Breaking NewsLead NewsNEWSPravasi

സ്‌കൂള്‍ തുറക്കാന്‍ സമയമായി: യുഎഇയിലെ സ്‌കൂളുകള്‍ തുറക്കാനിരിക്കെ മാര്‍ഗ നിര്‍ദേശങ്ങളുമായി പൊലീസ്

ദുബായ്: യുഎഇയിലെ സ്‌കൂളുകള്‍ തുറക്കാനിരിക്കെ മാര്‍ഗ നിര്‍ദേശങ്ങളുമായി പൊലീസ്. സ്‌കൂളുകള്‍ തുറക്കുന്ന സമയത് റോഡില്‍ വാഹനങ്ങളുടെ എണ്ണം വര്‍ധിക്കും. അപകടങ്ങള്‍ ഉണ്ടാകാനും സാധ്യത കൂടുതലാണ്. ഇത് ഒഴിവാക്കാനായി ജനങ്ങള്‍ മുന്‍ കരുതലുകള്‍ സ്വീകരിക്കണമെന്നും പൊലീസ് അഭ്യര്‍ത്ഥിച്ചു.

സ്‌കൂള്‍ പരിസരങ്ങളിലൂടെ വാഹനമോടിക്കുമ്പോള്‍ വേഗത കുറയ്ക്കണം. സീബ്രാ ക്രോസില്‍ കാല്‍ നട യാത്രക്കാര്‍ക്ക് മുന്‍ഗണന നല്‍കണം. സ്‌കൂള്‍ ബസിന് അനുവദിച്ച സ്ഥലങ്ങളില്‍ നിര്‍ത്തിയ ശേഷമേ വിദ്യാര്‍ഥികളെ കയറ്റാനും ഇറക്കാനും പാടുള്ളൂ എന്നും നിര്‍ദേശത്തില്‍ പറയുന്നു.

Signature-ad

സ്‌കൂള്‍ ബസ് കുട്ടികളെ കയറ്റാനും ഇറക്കാനുമായി നിര്‍ത്തിയിടുമ്പോള്‍ ഡ്രൈവര്‍ സ്റ്റോപ്പ് അടയാളം പ്രദര്‍ശിപ്പിക്കണം. ഈ സമയത്ത് മറ്റു വാഹനങ്ങള്‍ 5 മീറ്റര്‍ അകലത്തില്‍ നിര്‍ത്തിയിടണം. ഈ നിയമം പാലിക്കാതെ ബസിനെ മറികടക്കുന്ന വാഹന ഡ്രൈവര്‍മാര്‍ക്ക് 1000 ദിര്‍ഹം പിഴയും 10 ബ്ലാക്ക് പോയിന്റുമാണ് ശിക്ഷ.

വിദ്യാര്‍ഥികളുടെ സുരക്ഷ ഉറപ്പാക്കാനായി രക്ഷിതാക്കള്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തണം. കുട്ടികളെ നിശ്ചിത ബസ് സ്റ്റോപ്പില്‍ സമയത്തിനുള്ളില്‍ എത്തിക്കണം. അവരെ സ്‌കൂളിലേക്ക് അയക്കാത്ത ദിവസം ആ വിവരം മുന്‍ കൂട്ടി ബസ് ഡ്രൈവറെയും അറ്റന്‍ഡറെയും അറിയിക്കണം.

സ്‌കൂളുകള്‍ നിശ്ചയിച്ച ബസുകളില്‍ മാത്രമേ കുട്ടികളെ കയറ്റാന്‍ പാടുള്ളൂ. വരിയായി നിന്ന് വേണം ബസിലേക്ക് കയറാന്‍. ബസ് ഡ്രൈവറുടെയോ അറ്റന്‍ഡറുടെയോ അനുമതിയില്ലാതെ വാഹനത്തില്‍ നിന്ന് ഇറങ്ങരുത് എന്നും അവര്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും പൊലീസ് പുറത്തിറക്കിയ നിര്‍ദേശത്തില്‍ പറയുന്നു.

ഡ്രൈവര്‍മാര്‍ ഡ്യൂട്ടി സമയത്ത് നിര്‍ബന്ധമായും യൂണിഫോം ധരിക്കണം. ഇംഗ്ലിഷ്, അറബിക് ഭാഷയിലാകണം ആശയവിനിമയം നടത്തേണ്ടത്. വാഹനത്തിന്റെ വേഗപരിധി മണിക്കൂറില്‍ 80 കിലോമീറ്ററില്‍ കവിയരുത്.

ശീതികരിച്ചതും ജി പി എസ് സംവിധാനവും സിസിടിവി ക്യാമറയും ഉള്ള ബസ് ആയിരിക്കണം കുട്ടികളുടെ യാത്രക്കായി സ്‌കൂള്‍ അധികൃതര്‍ ഒരുക്കേണ്ടത്.

ബസിനകത്ത് എമര്‍ജന്‍സി എക്‌സിറ്റ്, 10 മീറ്റര്‍ ഇടവിട്ട് അഗ്‌നിശമന സംവിധാനം, ഫസ്റ്റ് എയ്ഡ് ബോക്‌സ് തുടങ്ങിയവ ഉണ്ടായിരിക്കണം. സ്‌കൂള്‍ ബസ് എന്ന് ഇംഗ്ലിഷ്, അറബിക് ഭാഷയില്‍ എഴുതിയിരിക്കണമെന്നും ബസില്‍ കുട്ടികളെ നിരീക്ഷിക്കുന്നതിന് ജീവനക്കാരെ ചുമതലപ്പെടുത്തണമെന്നും പൊലീസ് പുറത്തിറക്കിയ നിര്‍ദേശത്തില്‍ പറയുന്നു.

Back to top button
error: