NEWS

ഭീഷണിക്ക് മുന്നില്‍ മുട്ടുമടക്കി ഓടാനില്ല, ജനങ്ങള്‍ വോട്ട് ചെയ്ത് ജയിപ്പിച്ചിട്ടാണ് പൊതുപ്രവര്‍ത്തനം നടത്തുന്നത് ; വടകര അങ്ങാടിയിലൂടെ നടക്കാന്‍ ആരുടേയും സ്‌പെഷ്യല്‍ പെര്‍മിഷന്റെ ആവശ്യമില്ലെന്ന് ഷാഫി

കോഴിക്കോട് : താന്‍ വടകരയില്‍ തന്നെ ഉണ്ടാകുമെന്നും ഭീഷണിക്ക് മുന്നില്‍ മുട്ടുമടക്കി ഓടാനില്ലെന്നും ഷാഫി പറമ്പില്‍ എംപി. ജനങ്ങള്‍ വോട്ട് ചെയ്ത് ജയിപ്പിച്ചിട്ടാണ് പൊതുപ്രവര്‍ത്തനം നടത്തി മുന്നോട്ട് പോകുന്നതെന്നും വടകര അങ്ങാടിയില്‍ കൂടി നടക്കാന്‍ ആരുടേയും സ്‌പെഷ്യല്‍ പെര്‍മിഷന്റെ ആവശ്യം ഇല്ലെന്നും ഷാഫി പറമ്പില്‍ പറഞ്ഞു. ആരുടെയും ഭീഷണിക്ക് മുന്നില്‍ മുട്ട് മടക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും പറഞ്ഞു. വടകരയില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ കാര്‍ തടഞ്ഞ സംഭവത്തിലായിരുന്നു എം പി.യുടെ പ്രതികരണം.

ഒരുപാട് സമരങ്ങള്‍ തങ്ങള്‍ നടത്തിയിട്ടുണ്ട് നേരിട്ടിട്ടുണ്ട് പങ്കെടുത്തിട്ടുമുണ്ട്. എന്നാല്‍ കേട്ടാല്‍ അറയ്ക്കുന്ന ഭാഷയില്‍ തെറിയും അസഭ്യവും കേട്ട് പോകാന്‍ ഉദ്ദേശിക്കുന്നില്ലെന്നും പറഞ്ഞു. ”ഡിവൈഎഫ്‌ഐ തന്നെ തടയുന്നതും തടയാത്തതും അവരുടെ ഇഷ്ട്ടമാണ്. ഒരു തരത്തിലുള്ള സമരങ്ങള്‍ക്കോ പ്രതിഷേധത്തിനോ കരിങ്കൊടിക്കോ എതിരല്ല. എന്നാല്‍ തെറിയും അസഭ്യവും കേട്ട് പോകണം എന്ന് പറയുന്നതിലാണ് പ്രശ്‌നമുള്ളത്. അങ്ങിനെ ആരെങ്കിലും പറയുന്ന ആഭാസങ്ങള്‍ കേട്ടിട്ട് ഓടി പോകാന്‍ പറ്റിലല്ലോ.” പൊലീസ് സ്ഥലത്ത് ഉണ്ടായിട്ടും അവരെ പിടിച്ച മാറ്റിയില്ലെന്നും പറഞ്ഞു. വടകരയില്‍ ഭിന്നശേഷി കുട്ടികളുടെ പരിപാടിയില്‍ പങ്കെടുത്ത മടങ്ങിയപ്പോഴാണ് പ്രതിഷേധം ഉണ്ടായത്.

Signature-ad

ഷാഫി പറമ്പിലിനെ വടകരയില്‍ എസ്എഫ്‌ഐ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ തടഞ്ഞതില്‍ പ്രതിരോധവുമായി യൂത്ത് കോണ്‍ഗ്രസും കോണ്‍ഗ്രസും രംഗത്ത് വന്നിരിക്കുകയാണ്. കോഴിക്കോടുള്ള മന്ത്രിമാര്‍ക്കും ഇതേ നാണയത്തിലുള്ള പ്രതിഷേധം കാണേണ്ടി വരുമെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ മുന്നറിയിപ്പ് നല്‍കി. പൊലീസ് ഏകപക്ഷീയമായി ഇടപെട്ടു എന്ന് ചൂണ്ടിക്കാട്ടി കെകെ രമ എംഎല്‍എയും വടകരയില്‍ പ്രതിഷേധവുമായി എത്തിയിരുന്നു. ഡിവൈഎഫ്‌ഐ യ്ക്ക് എതിരേ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസും രംഗത്ത് വന്നു.

രാഹുല്‍ മാങ്കൂട്ടത്തിലിനെ രാജിവെപ്പിക്കാന്‍ ഷാഫിയെ ആണോ തടയേണ്ടതെന്ന് കെ പി സി സി അധ്യക്ഷന്‍ സണ്ണി ജോസഫ് പ്രതികരിച്ചു.  നേരത്തേ ക്ലിഫ് ഹൗസിലേയ്ക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചിലും സംഘര്‍ഷമുണ്ടായി. പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ലാത്തി വീശി. ലാത്തി ചാര്‍ജില്‍ വനിതാ പ്രവര്‍ത്തകര്‍ക്കടകം പരുക്കേറ്റു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: