‘സംസ്‌കാരമുള്ള സമൂഹത്തിന് അപമാനം’; മുഖ്യമന്ത്രിക്ക് എതിരായ സിസ്റ്റര്‍ ടീന ജോസിന്റെ കൊലവിളി കമന്റിന് എതിരേ മന്ത്രി ശിവന്‍കുട്ടി; ടീന ജോസ് കന്യാസ്ത്രീ വസ്ത്രം ധരിക്കാന്‍ അവകാശമില്ലാത്ത ആളെന്നു സിഎംസി സന്യാസിനീ സമൂഹം

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞടുപ്പ് പ്രചാരണങ്ങള്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇറങ്ങുന്നതുമായി ബന്ധപ്പെട്ട ഫേസ്ബുക്ക് പോസ്റ്റിന് താഴെ പിണറായി വിജയനെതിരെ കൊലവിളി പരാര്‍ശം നടത്തിയ ടീന ജോസിനെതിരെ മന്ത്രി വി ശിവന്‍കുട്ടി. മുഖ്യമന്ത്രിക്കെതിരെ കൊലവിളി നടത്തിയ ടീന ജോസ് എന്ന വ്യക്തിയുടെ ഫേസ്ബുക്ക് കമന്റ് ഞെട്ടലോടെയാണ് കാണുന്നതെന്നും, ജനാധിപത്യ സമൂഹത്തില്‍, ഒരു പൗരന്റെ ജീവന് ഭീഷണി ഉയര്‍ത്തുന്ന, പ്രത്യേകിച്ച് സംസ്ഥാനത്തിന്റെ ഭരണത്തലവനെതിരെ നടത്തുന്ന ഈ പ്രസ്താവന, ഒരു കാരണവശാലും അംഗീകരിക്കാന്‍ കഴിയില്ലെന്നും ശിവന്‍കുട്ടി പ്രസ്താവനയിലൂടെ അറിയിച്ചു. പരാമര്‍ശം സംസ്‌കാരമുള്ള സമൂഹത്തിന് അപമാനമാണ്.
കേവലം ഒരാളുടെ വ്യക്തിപരമായ അഭിപ്രായപ്രകടനമല്ല, മറിച്ച് രാജ്യത്തെ നിയമവ്യവസ്ഥയോടും ജനാധിപത്യ മൂല്യങ്ങളോടുമുള്ള വ്യക്തമായ വെല്ലുവിളിയാണെന്നും ശിവന്‍കുട്ടി പറഞ്ഞു. ഈ വ്യക്തി ട്വന്റി 20യുടെ കടുത്ത പ്രചാരകയാണെന്നാണ് വിവരം. ട്വന്റി 20 പോലുള്ള ഒരു രാഷ്ട്രീയ പ്രസ്ഥാനം വിഷയത്തില്‍ അവരുടെ നിലപാട് അടിയന്തരമായി വ്യക്തമാക്കണം. കൊലവിളി നടത്തുന്ന ഒരു വ്യക്തിക്ക്, ഒരു ജനകീയ പ്രസ്ഥാനത്തിന്റെ പ്രചാരകയായി തുടരാന്‍ എങ്ങനെ സാധിക്കുന്നുവെന്നും അദ്ദേഹം ചോദിച്ചു.
കേരളത്തിന്റെ ബഹുമാന്യനായ മുഖ്യമന്ത്രി സ. പിണറായി വിജയനെതിരെ കൊലവിളി നടത്തിയ ടീന ജോസ് എന്ന വ്യക്തിയുടെ ഫേസ്ബുക്ക് കമന്റ് ഞെട്ടലോടെയാണ് കാണുന്നത്. ഒരു ജനാധിപത്യ സമൂഹത്തില്‍, ഒരു പൗരന്റെ ജീവന് ഭീഷണി ഉയര്‍ത്തുന്ന, പ്രത്യേകിച്ച് സംസ്ഥാനത്തിന്റെ ഭരണത്തലവനെതിരെ നടത്തുന്ന ഈ പ്രസ്താവന, ഒരു കാരണവശാലും അംഗീകരിക്കാന്‍ കഴിയുന്ന ഒന്നല്ല.
