നിയന്ത്രണമോ നിരോധനമോ? പണംവച്ചുള്ള ഗെയിമുകള്‍ക്ക് പണിവരുന്നു; ബില്‍ അവതരിപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍; ഡ്രീം 11, എംപിഎല്‍ എന്നിവയ്ക്കു കുരുക്കാകും; കുട്ടികളിലടക്കം അടിമത്തം വര്‍ധിച്ചെന്നു കണ്ടെത്തല്‍; ശതകോടികളുടെ നിക്ഷേപത്തിനും തിരിച്ചടിയാകും

ന്യൂഡല്‍ഹി: കുട്ടികളിലടക്കം അടിമത്തമുണ്ടാക്കുന്ന ഓണ്‍ലൈന്‍ ഗെയിമിംഗ് മേഖലയെ നിയന്ത്രിക്കാനും ഓണ്‍ലൈന്‍ വാതുവയ്പു നിയന്ത്രിക്കാനും ലക്ഷ്യമിട്ട് പുതിയ ബില്ലുമായി കേന്ദ്രസര്‍ക്കാര്‍. പണം വച്ചു കളിക്കുന്ന ഗെയിമുകളെയും നിരോധിക്കുമെന്നാണു വിവരം. വിദേശത്തുനിന്നുള്ള ശതകോടികളുടെ നിക്ഷേപമെത്തുന്ന മേഖലയ്ക്ക് ഇതു വന്‍ തിരിച്ചടിയാകുമെന്നാണു കരുതുന്നത്.
ഓണ്‍ലൈന്‍ ഗെയിമിംഗിന്റെ നിയന്ത്രണവും പ്രമോഷനും സംബന്ധിച്ച നിര്‍ദ്ദിഷ്ട നിയമപ്രകാരം, റിയല്‍-മണി ഓണ്‍ലൈന്‍ ഗെയിമുകള്‍ പ്രോസസ്സ് ചെയ്യുന്നതിനോ ഫണ്ട് കൈമാറുന്നതിനോ ബാങ്കുകളെയും ധനകാര്യ സ്ഥാപനങ്ങളെയും അനുവദിക്കില്ല.
റിയല്‍ മണി ഗെയിമിംഗിനെ പ്രോത്സാഹിപ്പിക്കുന്ന പരസ്യങ്ങള്‍ പൂര്‍ണമായും നിരോധിക്കുക, ഇ-സ്‌പോര്‍ട്‌സ്, നോണ്‍-മോണിറ്ററി സ്‌കില്‍ അധിഷ്ഠിത ഗെയിമുകള്‍ എന്നിവയുടെ പ്രോത്സാഹനം, രജിസ്റ്റര്‍ ചെയ്യാത്തതോ നിയമവിരുദ്ധമോ ആയ ഗെയിമിംഗ് പ്ലാറ്റ്ഫോമുകള്‍ക്കെതിരെ കര്‍ശന നടപടി എന്നിവയും ബില്‍ നിര്‍ദ്ദേശിക്കുന്നു. നിയമനിര്‍മ്മാണം ബുധനാഴ്ച ലോക്സഭയില്‍ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
2023 ഒക്ടോബറില്‍ സര്‍ക്കാര്‍ ഓണ്‍ലൈന്‍ ഗെയിമുകളില്‍ 28% ജിഎസ്ടി ഏര്‍പ്പെടുത്തിയതുമുതല്‍ ഓണ്‍ലൈന്‍ ഗെയിമിംഗ് സൂക്ഷ്മപരിശോധനയ്ക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണ്. ഓണ്‍ലൈന്‍ ഗെയിമുകളില്‍ നിന്നുള്ള വിജയങ്ങള്‍ക്ക് 30% നികുതി ചുമത്തുന്നതിനൊപ്പം ഇന്ത്യക്കു പുറത്തുനിന്നുള്ള കമ്പനികളെയും ഈ പരിധിയില്‍ കൊണ്ടുവന്നിട്ടുണ്ട്.
2023ല്‍ ഭാരതീയ ന്യായ സംഹിത അനുസരിച്ച് അനധികൃത ഓണ്‍ലൈന്‍ വാതുവയ്പ് ഏഴുവര്‍ഷംവരെ തടവും പിഴയും ലഭിക്കുന്ന കുറ്റമാക്കിയിരുന്നു. വാതുവയ്പും ചൂതാട്ടവും ഭരണഘടനയുടെ സംസ്ഥാന പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കിലും 2022നും 2025നും ഇടയില്‍ 1400 വെബ്‌സൈറ്റുകളാണ് നിരോധിച്ചത്. ഓണ്‍ലൈന്‍ ഗെയിമുകളില്‍ ഉള്‍പ്പെട്ടിരിക്കുന്ന സാമ്പത്തിക അപകടസാധ്യതകളെക്കുറിച്ചു മുന്നറിയിപ്പ് നല്‍കണമെന്നും നിര്‍ദേശം നല്‍കിയിരുന്നു.
2029ല്‍ 3.6 ബില്യണ്‍ ഡോളറിന്റെ നിക്ഷേപം ഇന്ത്യ പ്രതീക്ഷിക്കുമ്പോഴാണ് സര്‍ക്കാരിന്റെ അപ്രതീക്ഷിത നീക്കമെന്നതും ശ്രദ്ധേയമാണ്. നിലവില്‍ ഡ്രീം 11, മൊബൈല്‍ പ്രീമിയര്‍ ലീഗ് എന്നിവയ്ക്കായി കമ്പനികള്‍ വന്‍ നിക്ഷേപങ്ങളാണ് നടത്തിയിട്ടുള്ളത്. മുന്‍നിര ക്രിക്കറ്റ് താരങ്ങളെ അണിനിരത്തിയാണ് ഇവയ്ക്കുള്ള പരസ്യങ്ങള്‍ ഒരുക്കിയിട്ടുള്ളത്. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ സ്‌പോണ്‍സറും ഡ്രീം11 ആണ്.
ഡ്രീം 11 ന്റെ കണക്കനുസരിച്ച് 8 ബില്യണ്‍ ഡോളറിന്റെ വിപണിയാണ് ഇന്ത്യയിലുള്ളത്. മൊബൈല്‍ പ്രീമിയര്‍ ലീഗിന് 2.5 ബില്യണ്‍ ഡോളറിന്റെ വിപണി മൂല്യവുമുണ്ട്. ഡ്രീം 11 നിലവില്‍ 12 ദശലക്ഷം രൂപയുടെ സമ്മാനങ്ങളാണ് നല്‍കുന്നത്. ഐപിഎല്‍ സീസണുകളില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ കളിക്കുന്ന ഗെയിമും ഇതാണ്. india-plans-ban-online-games-played-with-money-citing-addiction-risks






