
പാലക്കാട് എം.എൽ.എയും യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനുമായ രാഹുൽ മാങ്കൂട്ടത്തലിൻ്റെ ലൈംഗിക വിളയാട്ടങ്ങൾക്കു തിരിച്ചടി. സമൂഹമാധ്യമങ്ങളിലെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിൽ രാഹുലിനെ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനത്തു നിന്നു നീക്കും. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫും ഇതു സംബന്ധിച്ച് ധാരണയിലെത്തി. ഇതിൽ അന്തിമ തീരുമാനം യൂത്ത് കോൺഗ്രസ് ദേശീയ നേതൃത്വമാണ് സ്വീകരിക്കേണ്ടത്.
യുവ നടിയും അവതാരകയുമായ റിനി ആൻ ജോർജിൻ്റെ വെളിപ്പെടുത്തലുകൾ ആരെയും ഞെട്ടിക്കുന്നതാണ്. ആരോപണം നേരിടുന്ന വ്യക്തിയുടെ ഭാഗത്തു നിന്ന് വൻ തോതിൽ സൈബർ ആക്രമണം നേരിടുന്നു എന്നും അതു കാരണം താൻ പിന്മാറില്ലെന്നും റിനി പറയുന്നു.
“പല പെൺകുട്ടികളും വിളിച്ച് ഇതേ പ്രശ്നങ്ങൾ പറയുന്നു. ഇയാൾ വലിയ ക്രിമിനലാണെന്നും ഇയാളെ ഒന്നും ചെയ്യാൻ പറ്റില്ലെന്നും പലരും പറയുന്നു. തെളിവുകളുണ്ടെന്ന് തന്നോട് സംസാരിച്ച പല പെൺകുട്ടികളും പറഞ്ഞു. പല പെൺകുട്ടികളെയും ഇയാൾ ഉപയോഗിച്ചിട്ടുണ്ട്. ” റിനി ആൻ ജോർജ് വെളിപ്പെടുത്തി.
രാഹുലിൽ മോശം സ്വഭാവക്കാരനാണെന്നും ഇയാളുടെ അതിക്രമങ്ങൾക്ക് ഇരയായ നിരവധി സ്ത്രീകളെക്കുറിച്ച് തനിക്ക് അറിയാമെന്നും കോൺഗ്രസ് പ്രവർത്തകർക്കും ദുരനുഭവമുണ്ടായിട്ടുണ്ടെന്നും വരും ദിവസങ്ങളിൽ കൂടുതൽ പേർ പരാതികളുമായെത്തുമെന്നും എഴുത്തുകാരി ഹണി ഭാസ്കരൻ പറഞ്ഞു.
സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷിക്ക് രാഹുലിൻ്റെ വിളയാട്ടത്തിനെതിരെ പാർട്ടിയിലെ വനിതാ നേതാക്കൾ പരാതി നൽകി. ഇത് അന്വേഷിക്കാൻ സംസ്ഥാന കോൺഗ്രസ് നേതൃത്വത്തോട് ദീപാദാസ് മുൻഷി ആവശ്യപ്പെട്ടു. ഇതിനെ തുടർന്നാണ് രാഹുലിനെതിരെ സംഘടന നടപടി ആലോചിക്കുന്നത്.
തിരഞ്ഞെടുപ്പ് അടുത്ത ഘട്ടത്തിൽ രാഹുലിനെ സംരക്ഷിക്കുന്നത് പാർട്ടിക്ക് ചീത്തപേരുണ്ടാക്കും എന്നാണ് നേതാക്കളുടെ വിലയിരുത്തൽ. അതേ സമയം, രാഹുൽ മാങ്കൂട്ടത്തിൽ നിയമസഭാംഗമായി തുടരുമെന്നാണ് വിവരം.
ഇതിനിടെ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ രാജി ആവശ്യപ്പെട്ട് ബിജെപി സമരത്തിൽ. രാത്രി പാലക്കാട്ടെ എംഎൽഎ ഓഫീസിലേക്ക് ബിജെപി നടത്തിയ മാര്‍ച്ച് സംഘര്‍ഷത്തിൽ കലാശിച്ചു.






