‘അമിതമായ സമ്പത്ത് ആളുകളെ സമൂഹത്തില്‍ നിന്ന് അകറ്റും’; 1.6 ബില്യണ്‍ ഡോളര്‍ സംഭാവന നല്കി ആപ്പ്നെക്സസിന്റെ സഹസ്ഥാപകന്‍ ബ്രയാന്‍ ഒ കെല്ലി

ന്യയോര്‍ക്ക്: വരുമാനത്തിന്റെ ഭൂരിഭാഗവും സംഭാവനയായി നല്‍കിയെന്ന് ബ്രയാന്‍ ഒ കെല്ലി. എടി ആന്‍ഡ് ടി എന്ന സ്വന്തം കമ്പനി 2018 ല്‍ വിറ്റപ്പോള്‍ ലഭിച്ച 1.6 ബില്യണ്‍ ഡോളര്‍ (14,000 കോടിയിലധികം രൂപ)ആണ് സംഭാവനയായി നല്‍കിയത്. പരസ്യ-സാങ്കേതിക വിദ്യാ കമ്പനിയായ ആപ്പ്നെക്സസിന്റെ സഹസ്ഥാപകനും മുന്‍ സിഇഒയുമാണ് ബ്രയാന്‍.
ഫോര്‍ച്യൂണ്‍ മാഗസീനിന് നല്കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം തുറന്ന് പറഞ്ഞത്. ആപ്പ്നെക്സസില്‍ 10% ഓഹരിയുണ്ടായിരുന്നിട്ടും, ഒ’കെല്ലി തനിക്കും കുടുംബത്തിനും വേണ്ടി 100 മില്യണ്‍ ഡോളറില്‍ താഴെ മാത്രം നിലനിര്‍ത്തുകയും, ബാക്കി തുക അവര്‍ക്ക് താല്പര്യമുള്ള കാര്യങ്ങള്‍ക്കായി സംഭാവന ചെയ്യുകയുമായിരുന്നു.
എത്ര പണമാണ് യഥാര്‍ത്ഥത്തില്‍ വേണ്ടത് എന്നതിനെക്കുറിച്ച് ഭാര്യയുമായി നടത്തിയ ആഴത്തിലുള്ള ചര്‍ച്ചയ്ക്ക് ശേഷമാണ് ഈ തീരുമാനമെടുത്തത്. സുഖമായി ജീവിക്കാന്‍ ആവശ്യമായ ഒരു തുക കണക്കാക്കി ബാക്കിയുള്ള സമ്പാദ്യം സംഭാവന ചെയ്തുവെന്ന് കെല്ലി പറയുന്നു. തന്റെ തീരുമാനം ഔദാര്യം മാത്രമല്ല, സാധാരണ ജീവിതശൈലി നിലനിര്‍ത്തുന്നതിനും ദൈനംദിന യാഥാര്‍ത്ഥ്യങ്ങളുമായി ബന്ധം പുലര്‍ത്തുന്നതിനും കൂടിയാണെന്ന് അദ്ദേഹം വിശദീകരിച്ചു.
അമിതമായ സമ്പത്ത് ആളുകളെ സമൂഹത്തില്‍ നിന്ന് അകറ്റുമെന്നും നിരുത്തരവാദപരമായ ചെലവുകളിലേക്ക് നയിക്കുമെന്നും ഒ’കെല്ലി വിശ്വസിക്കുന്നു. ശതകോടീശ്വരന്മാരുടെ ജീവിതശൈലി, സ്വകാര്യ ദ്വീപുകള്‍, ആഡംബര നൗകകള്‍, മറ്റ് അമിതമായ ആഡംബരങ്ങള്‍ എന്നിവയെല്ലാം അനാവശ്യവും ‘അരോചകവുമാണ്’ എന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.






