രാജ്യത്തെ 140 കോടി ജനങ്ങള്‍ക്കും അഭിമാനത്തിന്റെ ഉത്സവം: 79-ാം സ്വാതന്ത്ര്യ ദിനാഘോഷ നിറവില്‍ രാജ്യം: ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തി പ്രധാനമന്ത്രി

ഡല്‍ഹി: രാജ്യം 79-ാം സ്വാതന്ത്ര്യ ദിനാഘോഷ നിറവില്‍. പ്രധാനമന്ത്രി നരേന്ദ്ര മോദി രാവിലെ 7.30 ന് ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തി. ഇതോടെ രാജ്യത്ത് 79-ാം സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികള്‍ക്ക് തുടക്കമായി വിവിധ സൈനിക മേധാവിമാരും ഇവിടെ സന്നിഹിതരായിരുന്നു. രാജ്യത്തെ 140 കോടി ജനങ്ങള്‍ക്കും അഭിമാനത്തിന്റെ ഉത്സവമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ചെങ്കോട്ടയില്‍ പറഞ്ഞു.
കോടിക്കണക്കിന് മനുഷ്യരുടെ സ്വപ്ന സാക്ഷാത്ക്കാരമാണ് ഇന്ത്യയുടെ സ്വാതന്ത്ര്യം. 79ാം സ്വാതന്ത്ര്യദിന ആഘോഷത്തിന്റെ ഭാഗമായി ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തിയ ശേഷം രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മോദി. ഭരണഘടനയാണ് രാജ്യത്തിന്റെ വഴികാട്ടിയെന്ന് ഓര്‍മിപ്പിച്ച് ഭരണഘടന ശില്‍പികള്‍ക്ക് ആദരം അര്‍പ്പിച്ച മോദി ഓപ്പറേഷന്‍ സിന്ദൂറില്‍ പങ്കെടുത്ത ധീര ജവാന്മാര്‍ക്ക് സല്യൂട്ട് നല്‍കുന്നുവെന്നും അറിയിച്ചു.
‘എനിക്ക് മാതൃരാജ്യം പ്രാണനേക്കാള്‍ പ്രധാനമാണ്. വലിയ വെല്ലുവിളികളെയാണ് രാജ്യം മറികടന്നത്. ഗാന്ധിയുടെ തത്വങ്ങള്‍ അടിസ്ഥാനമാക്കി പ്രവര്‍ത്തിച്ചു. സ്വാതന്ത്ര്യ സമര സേനാനികളുടെ സ്വപ്നം സാക്ഷാത്കരിക്കാന്‍ പരിശ്രമിക്കാം. വികസിത ഭാരതത്തിനായി പ്രയത്‌നിക്കാം.’- മോദി പറഞ്ഞു.






