22 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചതിനാല്‍ വന്‍ ദുരന്തം ഒഴിവായി; സര്‍ട്ടിഫിക്കറ്റുകള്‍ എടുക്കാന്‍ വീട്ടിലെത്തിയപ്പോള്‍ മണ്ണിടിച്ചില്‍; കോണ്‍ക്രീറ്റ് പാളികള്‍ക്കിടയില്‍ പെട്ട് ബിജുവിന്റെ മരണം; തീരാനോവ്

ഇടുക്കി അടിമാലിക്ക് സമീപം ദേശീയപാതയില്‍ മണ്ണിടിഞ്ഞ് കെട്ടിടാവശിഷ്ടങ്ങള്‍ക്കടിയില്‍ കുടുങ്ങിയ ദമ്പതികളില്‍ ഒരാള്‍ മരിച്ചു. അടിമാലി ലക്ഷംവീട് ഉന്നതിയിലുള്ള ബിജുവാണ് മരിച്ചത്. മണിക്കൂറുകള്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവില്‍ ബിജുവിന്‍റെ ഭാര്യ സന്ധ്യയെ പുറത്തെടുത്തു.
ഇവരെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. രാത്രി പത്തരയോടെയാണ് മണ്ണിടിച്ചില്‍ ഉണ്ടായത്. വീടുകളുടെ മുകളിലേക്ക് മണ്ണിടിഞ്ഞതോടെ രണ്ട് വീടുകള്‍ പൂര്‍ണമായും ആറ് വീടുകള്‍ ഭാഗികമായും തകര്‍ന്നു. 22 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു.
വീട്ടില്‍നിന്ന് സര്‍ട്ടിഫിക്കറ്റുകളും മറ്റും എടുക്കുന്നതിനായി ബിജുവും സന്ധ്യയും പോയ സമയത്താണ് അപകടമുണ്ടായത്. വിവരം പുറത്തറിഞ്ഞയുടന്‍ നാട്ടുകാരും പൊലീസും അഗ്നിരക്ഷാ സേനയും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം ആരംരഭിച്ചു. എന്‍.ഡി.ആര്‍.എഫ് അടക്കമുള്ള വിപുലമായ സന്നാഹമെത്തിച്ച് ആറ് മണിക്കൂറിലധികം നീണ്ട പരിശ്രത്തിനൊടുവിലാണ് സന്ധ്യയെ പുറത്തെടുത്തത്.
ശ്വാസതടസവും കാലിന് പൊട്ടലുമുണ്ടായ സന്ധ്യയെ അടിമാലി താലൂക്ക് ആശുപത്രിയില്‍ പ്രാഥമിക ചികില്‍സ നല്‍കിയശേഷം വിദഗ്ധ ചികില്‍സയ്ക്കായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. വീണ്ടും ഒരു മണിക്കൂറിലധികം മണ്ണുമാന്തി യന്ത്രങ്ങളടക്കം ഉപയോഗിച്ച് കെട്ടിടാവശിഷ്ടങ്ങള്‍ നീക്കിയശേഷമാണ് ബിജുവിനെ പുറത്തെടുക്കാനായത്. അഗ്നിശമനസേന എത്തുമ്പോള്‍തന്നെ കോണ്‍ക്രീറ്റ് ബീമിനടിയില്‍ ഞെരുങ്ങിയനിലയാണ് ഇരുവരും കിടന്നിരുന്നത്.
മണ്ണിടിച്ചില്‍ സൂചനയെ തുടര്‍ന്ന് പ്രദേശത്ത് നിന്ന് 22 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചിരുന്നു. ഏഴുമണിക്കൂറോളം നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവിലാണ് ബിജുവിനെ പുറത്തെടുക്കാനായത്. അപ്പോഴേക്കും ജീവന്‍ നഷ്ടമായിരുന്നു. കടുത്ത ശ്വാസതടസവും കാലിന് ഗുരുതര പരുക്കുമേറ്റ സന്ധ്യയെ അതിവേഗത്തില്‍ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. രണ്ടുമക്കളാണ് ബിജുവിനും സന്ധ്യയ്ക്കുമുള്ളത്. കോട്ടയത്ത് നഴ്സിങ് വിദ്യാര്‍ഥിയാണ് മൂത്തമകള്‍. ഇളയമകന്‍ കാന്‍സര്‍ ബാധിച്ച് കഴിഞ്ഞ വര്‍ഷം മരിച്ചു.
അതേസമയം, മണ്ണിടിച്ചിലില്‍ എട്ടുവീടുകള്‍ തകര്‍ന്നുവെന്നാണ് നിലവിലെ റിപ്പോര്‍ട്ട്. രണ്ടുവീടുകള്‍ പൂര്‍ണമായും ആറു വീടുകള്‍ ഭാഗികമായും തകര്‍ന്നു. പ്രദേശത്ത് വീണ്ടും മണ്ണിടിയുമെന്ന ആശങ്കയിലാണ് നാട്ടുകാര്‍. അശാസ്ത്രീയമായ മണ്ണെടുപ്പ് വരുത്തിവച്ച ദുരന്തമാണിതെന്ന് നാട്ടുകാര്‍പറയുന്നു. മുന്‍പ് പലതവണ പരാതി ഉന്നയിച്ചിരുന്നുവെങ്കിലും ഫലമുണ്ടായില്ലെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്. വലിയരീതിയില്‍ വിള്ളല്‍ പ്രദേശത്ത് ഉണ്ടായിരുന്നു. ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടും നടപടിയുണ്ടായില്ലെന്നും നാട്ടുകാര്‍ പറയുന്നു. ഇന്നലെ വൈകുന്നേരം മാത്രമാണ് ആളുകളെ മാറ്റണമെന്ന നിര്‍ദേശം ലഭിച്ചത്.






