Breaking NewsIndiaLead NewsNEWS

10 വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊന്ന സംഭവത്തിൽ ഒരു സ്ത്രീയെന്ന നിലയിൽ എങ്ങനെയാണ് നോക്കിക്കാണുന്നത്?- മാധ്യമ പ്രവർത്തകർ!! ‘ഇപ്പോൾ ഭരണപരമായ കാര്യങ്ങളെക്കുറിച്ച് ചോദിക്കൂ, രാഷ്ട്രീയ കാര്യങ്ങളൊക്കെ പിന്നീട് സംസാരിക്കാം- ചിരിച്ച് ഒഴിഞ്ഞുമാറി ടിവികെ മന്ത്രി, വിവാദം

ചെന്നൈ: കോയമ്പത്തൂരിൽ പത്തുവയസുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊന്ന സംഭവവുമായി ബന്ധപ്പെട്ട ചോദ്യത്തിൽ നിന്ന് ചിരിച്ച് ഒഴിഞ്ഞുമാറി ടിവികെ മന്ത്രി എസ് കീർത്തന. രാഷ്ട്രീയപരമായ ചോദ്യങ്ങൾക്ക് പിന്നീട് ഉത്തരം നൽകാമെന്ന് പറഞ്ഞായിരുന്നു മന്ത്രിയുടെ ഒഴിഞ്ഞുമാറ്റം. കോയമ്പത്തൂരിലെ സംഭവം തമിഴ്‌നാടിനെ തന്നെ ഞെട്ടിക്കുന്നതായിരുന്നു, ഒരു സ്ത്രീയെന്ന നിലയിൽ എങ്ങനെയാണ് ഈ വിഷയം നോക്കിക്കാണുന്നത്, എന്തൊക്കെ നടപടികളാണ് സ്വീകരിക്കാൻ പോകുന്നത് എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്, ‘ഇപ്പോൾ ഭരണപരമായ കാര്യങ്ങളെക്കുറിച്ച് ചോദിക്കൂ, രാഷ്ട്രീയ കാര്യങ്ങളൊക്കെ പിന്നീട് സംസാരിക്കാം’ എന്നായിരുന്നു ചിരിച്ചുകൊണ്ടുളള മന്ത്രിയുടെ മറുപടി. എന്നാൽ മാധ്യമപ്രവർത്തകർ വീണ്ടും ആ ചോദ്യം ആവർത്തിച്ചപ്പോൾ ‘തലൈവർ എന്ത് തീരുമാനമെടുത്താലും അത് ശരിയായിരിക്കും’ എന്നായിരുന്നു മറുപടി.

അതേസമയം സംഭവത്തിൽ കീർത്തനയ്‌ക്കെതിരെ വ്യാപക വിമർശനമാണ് ഉയരുന്നത്. മന്ത്രിയുടേത് ഹൃദയശൂന്യമായ പെരുമാറ്റമാണ് എന്നും പത്തുവയസുകാരിയെ പീഡിപ്പിച്ച് കൊന്ന കേസിനെക്കുറിച്ചുളള ചോദ്യത്തിന്, ഭരണപരമായ ചോദ്യങ്ങൾക്കേ മറുപടി നൽകൂ എന്ന് പറഞ്ഞ് മന്ത്രി ചിരിക്കുകയാണെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി.

Signature-ad

മാത്രമല്ല ഡിഎംകെ സർക്കാർ ഭരിക്കുമ്പോൾ സ്ത്രീ സുരക്ഷയെക്കുറിച്ച് അതിവൈകാരികമായി കീർത്തന സംസാരിക്കുന്നതിന്റെ ദൃശ്യങ്ങളും ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പത്തുവയസുകാരിയുടെ കൊലപാതകത്തെക്കുറിച്ചുളള വിവരങ്ങൾ അറിയിക്കാനായി വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിന് എത്തിയ പോലീസുകാർ പൊട്ടിച്ചിരിക്കുന്നതിന്റെ വീഡിയോയും കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. പോലീസ് തന്നെ വിളിച്ച വാർത്താസമ്മേളന ദൃശ്യങ്ങളാണ് വിവാദമായത്. കോയമ്പത്തൂർ വെസ്റ്റ് ജോൺ ഐജി ആർ വി രമ്യ ഭാരതി, കോയമ്പത്തൂർ റേഞ്ച് ഡിഐജി പി സാമിനാഥൻ, എസ്പി അല്ലട്ടിപ്പളളി പവൻകുമാർ റെഡ്ഡി എന്നിവർ നടത്തിയ വാർത്താസമ്മേളനത്തിനിടെയായിരുന്നു സംഭവം.

മാധ്യമപ്രവർത്തകർ ചോദ്യങ്ങൾ ചോദിക്കുന്നതിന് തൊട്ടുമുൻപ് ഐജിയും ഡിഐജിയും എസ്പിയും പരസ്പരം സംസാരിച്ച് പൊട്ടിച്ചിരിക്കുന്നതാണ് ദൃശ്യങ്ങളിലുണ്ടായിരുന്നത്. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും വ്യാപക വിമർശനത്തിന് ഇടയാവുകയും ചെയ്തു. അതേസമയം മെയ് 21-നാണ് കോയമ്പത്തൂർ സുളൂരിൽ വീട്ടിൽ നിന്നു സാധനങ്ങൾ മേടിക്കാൻ കടയിലേക്കിറങ്ങിയ പത്തുവയസുകാരി ക്രൂര പീഡനത്തിന് ഇരയായി കൊല്ലപ്പെട്ടത്. കുട്ടിയുടെ മൃതദേഹം സുലൂരിൽ ഒരു കുളത്തിൽ നിന്ന് കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ അയൽവാസിയടക്കം രണ്ടുപേർ അറസ്റ്റിലായിരുന്നു. നാഗപട്ടണം സ്വദേശി കാർത്തിക്, സുഹൃത്ത് മോഹൻരാജ് എന്നിവരാണ് അറസ്റ്റിലായത്.

തുടർന്ന് പെൺകുട്ടിയുടെ മാതാപിതാക്കളും ബന്ധുക്കളും നീതി ആവശ്യപ്പെട്ട് സുലൂർ പോലീസ് സ്റ്റേഷന് പുറത്ത് പ്രകടനം നടത്തിയിരുന്നു. നീതി ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രിയിൽ നിന്ന് ഉറപ്പുലഭിക്കുന്നത് വരെ മൃതദേഹം ഏറ്റെടുക്കില്ലെന്ന് കുടുംബം നിലപാടെടുക്കുകയായിരുന്നു. തുടർന്ന് പ്രതികരണവുമായി വിജയ് രംഗത്തെത്തി. ഞെട്ടലും അത്യധികം വേദനയുണ്ടാക്കുന്ന സംഭവമാണ് ഉണ്ടായതെന്നും ഇത്തരം സംഭവങ്ങൾ ഒരിക്കലും വെച്ചുപൊറുപ്പിക്കില്ലെന്നും വിജയ് പറഞ്ഞു.

Back to top button
error: