അനധികൃത സ്വത്ത് സമ്പാദന കേസ്: എഡിജിപി എം.ആര്. അജിത് കുമാറിന് ആശ്വാസം; വിജിലന്‍സ് കോടതി നടപടികള്‍ ഹൈക്കോടതി റദ്ദാക്കി

തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദന കേസിൽ എക്സൈസ് കമ്മിഷണറും എഡിജിപിയുമായ എം.ആര്. അജിത്കുമാറിന് ആശ്വാസം. അന്വേഷണം വേണമെന്ന തിരുവനന്തപുരം വിജിലന്‍സ് കോടതി തുടര്‍നടപടിക്ക് ഉത്തരവിട്ടത് ഹൈക്കോടതി റദ്ദാക്കി. അന്വേഷണവുമായി ബന്ധപ്പെട്ട് വിജിലന്‍സിന്റെ ചില നടപടിക്രമങ്ങളുടെ കാര്യത്തിലുണ്ടായ വീഴ്ച ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതിയുടെ നടപടി. തുടര്‍നടപടിക്ക് ഉത്തരവിട്ടത് സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി തേടിയ ശേഷമാണോ എന്ന് ജസ്റ്റിസ് എ. ബദറുദ്ദീന്‍ കഴിഞ്ഞദിവസം ചോദിച്ചിരുന്നു.
അനധികൃത സ്വത്തുസമ്പാദനക്കേസില്‍ ക്ലീന്‍ ചിറ്റ് നല്കിയ റിപ്പോര്‍ട്ട് തള്ളി തിരുവനന്തപുരം വിജിലന്‍സ് കോടതി തുടര്‍നടപടിക്ക് ഉത്തരവിട്ടത് റദ്ദാക്കണമെന്നാവശ്യപ്പെടുന്ന എം.ആര്. അജിത്കുമാറിന്റെ ഹര്‍ജിയാണ് കോടതി പരിഗണിച്ചത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരായ അഴിമതിയാരോപണ പരാതിയില്‍ തുടര്‍നടപടി സ്വീകരിക്കുന്നതിനുമുന്പ് സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതിതേടണമെന്ന് അഴിമതിനിരോധന നിയമത്തില്‍ വ്യക്തമാക്കുന്നുണ്ടെന്ന് കോടതി കഴിഞ്ഞദിവസം പറഞ്ഞിരുന്നു. വിജിലന്‍സ് കോടതി പരാതിക്കാരനോട് സര്‍ക്കാര്‍ അനുമതി തേടാനായിരുന്നു ഉത്തരവിടേണ്ടതെന്നും ചൂണ്ടിക്കാട്ടി.
നെയ്യാറ്റിന്‍കര പി. നാഗരാജിന്റെ പരാതിയില്‍ വിജിലന്‍സ് കോടതി തുടര്‍നടപടിക്ക് ഉത്തരവിട്ടത് തെറ്റാണെന്ന് ഹര്‍ജിക്കാരനുവേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന് ബി. രാമന്‍പിള്ള വാദിച്ചിരുന്നു. പി.വി. അന്‍വര്‍ എംഎല്‍എ നല്കിയ പരാതിയില്‍ വിജിലന്‍സ് പ്രാഥമികാന്വേഷണം നടത്തിയിരുന്നു. ഇതില്‍ ആരോപണത്തില്‍ കഴമ്പില്ലെന്നാണ് കണ്ടെത്തിയതെന്നും വിശദീകരിച്ചു. kerala-hc-quashes-vigilance-probe-against-excise-commissioner-mr-ajithkumar






