Breaking NewsKeralaLead NewsNEWSNewsthen Specialpolitics

‘ഇത്രത്തോളം സഹായിച്ചതിനു നന്ദി’; വോട്ട് തട്ടിപ്പ്, കന്യാസ്ത്രീ വിഷയങ്ങളില്‍ പ്രതികരിക്കാതെ കേന്ദ്രമന്ത്രി സുരേഷ് ഗോപി; സംസാരിച്ചത് പ്രവര്‍ത്തകരോടും നേതാക്കളോടും; എംപി ഓഫീസും സന്ദര്‍ശിച്ചു

തൃശൂര്‍: വോട്ട് തട്ടിപ്പ്, കന്യാസ്ത്രീകള്‍ ആക്രമിക്കപ്പെട്ട വിഷയങ്ങളില്‍ പ്രതികരിക്കാതെ സുരേഷ് ഗോപി. ‘സഹായിച്ചതിനു നന്ദി’യെന്ന ഒറ്റ വാക്കില്‍ മാധ്യമ പ്രവര്‍ത്തകരുടെ നിരന്തര ചോദ്യത്തിനു മറുപടി നല്‍കി അദ്ദേഹം കാറില്‍ കയറി മടങ്ങി. രാവിലെ വന്ദേഭാരത് ട്രെയിനില്‍ തൃശൂരിലെത്തിയ കേന്ദ്രമന്ത്രി, അശ്വനി ആശുപത്രിയില്‍ പ്രവര്‍ത്തകരെ സന്ദര്‍ശിച്ചശേഷം മടങ്ങുകയായിരുന്നു. കഴിഞ്ഞ ദിവസം ബിജെപി പ്രവര്‍ത്തകര്‍ സിപിഎം ഓഫീസിലേക്കു നടത്തിയ മാര്‍ച്ചിനിടെയുണ്ടായ സംഘര്‍ഷത്തില്‍ പരിക്കേറ്റെന്നു പറയപ്പെടുന്നവരാണ് അശ്വനിയില്‍ ചികിത്സയിലുള്ളത്. ഇന്നലെ രാത്രിയില്‍ തിരുവനന്തപുരത്തെത്തിയ മന്ത്രി അവിടെവച്ചും മാധമങ്ങളോടു പ്രതികരിച്ചിരുന്നില്ല. രാവിലെ ബിജെപി പ്രവര്‍ത്തകര്‍ വന്‍ സ്വീകരണമാണ് റെയില്‍വേ സ്‌റ്റേഷനില്‍ ഒരുക്കിയത്.

ALSO READ   വ്യാജ സത്യപ്രസ്താവന, ഇരട്ട വോട്ട്, ഇരട്ട തിരിച്ചറിയല് കാര്ഡ്; സുരേഷ് ഗോപിയുടെ കുടുംബാംഗങ്ങളെ കാത്തിരിക്കുന്നത് വന് നിയമക്കുരുക്ക്; രണ്ടു കാര്ഡ് കൈവശം വയ്ക്കാന് അവകാശമില്ല, ഒരു മണ്ഡലത്തില് കൂടുതല് വോട്ടും പാടില്ല

Signature-ad

കന്യാസ്ത്രീകളുടെ വീടു സന്ദര്‍ശിക്കുമോ, വോട്ടു ചേര്‍ത്തെന്ന ആരോപണങ്ങളില്‍ എന്താണു പ്രതികരണം, ഛത്തീസ്ഗഡിലെ ആക്രമണങ്ങളെക്കുറിച്ച് എന്തു പറയുന്നു എന്നിങ്ങനെ നിരവധി ചോദ്യങ്ങളാണു മാധ്യമങ്ങള്‍ നടത്തിയത്. കഴിഞ്ഞ 17ന് ആണ് ഇവിടെയെത്താന്‍ ഇരുന്നത്. അഞ്ചു പ്രവര്‍ത്തകരെ കാണാനാണ് അദ്ദേഹം പെട്ടെന്നു സന്ദര്‍ശനത്തിനു തയാറായത്. ഇവിടെനിന്നു നേരിട്ടു കോതമംഗലത്തേക്കു പോകുമെന്നാണ് അറിയുന്നത്.

ആലത്തൂര്‍ മണ്ഡലത്തിലെ ആര്‍എസ്എസ് നേതാവിനും ഭാര്യക്കും തൃശൂരില്‍ വേറെ തിരിച്ചറിയല്‍ കാര്‍ഡ് ലഭിച്ചതടക്കം വന്‍ വിവാദങ്ങളാണ് അടുത്തിടെ തൃശൂരില്‍ ഉയര്‍ന്നിട്ടുള്ളത്. ഭാരതീയ വിചാരകേന്ദ്രം മുന്‍ ഭാരവാഹി കെ.ആര്‍ ഷാജിക്കാണ് രണ്ട് തിരിച്ചറിയല്‍ കാര്‍ഡ്. എന്നാല്‍ രണ്ട് ഐഡി കാര്‍ഡ് ലഭിച്ചത് രണ്ട് സ്ഥലത്ത് വോട്ടുള്ളതിനാലാണെന്ന് കെ.ആര്‍ ഷാജി മീഡിയ സ്വകാര്യ ചാനലിനോടു പറഞ്ഞു. തൃശൂരില്‍ വോട്ട് ചേര്‍ത്തത് സുരേഷ് ഗോപിക്ക് വോട്ട് ചെയ്യാന്‍ വേണ്ടിയായിരുന്നെന്നും എന്നാല്‍ വോട്ട് ചെയ്യാനായില്ലെന്നും ഷാജി പറഞ്ഞു.

രണ്ട് നമ്പറുകളില്‍ വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡും വോട്ടും ഉണ്ടാകുന്നത് ഗുരുതര കുറ്റകൃത്യമാകുമ്പോഴാണ് ആര്‍എസ്എസ് നേതാവിന് രണ്ട് ഐഡി കാര്‍ഡ് കണ്ടെത്തിയത്. തനിക്ക് എങ്ങനെ രണ്ട് കാര്‍ഡ് ലഭിച്ചു എന്നുള്ളത് എലെക്ഷന്‍ കമീഷനോട് ചോദിക്കണമെന്നും ഷാജി പറഞ്ഞു. ആലത്തൂരിലെ ഷാജിയുടെ ഐഡി നമ്പര്‍ ‘ജിവിക്യു 1037092’; തൃശൂരിലെ കാര്‍ഡ് എപ്പിക് നമ്പര്‍ ‘ഐഡിസെഡ് 2317303’ എന്നിങ്ങനെയാണ് രണ്ട് കാര്‍ഡുകള്‍.

എങ്ങനെയും തൃശൂര്‍ പിടിക്കാനുറച്ച് രംഗത്തിറങ്ങിയ ബിജെപി നടത്തിയ വന്‍ ക്രമക്കേടുകളുടെ വിവരങ്ങളാണു മൂന്നാം ദിവസവും പുറത്തുവരുന്നത്. സുരേഷ് ഗോപിയുടെ ഡ്രൈവറുടെ വോട്ടുവരെ ചേര്‍ത്തെന്ന ആരോപണം കഴിഞ്ഞ ദിവസങ്ങളില്‍ ഉയര്‍ന്നെങ്കില്‍, ഇപ്പോള്‍ അതിന്റെ തെളിവടക്കമാണ് പുറത്തുവരുന്നത്. വോട്ടര്‍ പട്ടികയില്‍ പേരുചേര്‍ക്കണമെങ്കില്‍ സ്ഥിര താമസക്കാരനാകണമെന്ന ചട്ടം ലംഘിച്ചാണു സുരേഷ് ഗോപി പേരു ചേര്‍ത്തതെന്നും ഇക്കുറി അദ്ദേഹത്തിനും കുടുംബത്തിനും തിരുവനന്തപുരത്താണു വോട്ടെന്നും പുറത്തുവന്നിട്ടുണ്ട്. ഇതു ഗുരുതര ചട്ടലംഘനമാണ്.

പൂങ്കുന്നത്തെ ക്യാപിറ്റല്‍ ഇ4ല്‍ താമസിക്കാതെ വോട്ട് ചേര്‍ത്ത തിരുവനന്തപുരം സ്വദേശിയായ എസ്.അജയകുമാര്‍ സുരേഷ് ഗോപിയുടെ ഡ്രൈവര്‍ ആണെന്ന് അയല്‍വാസി പറഞ്ഞു. നിയമസഭ, തദ്ദേശ തെരഞ്ഞെടുപ്പ് വോട്ടര്‍ പട്ടികയില്‍ ഇയാളുടെ വോട്ട് തിരുവനന്തപുരത്താണ് എന്നതിനും തെളിവുകള്‍ ലഭിച്ചു. വോട്ടര്‍ ഐഡി നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കള്ളക്കളി വ്യക്തമായത്.

ക്യാപിറ്റല്‍ വില്ലേജ് സി4 ഫ്ലാറ്റ് ഉടമക്ക് അറിയുക പോലും ചെയ്യാത്ത താമസക്കാരനാണ് അജയകുമാര്‍. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ എസ്. അജയകുമാറിന്റെ പോളിംഗ് ബൂത്ത് ശാസ്തമംഗലത്തെ എന്‍എസ്എസ്എച്ച്എസ്എസിലായിരുന്നു. തൃശൂരിലെ അജയകുമാര്‍ തന്നെയാണ് തിരുവനന്തപുരത്തെയും അജയകുമാര്‍ എന്നത് അയല്‍വാസി സ്ഥിരീകരിച്ചു.

നടക്കാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിനുള്ള കരട് വോട്ടര്‍പട്ടികയില്‍ ശാസ്തമംഗലത്തെ ആറ്റിങ്കര പറമ്പില്‍ വീടും, പോളിംഗ് സ്റ്റേഷന്‍ ശാസ്തമംഗലം എന്‍എസ്എസ് സ്‌കൂളും തന്നെയാണ്. കേന്ദ്ര മന്ത്രി സുരേഷ് ഗോപിയിലേക്കാണ് തൃശൂരിലെ വോട്ടുകൊള്ള എത്തി നില്‍ക്കുന്നത്.

അതേസമയം, തൃശ്ശൂര്‍ പൂങ്കുന്നത്തെ ഫ്ലാറ്റില്‍ വീട്ടമ്മ അറിയാതെ ചേര്‍ത്ത വ്യാജ വോട്ടുകള്‍ ആബ്സെന്റ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തി ഒഴിവാക്കിയതായാണ് താന്‍ ഓര്‍ക്കുന്നത് എന്ന് തെരഞ്ഞെടുപ്പ് കാലത്തെ ബൂത്ത് ലെവല്‍ ഓഫീസര്‍ ആയിരുന്ന ആനന്ദ് സി. മേനോന്‍ പറഞ്ഞു. ചട്ടപ്രകാരം പരിശോധന നടത്തിയാണ് വോട്ടര്‍മാരെ ചേര്‍ത്തത്. വ്യാജന്മാര്‍ പട്ടികയില്‍ ഇടം നേടിയിട്ടുണ്ടെങ്കില്‍ അത് എങ്ങനെയെന്ന് അറിയില്ല. ബിഎല്‍ഒ ചുമതല ആദ്യമായാണ് നിര്‍വഹിക്കുന്നതെന്നും പരിചയക്കുറവ് ഉണ്ടായിരുന്നെന്നും ആനന്ദ് സി. മേനോന്‍ പറഞ്ഞു. ശങ്കരങ്കുളങ്ങരയില ഫ്‌ളാറ്റില്‍ 79 പേരെ വ്യാജ വോട്ടര്‍മാരായി ചേര്‍ത്തെങ്കിലും തിരിച്ചറിഞ്ഞതോടെ 78 പേരും വോട്ടു ചെയ്തില്ല. മുന്‍ കൗണ്‍സിലര്‍ വത്സല ബാബുരാജ് ആണു ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.

തൃശൂരിലടക്കം സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ വ്യാജവോട്ട് ചേര്‍ക്കല്‍ നടന്നെന്ന ആക്ഷേപം വ്യാപകമാകുമ്പോളും ഇതുവരെ തെരഞ്ഞെടുപ്പു കമ്മീഷന്‍ ഇടപെട്ടില്ല. പരാതി ലഭിക്കാതെ ആരോപണം പരിശോധിക്കില്ലെന്നാണ് കമ്മിഷന്റെ നിലപാട്. ഇതുവരെ പരാതി ലഭിച്ചിട്ടില്ല. പരാതി നല്‍കിയാല്‍ പരിശോധിക്കും.

ലോക്‌സഭ തിരഞ്ഞെടുപ്പ് പ്രക്രിയ പൂര്‍ത്തിയായതിനാല്‍ പരാതിയില്‍ എങ്ങിനെ ഇടപെടാമെന്നതിലും സംശയമുണ്ട്. അതിനാല്‍ തുടര്‍നടപടി സ്വീകരിക്കുന്നതില്‍ ഇലക്ഷന്‍ കമ്മിഷനോട് അഭിപ്രായം തേടിയ ശേഷം നിയമോപദേശം തേടുമെന്നും മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു.

വിവിധ മലയാളം വാര്‍ത്താ മാധ്യമങ്ങള്‍ നടത്തിയ വ്യത്യസ്ത അന്വേഷണങ്ങളില്‍ കഴിഞ്ഞ ദിവസം വന്‍ ക്രമക്കേടു നടന്നെന്നു കണ്ടെത്തിയിരുന്നു. തൃശൂര്‍ അയ്യന്തോളിലെ വാട്ടര്‍ ലില്ലി അപ്പാര്‍ട്ട്‌മെന്റ്, പൂങ്കുന്നം ഇന്‍ലാന്റ് ഉദയനഗര്‍ അപ്പാര്‍ട്ട്‌മെന്റ് എന്നിവ കേന്ദ്രീകരിച്ചു വന്‍ തോതില്‍ വോട്ടു ചേര്‍ത്തെന്നും ഇതില്‍ പലരും ഇവിടെയിപ്പോള്‍ താമസക്കാരല്ലെന്നും നേരിട്ടു നടത്തിയ അന്വേഷണങ്ങളില്‍ വ്യക്തമായി.

അടഞ്ഞ് കിടക്കുന്നതും വോട്ടര്‍ പട്ടികയിലെ പേരുകാര്‍ താമസമില്ലാത്തതുമായ വാട്ടര്‍ലില്ലി ഫ്‌ലാറ്റില്‍ നിന്നുമാത്രം 30 പേരാണ് കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ തൃശൂരിലെ വോട്ടര്‍ പട്ടികയില്‍ ഇടം പിടിച്ചത്. കോര്‍പറേഷനും ലോക്‌സഭാ മണ്ഡലത്തിനും പുറത്ത് നിന്നുള്ള ഇവരാരും ഇപ്പോള്‍ ഈ ഫ്‌ലാറ്റില്‍ താമസക്കാരല്ല. എന്നാല്‍, പൂങ്കുന്നത്തെ ഇന്‍ ലാന്റ് ഉദയ നഗര്‍ അപ്പാര്‍ട്ട്‌മെന്റില്‍ നടത്തിയ പരിശോധനയില്‍ ഓരേ ഫ്‌ലാറ്റ് നമ്പര്‍ ഉപയോഗിച്ചും ഫ്‌ലാറ്റ് നമ്പര്‍ കൃത്യമായി രേഖപ്പെടുത്താതെയും ചിലര്‍ വോട്ടര്‍ പട്ടികയില്‍ ഇടം പിടിച്ചെന്നാണ്. ബൂത്ത് നമ്പര്‍ 37 ല്‍ ഫോറം 6 പ്രകാരം വോട്ടര്‍ പട്ടികയില്‍ പുതുതായി ഇടംനേടിയ 190 പേരില്‍ 24 പേരും മണ്ഡലത്തിന് പുറത്തു നിന്നുള്ളവരാണ്.

പൂങ്കുന്നത്തെ ക്യാപിറ്റല്‍ വില്ലേജ് അപ്പാര്‍ട്ട്‌മെന്റ്‌സിലെ നാല് സി എന്ന ഫ്‌ലാറ്റില്‍ ക്രമക്കേടിലൂടെ ചേര്‍ത്തത് ഒമ്പത് വോട്ടുകളാണ്. ഈ വോട്ടുകള്‍ ആരുടേതാണെന്ന് അറിയില്ലെന്ന് നാല് സിയില്‍ താമസിക്കുന്ന പ്രസന്ന അശോകന്‍ പറഞ്ഞു. വീട്ടില്‍ തനിക്കു മാത്രമാണ് വോട്ട് ഉണ്ടായിരുന്നതെന്നും ബാക്കിയുള്ളവ ആര് എങ്ങനെ ചേര്‍ത്തു എന്ന് അറിയില്ലെന്നും പ്രസന്ന വ്യക്തമാക്കി.

കഴിഞ്ഞതവണയും കള്ളവോട്ടുകളെക്കുറിച്ച് പരാതി നല്‍കിയിരുന്നെന്നും പ്രസന്ന പറഞ്ഞു. ഇല്ലാത്ത ആളുകളുടെ വോട്ടുകള്‍ തിരുകി കയറ്റിയെന്ന ആരോപണത്തില്‍ വീട്ടമ്മയായ പ്രസന്ന അശോകനെ പിന്തുണച്ച് അയല്‍വാസികളും രംഗത്തെത്തി. വോട്ടര്‍ പട്ടികയിലെ ആളുകളെ കണ്ടിട്ടേ ഇല്ലെന്ന് വര്‍ഷങ്ങളായി ക്യാപ്പിറ്റല്‍ വില്ലേജില്‍ താമസിക്കുന്ന ചിലരും ചൂണ്ടിക്കാട്ടി. കള്ളവോട്ട് ചേര്‍ത്തതില്‍ നേരത്തെ പരാതി നല്‍കിയതാണെന്നും നടപടി ഒന്നും ഉണ്ടായില്ലെന്നും കോണ്‍ഗ്രസ് അറിയിച്ചു.

രാഹുല്‍ ഗാന്ധിയുടെ വെളിപ്പെടുത്തലോടെ പുറത്ത് വരികയും തൃശൂരില്‍ എല്‍ഡിഎഫും, യുഡിഎഫും പരാതികള്‍ ഉന്നയിക്കുകയും ചെയ്ത തെരഞ്ഞെടുപ്പ് ക്രമക്കേടിന്റെ കൂടുതല്‍ വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. രാജ്യവ്യാപകമായി തന്നെ ഈ വിഷയം ചര്‍ച്ചയായിക്കഴിഞ്ഞു. ദേശീയ തലത്തിലടക്കം പ്രതിപക്ഷത്തിന്റെ നേതൃത്വത്തില്‍ ശക്തമായ പ്രതിഷേധം ഉയര്‍ന്നിരിക്കുകയാണ്.

ലോക്‌സഭാ തെരഞ്ഞെടു വേളയില്‍തന്നെ ബിജെപിക്കു വിജയ പ്രതീക്ഷയില്ലാത്ത തൊട്ടടുത്ത ആലത്തൂര്‍ മണ്ഡലത്തില്‍നിന്നുള്ളവരെ ഇവിടെയെത്തിച്ച് വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തിയെന്ന് ആരോപണം ഉയര്‍ന്നിരുന്നു. പതിനായിരക്കണക്കിനു വോട്ടുകള്‍ പുതുതായി ചേര്‍ത്തെന്ന് ബിജെപി അവകാശവാദവും അന്നുന്നയിച്ചിരുന്നു. എന്നാല്‍, ഇത് വ്യാജ മേല്‍വിലാസമുണ്ടാക്കിയുള്ളതാണ് എന്നതിന്റെ വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

Back to top button
error: