ഇറാനിലെ ജലക്ഷാമം പരിഹരിക്കാമെന്ന് ഇസ്രയേല്‍; പാലസ്തീനികള്‍ക്ക് വെള്ളവും ഭക്ഷണവും നിഷേധിക്കുന്ന ഇസ്രയേലിനെ വിശ്വസിക്കാന്‍ കഴിയില്ലെന്ന് ഇറാന്‍

ടെഹ്‌റാന്‍: ഇറാനിലെ ജലക്ഷാമം പരിഹരിക്കാന്‍ സഹായിക്കാമെന്ന ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ വാഗ്ദാനം നിരസിച്ച് ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്‍. പാലസ്തീനികള്‍ക്ക് വെള്ളവും ഭക്ഷണവും നിഷേധിക്കുന്ന ഇസ്രയേലിനെ വിശ്വസിക്കാന്‍ കഴിയില്ലെന്ന് പെസെഷ്‌കിയാന്‍ എക്‌സില്‍ കുറിച്ചത്.
ഗാസയിലെ ജനങ്ങള്‍ക്ക് വെള്ളവും ഭക്ഷണവും നിഷേധിക്കുന്ന ഒരു ഭരണകൂടമാണോ ഇറാനിലേക്ക് വെള്ളം കൊണ്ടുവരുമെന്ന് പറയുന്നതെന്നും അദ്ദേഹം ചോദിച്ചു. ഒരു ദിവാസ്വപ്നം, അതില്‍ കൂടുതലൊന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു. അവര്‍ ഇറാനിലെ ജനങ്ങളോട് കപടമായ അനുകമ്പ കാണിക്കുകയാണെന്ന് ടെഹ്‌റാനില്‍ നടന്ന മന്ത്രിസഭാ യോഗത്തില്‍ പെസെഷ്‌കിയാന്‍ വ്യക്തമാക്കി.
‘ഗാസയിലെയും അവിടത്തെ നിസ്സഹായരായ ജനങ്ങളുടെയും ദുരവസ്ഥയിലേക്ക് നോക്കൂ. പ്രത്യേകിച്ച് പട്ടിണി, കുടിവെള്ളത്തിന്റെയും മരുന്നിന്റെയും അഭാവം, ഭരണകൂടത്തിന്റെ ക്രൂരമായ ഉപരോധം എന്നിവ കാരണം ബുദ്ധിമുട്ടുന്നവരെ കാണൂ.’ഇപ്പോഴത്തെ സര്‍ക്കാരില്‍നിന്ന് ഇറാന്‍ ‘സ്വതന്ത്രമാകുമ്പോള്‍’ രാജ്യത്തെ രൂക്ഷമായ ജലക്ഷാമം പരിഹരിക്കാന്‍ ഇസ്രയേല്‍ സഹായിക്കുമെന്ന് നെതന്യാഹു വീഡിയോ സന്ദേശത്തിലൂടെ ഇറാനികളെ അഭിസംബോധന ചെയ്തിരുന്നു.
ജൂണില്‍ ഇറാനില്‍ ഇസ്രയേല്‍ നടത്തിയ തുടര്‍ച്ചയായ വ്യോമാക്രമണങ്ങളില്‍ സൈനിക മേധാവികള്‍ ഉള്‍പ്പെടെ ആയിരത്തോളം പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇറാന്റെ തിരിച്ചടിയില്‍ ഇസ്രയേലില്‍ 28 പേരും കൊല്ലപ്പെട്ടു.






