‘മധുവിധു’ അങ്ങ് ‘വിധു’വില്‍! കാമുകിക്ക് വേറിട്ട അനുഭവം നല്‍കണം; യുവാവ് കവര്‍ന്നത് 951 കോടിയുടെ ചാന്ദ്രശിലകള്‍

വാഷിംഗ്ടണ്‍: പ്രണയത്തിനായി പങ്കാളിക്ക് സ്വന്തം ജീവന്‍ വരെ നല്‍കാന്‍ തയ്യാറാകുന്നവരുണ്ട്. ഇവിടെ ഒരു യുവാവ് കാമുകിക്ക് വാഗ്ദാനം ചെയ്തത് ചന്ദ്രനെയായിരുന്നു. 23 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ലോകത്തെയൊട്ടാകെ ഞെട്ടിച്ച ഒരു സംഭവമാണ് വാര്‍ത്തകളില്‍ വീണ്ടും ഇടംപിടിച്ചിരിക്കുന്നത്. 2002 ജൂലായിലായിരുന്നു സംഭവം. നാസയിലെ ഇന്റേണായി പ്രവര്‍ത്തിച്ചിരുന്ന റോബര്‍ട്ട്‌സ് എന്ന യുവാവിന്റെ വിചിത്ര തീരുമാനമാണ് എല്ലാ സംഭവങ്ങള്‍ക്കും തുടക്കം കുറിച്ചത്.
തന്റെ പ്രണയിനിക്കായി യുവാവ് 21 മില്യണ്‍ ഡോളര്‍ (951 കോടി രൂപ) മൂല്യവും 17 പൗണ്ട് ഭാരവുമുളള ചന്ദ്രശിലകളാണ് അതിവിദഗ്ദമായി മോഷ്ടിച്ചത്. ഈ കവര്‍ച്ചയില്‍ റോബര്‍ട്ട്‌സിന്റെ കാമുകിയും സഹായികളും ഉണ്ടായിരുന്നു. എഫ്ബിഐ പുറത്തുവിട്ട റിപ്പോര്‍ട്ടനുസരിച്ച്, റോബര്‍ട്ട്‌സിന് അന്ന് ഇരുപത്തിനാലായിരുന്നു പ്രായം. ഹ്യൂസ്റ്റണിലെ ജോണ്‍സണ്‍ ബഹിരാകാശകേന്ദ്രത്തില്‍ നിന്ന് 17 പൗണ്ട് ഭാരമുളള ചന്ദ്രശിലകളും ഒരു ഉല്‍ക്കാശിലയുമാണ് യുവാവ് മോഷ്ടിച്ചത്. ഇവ അപ്പോളോ ദൗത്യത്തിലൂടെ ശേഖരിച്ച വിലമതിക്കാനാകാത്ത സാമ്പിളുകളായിരുന്നുവെന്നാണ് മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. പരീക്ഷണശാലയിലെ സിസിടിവി ക്യാമറകള്‍ മാറ്റി, നിയോപ്രീന്‍ ബോഡിസ്യൂട്ടുകള്‍ ധരിച്ചായിരുന്നു മോഷണം.
യൂട്ടാ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഭൗതികശാസ്ത്രം, ഭൂമിശാസ്ത്രം, ജിയോഫിസിക്‌സ് എന്നിവയില്‍ ട്രിപ്പിള്‍ ബിരുദം നേടിയവനായിരുന്നു റോബര്‍ട്ട്‌സ്. ഇന്റേണ്‍ഷിപ്പ് ചെയ്യാനാണ് യുവാവ് നാസയില്‍ എത്തിയത്. അവിടെ ടിഷ്യു കള്‍ച്ചര്‍ ലബോറട്ടറിയിലെ ജീവനക്കാരിയായ ടിഫാനി ഫൗളറുമായി (22) പ്രണയത്തിലാകുകയായിരുന്നു. ആഴ്ചകള്‍ക്കുളളില്‍ത്തന്നെ ഇരുവരും ഒരുമിച്ച് താമസിക്കാന്‍ ആരംഭിച്ചു. അതിനിടയിലാണ് ചന്ദ്രശിലകള്‍ കവരുന്നതിനായുളള പ്ലാനിനെക്കുറിച്ച് റോബര്‍ട്ട് കാമുകിയോട് പറഞ്ഞത്.
പ്രണയത്തിനുവേണ്ടിയാണ് താന്‍ മോഷണം നടത്തിയതെന്ന് റോബര്‍ട്ട്‌സ് മാദ്ധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു. ടിഫാനിക്ക് ചന്ദ്രനെ നല്‍കാമെന്ന് ഞാന്‍ പറഞ്ഞിരുന്നു. അത് ഞങ്ങളുടെ പ്രണയത്തിന്റെ തുടക്കമായിരുന്നു. ഇത്തരത്തില്‍ മോഷ്ടിച്ച ചന്ദ്രശിലകള്‍ റോബര്‍ട്ട്‌സ് കട്ടിലിനടിയിലായിരുന്നു സൂക്ഷിച്ചിരുന്നത്. ഇത് ചന്ദ്രനില്‍ ലൈംഗികബന്ധത്തിലേര്‍പ്പെടുന്ന അനുഭൂതിയുണ്ടാക്കാനായിരുന്നുവെന്നാണ് റോബര്‍ട്ട്‌സ് പറഞ്ഞത്. സ്നേഹത്തിനുവേണ്ടിയാണ് ഇത് ചെയ്തത്. സ്നേഹിക്കപ്പെടാന്‍ ആഗ്രഹിച്ചതുകൊണ്ടാണ് ഇങ്ങനെ ചെയ്തതെന്നും റോബര്‍ട്ട്‌സ് പറഞ്ഞു. ആരും മുന്‍പ് ചന്ദ്രനില്‍ വച്ച് ലൈംഗികബന്ധത്തിലേര്‍പ്പെട്ടിട്ടില്ലെന്ന വിചിത്രമായ മറുപടിയും യുവാവ് അന്വേഷണസംഘത്തിന് നല്‍കി.
അതേസമയം, യുവാവിന്റെ കവര്‍ച്ചയ്ക്ക് പിന്നില്‍ പണമായിരുന്നു ലക്ഷ്യമെന്നാണ് എഫ്ബിഐ കണ്ടെത്തിയത്. ശിലകള്‍ക്ക് ഗ്രാമിന് 1000 ഡോളര്‍ മുതല്‍ 5000 ഡോളര്‍ വരെ വിലമതിപ്പുണ്ട്. ഇത്തരത്തില്‍ ശിലകള്‍ വാങ്ങാന്‍ ഒരാള്‍ തയ്യാറായിരുന്നു. റോബര്‍ട്ട്‌സില്‍ സംശയം തോന്നിയതോടെ അയാള്‍ എഫ്ബിഐയുമായി ബന്ധപ്പെടുകയായിരുന്നു. റോബര്‍ട്ട്‌സ് ഇതിനുമുന്‍പും മോഷണങ്ങള്‍ നടത്തിയിട്ടുണ്ടെന്ന് അന്വേഷണസംഘം കണ്ടെത്തി. സാള്‍ട്ട് ലേക്ക് സിറ്റിയിലെ നാച്യുറല്‍ മ്യൂസിയത്തില്‍ നിന്ന് ദിനോസറുകളുടെ അസ്ഥികളും ഫോസിലുകളും മോഷ്ടിച്ചിട്ടുണ്ടെന്ന് റോബര്‍ട്ട് കുറ്റസമ്മതം നടത്തി. എട്ട് വര്‍ഷത്തെ തടവായിരുന്നു റോബര്‍ട്ടിനുളള ശിക്ഷ. ഇതില്‍ ആറ് വര്‍ഷം പൂര്‍ത്തിയാക്കി അയാള്‍ 2008ല്‍ ജയില്‍ മോചിതനായി.






