Breaking NewsKeralaLead NewsMovie

‘പലരും വഴിപാടും നേര്‍ച്ചയും പ്രാര്‍ഥനയും നടത്തി, പണം കൊണ്ടും രാഷ്ട്രീയ സ്വാധീനം കൊണ്ടും ഉന്നതരായ ആളുകള്‍ക്കെതിരെയാണ് പോരാട്ടം’; ഹര്‍ജി തള്ളിയത് തിരിച്ചടിയായി കാണുന്നില്ലെന്ന് സാന്ദ്ര തോമസ്

കൊച്ചി: പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഹര്‍ജി തള്ളിയത് തിരിച്ചടിയായി കാണുന്നില്ലെന്ന് നിര്‍മാതാവ് സാന്ദ്ര തോമസ്. കോടതി വിധി ബഹുമാനിക്കുന്നു. എന്നാല്‍ നിരാശയും വേദനയുമുണ്ടെന്നും സാന്ദ്ര തോമസ് പ്രതികരിച്ചു.

‘പലരും വഴിപാടും നേര്‍ച്ചയും പ്രാര്‍ഥനയും നടത്തിയിരിക്കുകയായിരുന്നുവെന്ന് എനിക്കറിയാം. കള്ള തെളിവാണ് ഹാജരാക്കിയത്. വിധി തിരിച്ചടിയായി കാണുന്നില്ല. എന്റെ ശരികള്‍ക്ക് വേണ്ടിയാണ് ഞാന്‍ പോരാടുന്നത്. നിയമപരമായി അടുത്ത നടപടിയിലേക്ക് പോകും. കോടതി വിധിയെ ബഹുമാനിക്കുന്നു, നിരാശയും വേദനയുമുണ്ട്. നാമനിര്‍ദേശപത്രിക തള്ളിയതിനെതിരായ ഹര്‍ജിയില്‍ വിധി വന്നിട്ടില്ല’- സാന്ദ്ര തോമസ് മാധ്യമങ്ങളോട് പറഞ്ഞു.

Signature-ad

27 ന് നടക്കുന്ന ഫിലിം ചേംബര്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും സാന്ദ്ര അറിയിച്ചു. സെക്രട്ടറി അല്ലെങ്കില്‍ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കാവും മത്സരിക്കുകയെന്നും സാന്ദ്ര വ്യക്തമാക്കി. ‘അഭിനേതാക്കള്‍ക്കെതിരെ സംസാരിക്കുന്നതു പോലെയല്ല നിര്‍മാതാക്കള്‍ക്കെതിരെ സംസാരിക്കുന്നത്. അവരാണ് ജോലി കൊടുക്കേണ്ടത്. മറ്റു ഇന്‍ഡസ്ട്രികള്‍ പോലെയല്ല സിനിമാ മേഖല. ആര്‍ക്കെതിരെയാണ് സംസാരിക്കുന്നതെന്ന് എനിക്ക് വ്യക്തമായ ബോധ്യമുണ്ട്. പണം കൊണ്ടും രാഷ്ട്രീയ സ്വാധീനം കൊണ്ടും ഉന്നതരായ ആളുകള്‍ക്കെതിരെയാണ് പോരാട്ടം. അതിനാല്‍ പിന്തുണ പ്രതീക്ഷിക്കുകയേ ചെയ്യരുതായിരുന്നു’. – സാന്ദ്ര തോമസ് കൂട്ടിച്ചേര്‍ത്തു.

അതേസമയം സാന്ദ്രയുടെ ഹര്‍ജി തള്ളിയതിന് പിന്നാലെ പ്രതികരണവുമായി നിര്‍മാതാവ് ലിസ്റ്റിന്‍ സ്റ്റീഫനും രംഗത്തെത്തി. ‘പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ അംഗങ്ങള്‍ക്കെതിരെ പരാതി. പിന്നീട് അസോസിയേഷനെതിരെ പരാതി. വരണാധികാരിക്കെതിര പരാതി. ബൈലോയ്ക്കെതിരെ പരാതി. ഇനി കോടതിയും തെറ്റാണെന്ന് പറയുമോ എന്നറിയില്ല. എന്തെല്ലാം ചീപ്പ് ഷോകളാണ് കാണിച്ചു കൊണ്ടിരുന്നത്.’- എന്നാണ് ലിസ്റ്റിന്‍ സ്റ്റീഫന്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്.

Back to top button
error: