ഇടതുപക്ഷത്തിന് ഗുണകരമാകുന്നില്ല ; കോട്ടയത്തെ എല്‍ഡിഎഫ് തോല്‍വിക്ക് കാരണം കേരളാകോണ്‍ഗ്രസ് എന്ന് സിപിഐ ; ഇപ്പോഴും മാണി വിഭാഗത്തിലെ ഭൂരിഭാഗത്തിന്റെയും മനസ്സ് യുഡിഎഫില്‍

കോട്ടയം: കേരളാകോണ്‍ഗ്രസിലെ ഭൂരിഭാഗത്തിനും ഇപ്പോഴും യുഡിഎഫ് ചായ് വാണെന്നും കോട്ടയത്ത് എല്‍ഡിഎഫിന്റെ വോട്ടുകളില്‍ ചോര്‍ച്ചയുണ്ടാകുന്നതിന് പ്രധാന കാരണം ഇതാണെന്നും സിപിഐ. കേരളാകോണ്‍ഗ്രസ് മുന്നണിയില്‍ എത്തിയിട്ടും ഇടതുപക്ഷത്തിന് കാര്യമായ വോട്ട് സമാഹരണം സാധ്യമാകുന്നില്ലെന്നും പ്രതീക്ഷിച്ച രീതിയിലുള്ള വോട്ടുകള്‍ കിട്ടുന്നില്ലെന്നും യോഗം വിലയിരുത്തി.
കോട്ടയത്ത് എല്‍ഡിഎഫിനുണ്ടാകുന്ന തിരിച്ചടിക്ക് കാരണമായി സംഘടനാറിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നത് കേരളാകോണ്‍ഗ്രസ് മാണി വിഭാഗത്തിന്റെ കാലുവാരലാണ്. കേരളാകോണ്‍ഗ്രസിന്റെ നേതാക്കളുടെയും പ്രവര്‍ത്തകരുടേയും മനോഭാവം കാരണം എല്‍ഡിഎഫിന്റെ പാര്‍ട്ടി വോട്ടുകള്‍ പോലും ചോര്‍ന്നു പോകുകയും യുഡിഎഫിന് അനുകൂലമായ സാഹചര്യം ഒരുക്കിയെന്നും റിപ്പോര്‍ട്ടില്‍ വിമര്‍ശനമുണ്ട്്.
മുന്നണിബന്ധങ്ങള് കൂടുതല്‍ ശക്തമാക്കേണ്ടതിന്റെ ആവശ്യകത റിപ്പോര്‍ട്ടില്‍ എടുത്തുപറയുന്നുണ്ട്. കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ വൈക്കം നിയോജക മണ്ഡലത്തില്‍ മാത്രമാണ് എല്‍ഡിഎഫിന് മേല്‍ക്കോയ്മ ഉണ്ടായത്. ഇതിന് കാരണം സിപിഐ അണികളുടെ അഹോരാത്രമുള്ള പ്രവര്‍ത്തനത്തിന്റെ ഫലമാണെന്നും ഭാവിയിലേക്ക് മുന്നണിബന്ധങ്ങള് ശക്തിപ്പെടുത്തി മികച്ചതും കൂട്ടായതുമായ പ്രവര്‍ത്തനങ്ങള്‍ക്ക് നടപടിയെടുക്കണമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.