‘രാജീവ് ഗാന്ധിയെ കൊന്നതുപോലെ കേരള മുഖ്യമന്ത്രിയെയും ബോംബെറിഞ്ഞു കൊല്ലണം’ എന്ന തരത്തിലുള്ള പരാമര്‍ശങ്ങള്‍ ഏതൊരു സംസ്‌കാരമുള്ള സമൂഹത്തിനും അപമാനമാണ്. ഇത് കേവലം ഒരാളുടെ വ്യക്തിപരമായ അഭിപ്രായപ്രകടനമല്ല, മറിച്ച് രാജ്യത്തെ നിയമവ്യവസ്ഥയോടും ജനാധിപത്യ മൂല്യങ്ങളോടുമുള്ള വ്യക്തമായ വെല്ലുവിളിയാണ്.
അക്രമത്തെയും കൊലപാതകത്തെയും പ്രോത്സാഹിപ്പിക്കുന്ന ഇത്തരം പ്രസ്താവനകള്‍ യുവതലമുറയ്ക്ക് നല്‍കുന്ന സന്ദേശം എന്താണ്? ഇത്തരക്കാര്‍ക്ക് നമ്മുടെ പൊതുസമൂഹത്തില്‍ ഒരു സ്ഥാനവുമില്ല. അഭിഭാഷക എന്ന് സ്വയം അവകാശപ്പെടുന്ന ഒരാളാണ് നിയമത്തെ കാറ്റില്‍പ്പറത്തി ഇത്തരമൊരു ഹീനമായ പ്രവൃത്തി ചെയ്തിരിക്കുന്നത്. ഇത് നിയമരംഗത്തിന് തന്നെ നാണക്കേടാണ്.
ഈ വ്യക്തി ട്വന്റി 20യുടെ കടുത്ത പ്രചാരകയാണെന്നും, മറ്റ് ജില്ലകളില്‍ പോലും അവര്‍ക്കുവേണ്ടി യോഗങ്ങള്‍ സംഘടിപ്പിക്കുന്നുണ്ടെന്നും മാധ്യമങ്ങളിലൂടെ അറിയാന്‍ കഴിഞ്ഞു.
ട്വന്റി 20 പോലുള്ള ഒരു രാഷ്ട്രീയ പ്രസ്ഥാനം ഈ വിഷയത്തില്‍ അവരുടെ നിലപാട് അടിയന്തരമായി വ്യക്തമാക്കണം. കൊലവിളി നടത്തുന്ന ഒരു വ്യക്തിക്ക്, ഒരു ജനകീയ പ്രസ്ഥാനത്തിന്റെ പ്രചാരകയായി തുടരാന്‍ എങ്ങനെ സാധിക്കുന്നു?
അവരുടെ യോഗങ്ങളില്‍ മുഖ്യമന്ത്രിയെയും ജനപ്രതിനിധികളെയും ‘അറയ്ക്കുന്ന ഭാഷയില്‍’ ആക്ഷേപിക്കുന്നു എന്നതും ഗൗരവമായി കാണണം. ഇത് ട്വന്റി 20യുടെ രാഷ്ട്രീയ ശൈലിയെയാണ് തുറന്നുകാട്ടുന്നതെന്നും ശിവന്‍ കുട്ടി ഫേസ്ബുക്കില്‍ കുറിച്ചു.
