കുവൈറ്റ് വ്യാജമദ്യ ദുരന്തം: കടുത്ത നടപടിയുമായി അധികൃതര്‍; സ്ത്രീകള്‍ ഉള്‍പ്പെടെ ഇന്ത്യാക്കാര്‍ അടക്കം 67 പേര്‍ പിടിയില്‍

കുവൈറ്റ് സിറ്റി: കുവൈറ്റ് വ്യാജമദ്യ ദുരന്തവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ 67 പേര്‍ പിടിയില്‍. ഇന്ത്യ, ബംഗ്ലദേശ്, നേപ്പാള്‍ എന്നിവടങ്ങളില്‍ നിന്നുള്ള സ്ത്രീകള്‍ ഉള്‍പ്പെടെ ഉള്ളവരാണ് അറസ്റ്റിലായത്. പത്ത് വ്യാജ മദ്യനിര്‍മാണ കേന്ദ്രങ്ങളും കണ്ടെത്തി. ഇവ അടച്ചുപൂട്ടിയതായി അധികൃതര്‍ അറിയിച്ചു.
ജനറല്‍ ഡിപ്പാര്‍ട്മെന്റ് ഓഫ് ക്രിമിനല്‍ ഇന്‍വസ്റ്റിഗേഷന്‍, ജനറല്‍ ഡിപ്പാര്‍ട്മെന്റ് ഓഫ് ഡ്രഗ് കണ്‍ട്രോള്‍, ജനറല്‍ ഡിപ്പാര്‍ട്മെന്റ് ഓഫ് ഫൊറന്‍സിക് എവിഡന്‍സ്, ആരോഗ്യമന്ത്രാലയം എന്നിവ സംയുക്തമായാണ് പരിശോധനയ്ക്ക് നേതൃത്വം നല്‍കിയത്.
വ്യാജമദ്യ ദുരന്തത്തില്‍ കണ്ണൂര്‍ ഇരിണാവിലെ പൊങ്കാരന്‍ സച്ചിന്‍ (31) ഉള്‍പ്പെടെ 13 പേര്‍ മരിച്ചിരുന്നു. മറ്റ് 5 മലയാളികള്‍ ഉള്‍പ്പെടെ 10 ഇന്ത്യക്കാര്‍ മരിച്ചതായി സൂചനയുണ്ടെങ്കിലും കുവൈറ്റ് അധികൃതരോ ഇന്ത്യന്‍ എംബസിയോ ഇവരുടെ പേരുവിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല. 63 പേര്‍ ചികിത്സ തേടിയതായി ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ഇവരില്‍ 21 പേര്‍ക്ക് കാഴ്ച നഷ്ടപ്പെട്ടു. ചികിത്സയില്‍ കഴിയുന്നവരില്‍ ചിലരുടെ നില അതീവ ഗുരുതരമാണ്. ജിലീബ് അല്‍ ഷുയൂഖ് ബ്ലോക്ക് നാലില്‍ നിന്ന് വാങ്ങിയ മദ്യം കഴിച്ച അഹ്മദിയ, ഫര്‍വാനിയ ഗവര്‍ണറേറ്റുകളിലുള്ളവരാണ് ദുരന്തത്തിനിരയായത്.






