ആണവായുധമോ സമാധാനമോ? അയൊത്തൊള്ള ഖമേനി കടുത്ത നയതന്ത്ര പ്രതിസന്ധിയില്‍; രാജ്യത്തെ വരിഞ്ഞു മുറുക്കി സാമ്പത്തിക നിയന്ത്രണങ്ങള്‍; ജലക്ഷാമം രൂക്ഷം; പവര്‍കട്ടില്‍ വ്യവസായങ്ങള്‍ പൂട്ടിക്കെട്ടുന്നു; വാവിട്ട വാക്കിലൂടെ യുദ്ധത്തിലേക്ക് നയിക്കരുതെന്ന് റവല്യൂഷനറി ഗാര്‍ഡിന്റെ പരസ്യ മുന്നറിയിപ്പ്; ഇറാനില്‍ സംഭവിക്കുന്നത്
87 ദശലക്ഷം ജനങ്ങള്‍ ഇപ്പോള്‍ പ്രതിദിനമെന്നോണം കറന്റ് കട്ടിന്റെ ബുദ്ധിമുട്ട് അനുഭവിക്കുന്നു. നിരവധി വ്യവസായങ്ങള്‍ക്ക് ഇതു തിരിച്ചടിയായിട്ടുണ്ട്. ഷിയ ഭരണകൂടത്തിന്റെ മതഭരണത്തെ എതിര്‍ത്തിരുന്നവര്‍പോലും യുദ്ധമുണ്ടായപ്പോള്‍ സര്‍ക്കാരിനു പിന്തുണയുമായി രംഗത്തെത്തിയിരുന്നു. ഇവരെല്ലാം നിലവില്‍ വരുമാന നഷ്ടവും അടിച്ചമര്‍ത്തലും നേരിടുകയാണ്.

ദുബായ്: ഇസ്രായേലുമായുള്ള യുദ്ധത്തിലുണ്ടായ തിരിച്ചടിക്കു പിന്നാലെ ഇറാനിലെ പരമോന്നത നേതാവ് അയൊത്തൊള്ള ഖമേനി കടുത്ത നയതന്ത്ര പ്രതിസന്ധിയിലെന്നു റിപ്പോര്‍ട്ട്. ആണവായുധങ്ങള്‍ നിര്‍മിക്കാനുള്ള നീക്കത്തിന്റെ പേരിലാണ് യുദ്ധത്തിലേക്കു രാജ്യം കടന്നത്. അമേരിക്കയുടെ ആക്രമണത്തില്‍ ആണവ സമ്പുഷ്ടീകരണം കടുത്ത പ്രതിസന്ധിയിലുമായി. ആണവസമ്പുഷ്ടീകരണം തുടര്‍ന്നാല്‍ വീണ്ടുമൊരു ഇസ്രായേല്‍-അമേരിക്ക ആക്രമണമുണ്ടാകാം. അതില്‍നിന്നു പിന്നാക്കം പോയാല്‍ രാജ്യത്തെ കടുത്ത പ്രതിഷേധവും നേരിടേണ്ടിവരും.
സാമ്പത്തികമായും കടുത്ത പ്രതിസന്ധി നേരിടുന്ന രാജ്യത്തിനു മുന്നില്‍ നിലവില്‍ താത്കാലിക മുറിവുണക്കല്‍ മാത്രമാണു മാര്‍ഗമെന്നും ദീര്‍ഘകാല പോളിസികളുടെ പേരില്‍ കുഴപ്പത്തിലേക്കു പോകേണ്ടെന്നാണു ഖമേനിയുടെ തീരുമാനമെന്നു മൂന്ന് ഇറാനിയന്‍ സോഴ്സുകളെ ഉദ്ധരിച്ചു റോയിട്ടേഴസ് റിപ്പോര്‍ട്ട് ചെയ്തു.
12 ദിവസത്തെ യുദ്ധത്തിനുശേഷം നിലവില്‍വന്ന വെടിനിര്‍ത്തല്‍ ദുര്‍ബലമാണെന്നാണ് ഇവരുടെ വിലയിരുത്തല്‍. ഇതിനുശേഷം ഇസ്രയേല്‍ ചാരന്മാരെന്നു കാട്ടി നിരവധിപ്പേരെ അറസ്റ്റ് ചെയ്യുകയും തൂക്കിലേറ്റുകയും ചെയ്തിട്ടുണ്ട്. യുദ്ധത്തില്‍ ഇരുഭാഗവും വിജയം അവകാശപ്പെടുകയും ചെയ്യുന്നു. ഇസ്രയേലിനും അമേരിക്കയ്ക്കും എതിരേ നിരന്തരം ഭീഷണി മുഴക്കുന്നുണ്ടെങ്കിലും അത്രത്തോളം സുഗമമല്ല ഇറാനില്‍ ഉരുത്തിരിയുന്ന ആഭ്യന്തര പ്രതിസന്ധിയെന്നും സോഴ്സുകള്‍ പറയുന്നു.
ആണവായുധമെന്ന വര്‍ഷങ്ങളുടെ സ്വപ്നം മാറ്റിവയ്ക്കുകയല്ലാതെ ഇനിയൊരു യുദ്ധം ഒഴിവാക്കാന്‍ കഴിയില്ലെന്നും യുഎസുമായി ചര്‍ച്ചയാകാമെന്ന നിലപാടിലേക്ക് ഇറാന് എത്തുന്നെന്നുമാണ് ഇവര്‍ പറയുന്നത്. യുഎസുമായി ആറാം റൗണ്ട് ചര്‍ച്ചയ്ക്കു തൊട്ടുമുമ്പാണ് ഇറാന്റെ ന്യൂക്ലിയര്‍ കേന്ദ്രങ്ങള്‍ ആക്രമിച്ചതും മുതിര്‍ന്ന സൈനിക വിഭാഗങ്ങളെ കൊലപ്പെടുത്തുകയും ചെയ്തത്. സൈനിക ഏറ്റുമുട്ടലിന്റെ ‘വില’യെത്രയെന്നു ബോധ്യപ്പെട്ടവരാണ് ഇപ്പോള്‍ ചര്‍ച്ചയ്ക്കു സമ്മര്‍ദം ചെലുത്തുന്നതെന്നാണു സോഴ്സുകളെ ഉദ്ധരിച്ചു റോയിട്ടേഴ്സ് ചൂണ്ടിക്കാട്ടുന്നത്.
ഇറാന് പ്രസിഡന്റ് മസൂദ് പെസഷ്കിയാന് കഴിഞ്ഞ ദിവസം നടത്തിയ പ്രസ്താവനയക്കെതിരേ റവല്യൂഷനറി ഗാര്‍ഡിന്റെ മേധാവി കടുത്ത ഭാഷയിലാണു രംഗത്തുവന്നത്. അമേരിക്കയുമായുള്ള ചര്‍ച്ചകള്‍ നടത്തുന്നു എന്നതുകൊണ്ട് ഞങ്ങള്‍ കീഴടങ്ങിയെന്ന് ആരും കരുതരുതെന്നുമായിരുന്നു മസൂദിന്റെ വാക്കുകള്‍. എന്നാല്‍, ഉത്തരവാദിത്വമില്ലാതെ സംസാരിക്കരുതെന്നും അതു ഗുരുതരമായ പ്രത്യാഘാതത്തിലേക്കു നയിക്കുമെന്നുമായിരുന്നു റെവല്യൂഷനറി ഗാര്‍ഡ് കമാന്‍ഡര്‍ അസീസ് ഗസന്‍ഫാരി പ്രതികരിച്ചത്. ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കേണ്ട ഖമേനിയും ഇറാന്റെ നിലനില്‍പ്പിന് ആണവ ചര്‍ച്ചകള്‍ മുന്നോട്ടു കൊണ്ടുപോകാതെ തരമില്ലെന്ന നിലപാടിലേക്ക് എത്തിയെന്നുമാണ് സോഴ്സുകള്‍ പറയുന്നത്.