സിസ്റ്റര്‍ ടീന ജോസ് (മേരി ട്രീസ പി ജെ) എന്ന പ്രൊഫൈലില്‍നിന്നാണ് മറ്റൊരു ഫെയ്സ്ബുക്ക് പോസ്റ്റിന് താഴെ കമന്റിട്ടത്. മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരത്ത് എല്‍ഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണം വൈകിട്ട് ഉദ്ഘാടനം ചെയ്യുന്നു എന്ന് ഒരാള്‍ ഫെയ്സ്ബുക്കില്‍ ഇട്ട പോസ്റ്റിന് താഴെയാണ് ‘അന്നേരമെങ്കിലും ആരെങ്കിലും ഒരു ബോംബെറിഞ്ഞു തീര്‍ത്തുകളയണം അവനെ. നല്ല മനുഷ്യനായ രാജീവ് ഗാന്ധിയെ തീര്‍ത്ത ഈ ലോകത്തിന് അതൊക്കെ പറ്റും’ എന്ന് ടീന കമന്റിട്ടത്. ഇതിനെതിരെ സമൂഹമാധ്യമത്തിലടക്കം കടുത്ത പ്രതിഷേധമാണ് ഉയരുന്നത്.
ട്വന്റി 20യുടെ തുടക്കംമുതല്‍ സാബു ജേക്കബുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ഇവര്‍, അഭിഭാഷകയാണെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും പ്രാക്ടീസ് ചെയ്യുന്നില്ല. ട്വന്റി 20ക്കുവേണ്ടി മറ്റു ജില്ലകളില്‍ യോഗങ്ങള്‍ സംഘടിപ്പിക്കുന്നത് ഇവരാണ്. യോഗങ്ങളില്‍ മുഖ്യമന്ത്രി പിണറായി വിജയനെയും കുന്നത്തുനാട് എംഎല്‍എ പി.വി. ശ്രീനിജിനെയും അറയ്ക്കുന്ന ഭാഷയിലാണ് ആക്ഷേപിക്കുന്നത്. തദ്ദേശതെരഞ്ഞെടുപ്പില്‍ ട്വന്റി 20ക്കെതിരെ ഉയരുന്ന ജനരോഷമാകാം ഇപ്പോഴത്തെ പ്രകോപനത്തിന് കാരണം.
ടീന ജോസ് കത്തോലിക്കാസഭയ്ക്കും ബിഷപ്പുമാര്‍ക്കുമെതിരെ ചാനല്‍ചര്‍ച്ചകളിലും മോശമായ ഭാഷയിലാണ് പ്രതികരിച്ചിട്ടുള്ളത്. ഇവരുമായി സിഎംസി കോണ്‍ഗ്രിഗേഷന് ബന്ധമില്ലെന്ന് നേരത്തേ വ്യക്തമാക്കിയിട്ടുണ്ട്. 2009 മാര്‍ച്ച് 26ന് സിഎംസി കോണ്‍ഗ്രിഗേഷനില്‍നിന്ന് പുറത്തുപോകാന്‍ ഡിസ്‌പെന്‍സേഷന്‍ നല്‍കിയിരുന്നു. ഇതിനെതിരെ വത്തിക്കാനിലും ഹൈക്കോടതിയിലും മേരി ട്രീസ (ടീന ജോസ്) അപ്പീല്‍ പോയെങ്കിലും സിഎംസി സന്യാസിനീ സമൂഹത്തിന് അനുകൂലമായാണ് വിധിവന്നതെന്ന് സഭ വ്യക്തമാക്കി.
അതേസമയം ടീന ജോസിനെ തള്ളി സിഎംസി സന്യാസിനി സമൂഹം രംഗത്ത് എത്തി. ടീന ജോസിന്റെ അംഗത്വം 2009ല്‍ കാനോനിക നിയമങ്ങള്‍ക്ക് അനുസൃതമായി റദ്ദാക്കിയതാണ്. സന്യാസ വസ്ത്രം ധരിക്കാന്‍ അനുവാദമില്ലാത്തയാളാണ് ടീന. ടീന ജോസ് ചെയ്യുന്ന കാര്യങ്ങള്‍ പൂര്‍ണ്ണമായും അവരുടെ ഉത്തരവാദിത്തത്തിലാണെന്നും സിഎംസി സമൂഹത്തിന് പങ്കില്ലെന്നും പത്രക്കുറിപ്പില്‍ പറയുന്നു.






