മഞ്ഞുരുകുന്നു! ഇന്ത്യ-ചൈന ബന്ധം ഊഷ്മളമാകുന്നു; യഥാര്‍ഥ നിയന്ത്രണ രേഖയില്‍ കഴിഞ്ഞ ഒന്‍പത് മാസമായി സമാധാനവും ശാന്തതയും നിലനില്‍ക്കുന്നതിനാല്‍ ബന്ധത്തില്‍ പുരോഗതി ദൃശ്യമാണെന്ന് ഇന്ത്യ

ന്യൂഡല്‍ഹി: ഇന്ത്യ-ചൈന ബന്ധം ഊഷ്മളമാകുന്നു. ഡല്‍ഹിയില്‍ ഉഭയകക്ഷി ചര്‍ച്ച തുടങ്ങി. ഇരുരാജ്യവും തമ്മിലുള്ള യഥാര്‍ഥ നിയന്ത്രണ രേഖയില്‍ കഴിഞ്ഞ ഒന്‍പത് മാസമായി സമാധാനവും ശാന്തതയും നിലനില്‍ക്കുന്നതിനാല്‍ ഇന്ത്യ-ചൈന ബന്ധത്തില്‍ പുരോഗതി ദൃശ്യമാണെന്ന് ചര്‍ച്ചയില്‍ ഇന്ത്യ പറഞ്ഞു.
2020 ല്‍ ഗാല്‍വന്‍ താഴ്‌വരയിലുണ്ടായ സംഘര്‍ഷത്തിന് ശേഷം ഇരുരാജ്യവും തമ്മിലുള്ള ബന്ധം സാധാരണഗതിയിലാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ചര്‍ച്ച. ലോകക്രമത്തില്‍ പുതുതായി രൂപപ്പെടുന്ന ഇന്ത്യ-റഷ്യ-ചൈന അടുപ്പത്തിന്റെ പ്രതിഫലനവും ഈ നീക്കങ്ങളിലുണ്ട്. ചൊവ്വാഴ്ച ചൈനീസ് വിദേശകാര്യമന്ത്രി വാങ് യിയുമായി നടത്തിയ ചര്‍ച്ചയില്‍ ഇന്ത്യയെ പ്രതിനിധാനം ചെയ്ത് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലാണ് ഇങ്ങനെ അഭിപ്രായപ്പെട്ടത്.
ഷാങ്ഹായ് കോ-ഓപ്പറേഷന്‍ ഓര്‍ഗനൈസേഷന്‍ (എ.സ്.സി.ഒ) വാര്‍ഷിക ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഈ മാസം ഒടുവില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി നടത്തുന്ന ചൈനാ സന്ദര്‍ശനത്തിന് മുന്നോടിയായാണ് ഡോവല്‍-വാങ് യി ചര്‍ച്ച നടത്തിയത്. അതിര്‍ത്തികള്‍ ശാന്തമാണ്. സമാധാനം നിലനില്‍ക്കുന്നു. ഉഭയകക്ഷി ബന്ധങ്ങളില്‍ പുരോഗതിയുണ്ട്. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന്റെ പശ്ചാത്തലത്തില്‍ പ്രത്യേക പ്രതിനിധികള്‍ തമ്മിലുള്ള ചര്‍ച്ചയ്ക്ക് അതീവ പ്രാധാന്യമുണ്ട്. റഷ്യയിലെ കസാനില്‍ കഴിഞ്ഞ ഒക്ടോബറില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങ്ങും തമ്മില്‍ നടന്ന ചര്‍ച്ച ഇരു രാജ്യത്തിനും പ്രയോജനകരമായെന്നും ഡോവല്‍ പറഞ്ഞു.
ഇരുരാജ്യവും തന്ത്രപ്രധാനമായ ആശയവിനിമയംവഴി പരസ്പരവിശ്വാസം കൂട്ടണമെന്നും അതിര്‍ത്തിപ്രശ്നം പരിഹരിക്കണമെന്നും ചൈനീസ് വിദേശകാര്യമന്ത്രി വാങ് യി പറഞ്ഞു. മാത്രമല്ല മോദിയുടെ സന്ദര്‍ശനത്തിന് ചൈന വലിയ പ്രാധാന്യം കല്‍പിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.






