കുന്നംകുളം പന്തല്ലൂരില്‍ മിന്നല്‍ ചുഴലി, വന്‍ നാശം

കുന്നംകുളം : ചൊവ്വന്നൂരിനടുത്ത് പന്തല്ലൂരില്‍ ഇന്ന് രാവിലെ ശക്തമായ മിന്നല്‍ ചുഴലി ഉണ്ടായി. രാവിലെ ഒമ്പതരയോടെയാണ് ചെറിയ മഴയോട് കൂടി ശക്തമായ കാറ്റ് പന്തല്ലൂരില്‍ ആഞ്ഞുവീശിയത്.മെയിന്‍ റോഡില്‍ നിന്നും പന്തല്ലൂര്‍ ക്ഷേത്രത്തിലേക്ക് പോകുന്ന വഴിയിലാണ് സംഭവം ഉണ്ടായത്. ഇലക്ട്രിക് പോസ്റ്റുകള്‍ ഒടിഞ്ഞുവീഴുകയും വിവിധ പറമ്പുകളിലെ നിരവധി തെങ്ങുകളും മരങ്ങളും വീഴുകയും ചെയ്തിട്ടുണ്ട്. പെട്ടെന്നുണ്ടായ ശക്തമായ കാറ്റ് അഞ്ചുമിനിറ്റോളം നീണ്ടുനിന്നു. ഇതിനിടയിലാണ് നാശനഷ്ടങ്ങള്‍ ഉണ്ടായത്. പന്തല്ലൂര്‍ സ്വദേശി സൈമണ്‍ എന്നയാളുടെ ഓട്ടോറിക്ഷയുടെ മുകളിലേക്ക് ഇലക്ട്രിക് പോസ്റ്റ് മറിഞ്ഞുവീണു.ഇയാള്‍ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു.സ്‌കൂള്‍ കുട്ടികളും ,സ്‌കൂള്‍ വാഹനങ്ങളും ഉള്‍പ്പെടെ നിരവധി ആളുകള്‍ സഞ്ചരിക്കുന്ന വഴിയാണിത്.സ്‌കൂള്‍ വാഹനങ്ങളുടെ സമയത്തിന് ശേഷമാണ് കാറ്റ് ഉണ്ടായതിനാല്‍ വന്‍ ദുരന്തമാണ് ഒഴിഞ്ഞുപോയത്. സംഭവത്തില്‍ ആര്‍ക്കും പരിക്ക് പറ്റിയിട്ടില്ല.