ആണവ സമ്പുഷ്ടീകരണം ആരംഭിച്ചാല്‍ വീണ്ടുമൊരു ആക്രമണത്തിനു മടിക്കില്ലെന്ന് ഇസ്രയേലും അമേരിക്കയും വ്യക്തമാക്കിയിട്ടുണ്ട്. ആണവ പദ്ധതിയുമായി മുന്നോട്ടുപോയാല്‍ ‘ഞങ്ങള്‍ തിരിച്ചെത്തും’ എന്നായിരുന്നു ട്രംപിന്റെ വാക്കുകള്‍. വീണ്ടുമൊരു യുദ്ധമുണ്ടായാല്‍ അതു സൈന്യത്തിന്റെയും രാഷ്ട്രീയത്തിന്റെയും കടയ്ക്കല്‍ കത്തി വയ്ക്കുന്നതിനു തുല്യമാകുമെന്ന് ഇറാന് കരുതുന്നു. യുദ്ധം മുന്നില്‍കണ്ട് ഖമേനിയെ ഒളിപ്പിക്കാനുള്ള ഡിഫന്‍സ് കൗണ്‍സിലിനു തന്നെ ഇറാന് രൂപം നല്‍കിയിട്ടുമുണ്ട്.
യുദ്ധത്തിനൊപ്പം രാജ്യാന്തര ഒറ്റപ്പെടലിനെതിരേ ഇറാനിലെ ജനങ്ങളിലും ആശങ്ക വര്‍ധിക്കുകയാണെന്നാണു ചൂണ്ടിക്കാട്ടുന്നത്. കടുത്ത ജലക്ഷാമമാണ് ഇപ്പോള്‍ രാജ്യത്ത് അനുഭവപ്പെടുന്നത്. എണ്ണയില്‍ കേന്ദ്രീകരിച്ച വരുമാനമാണ് ഇറാന്റെ നിലനില്‍പ്പ്. മറ്റു രാജ്യങ്ങളുടെ വിലക്കും മോശം ഭരണവും അവരെ കൂടുതല്‍ കെടുതികളിലേക്കാണു കൊണ്ടുപോകുന്നത്. 87 ദശലക്ഷം ജനങ്ങള്‍ ഇപ്പോള്‍ പ്രതിദിനമെന്നോണം കറന്റ് കട്ടിന്റെ ബുദ്ധിമുട്ട് അനുഭവിക്കുന്നു. നിരവധി വ്യവസായങ്ങള്‍ക്ക് ഇതു തിരിച്ചടിയായിട്ടുണ്ട്. ഷിയ ഭരണകൂടത്തിന്റെ മതഭരണത്തെ എതിര്‍ത്തിരുന്നവര്‍പോലും യുദ്ധമുണ്ടായപ്പോള്‍ സര്‍ക്കാരിനു പിന്തുണയുമായി രംഗത്തെത്തിയിരുന്നു. ഇവരെല്ലാം നിലവില്‍ വരുമാന നഷ്ടവും അടിച്ചമര്‍ത്തലും നേരിടുകയാണ്.
40 വര്‍ഷത്തെ രാഷ്ട്രീയ പരാജയത്തിന്റെ ഇരകളാണ് ഇറാനികളെന്ന് ടെഹ്റാനിലെ ഫര്‍ണിച്ചര്‍ വ്യവസായിയായിയെ ഉദ്ധരിച്ചു റോയിട്ടേഴ്സ് ചൂണ്ടിക്കാട്ടുന്നു. ഞങ്ങള്‍ അടിസ്ഥാന സംവിധാനങ്ങള്‍കൊണ്ടും എണ്ണയടക്കമുള്ള ഉറവിടങ്ങള്കൊണ്ടും സമ്പന്നമായിരുന്നു. എന്നാല്‍, ഇപ്പോള്‍ വെള്ളത്തിനും വൈദ്യുതിക്കുംവേണ്ടി സമരം ചെയ്യേണ്ട സ്ഥിതിയിലാണ്. എന്റെ ഇടപാടുകാരുടെ കൈയില്‍ പണമില്ല. ബിസിനസ് തകര്‍ന്നുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറയുന്നു. നിരവധിപ്പേര്‍ സമാന അഭിപ്രായങ്ങളുമായി രംഗത്തുവന്നെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. diplomacy-or-defiance-irans-rulers-face-existential-choice-after-us-israeli






