത് ആരോഗ്യ പ്രശ്നമാണുള്ളതെന്നായിരുന്നു രാജിവിവരം പുറത്തുവന്നതിനു പിന്നാലെ കോണ്‍ഗ്രസിന്റെ ചോദ്യം. സമ്മര്‍ദത്തെ തുടര്‍ന്നാണു രാജിയെന്നു ഗൗരവ് ഗോഗോയും ജയ്റാം രമേശും അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളും പരസ്യമായി പറഞ്ഞു.
രാജ്യസഭയില്‍ ബിജെപി ദേശീയ അധ്യക്ഷനും കേന്ദ്ര ആരോഗ്യ മന്ത്രിയുമായ ജെ.പി. നഡ്ഡ നടത്തിയ പരാമര്‍ശങ്ങളും ഉപരാഷ്ട്രപതിയുടെ രാജയിലേക്കു നയിച്ചെന്നാണു വിവരം. ‘താന്‍ പറയുന്നതു മാത്രമേ സഭാധ്യക്ഷന് രേഖപ്പെടുത്തൂ’ എന്നു നഡ്ഡ പറഞ്ഞിരുന്നു. പ്രതിപക്ഷ നേതാവും കോണ്‍ഗ്രസ് അധ്യക്ഷനുമായ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ പ്രസംഗത്തിനിടെയായിരുന്നു ഈ ഇടപെടല്‍. ഇക്കാര്യത്തില്‍ ധന്‍കര്‍ അസ്വസ്ഥനായിരുന്നു എന്നും സഭാ നടപടികള്‍ നിയന്ത്രിക്കാന്‍ അധികാരമുള്ള ‘ചെയറി’നോടുള്ള അനാദരവാണെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നു. ഇതും രാജിക്കു മുമ്പേയുള്ള പ്രകോപനമായി വിലയിരുത്തുന്നു.
jagdeep-dhankhar-seeks-pension-from-rajasthan-assembly-as-former-mla






