Breaking NewsCrimeIndiaLead NewsNEWSNewsthen SpecialSocial MediaTRENDING

മൊബൈല്‍ ഫോണോ ജീവനോ വലുത്? ട്രെയിനില്‍ ഫോണ്‍ മോഷ്ടിച്ച കള്ളനെ പിടികൂടാന്‍ കമ്പാര്‍ട്ട്‌മെന്റുകളിലൂടെ പാഞ്ഞ് യാത്രക്കാര്‍; ഒടുവില്‍ അതിസാഹസികത; ഇന്റര്‍സിറ്റി എക്‌സ്പ്രസില്‍നിന്നുള്ള വീഡിയോ വൈറല്‍

ന്യൂഡല്‍ഹി: ട്രെയിനുകളില്‍ മൊബൈല്‍ ഫോണ്‍ മോഷണം സാധാരണ സംഭവമാണ്. പ്ലാറ്റ്‌ഫോമുകളില്‍ നിന്നെടുക്കുന്ന ട്രെയിനില്‍ ജനലിനരികെ നിന്ന് ഫോണ്‍ തട്ടിപ്പറിച്ച് ഓടുന്ന കള്ളന്‍മാരുടെ വിഡിയോകള്‍ ഇന്‍സ്റ്റാഗ്രാമില്‍ സര്‍വസാധാരണവുമാണ്. ബിഹാറിലും യുപിയിലും ഇത്തരത്തില്‍ മോഷണങ്ങള്‍ സാധാരണമാണ്. മോഷ്ടിക്കപ്പെട്ട മൊബൈലുകള്‍ പിന്നീട് തിരികെ കിട്ടുക വളരെ പ്രയാസമാണ്. എന്നാല്‍ ഒരു ഫോണ്‍ മോഷ്ടിച്ച് കിട്ടുന്ന തുച്ഛമായ തുകയ്ക്കായി മോഷ്ടാക്കള്‍ എടുക്കുന്ന റിസ്‌ക് ചെറുതല്ല. ഇത്തരത്തില്‍ ഒരു മോഷ്ടാവിന്റെ സാഹസിക വിഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചുകൊണ്ടിരിക്കുന്നത്. സാഹസികതയാണോ മണ്ടത്തരമാണോ എന്നതാണ് ചോദ്യം.

Signature-ad

 

ഭഗല്‍പൂര്‍-മുസഫര്‍പൂര്‍ ജനസേവ ഇന്റര്‍സിറ്റി എക്‌സ്പ്രസിലാണ് സംഭവം അരങ്ങേറിയത്. ബിഹാറിലെ മുന്‍ഗാറില്‍ വച്ച് കള്ളന്‍ ഒരു യാത്രക്കാരിയുടെ ഫോണ്‍ തട്ടിപ്പറിച്ചു. പ്ലാറ്റ്‌ഫോമില്‍ നിന്നോ മറ്റും ആയിരുന്നില്ല മോഷണം. ഓടുന്ന ട്രെയിനില്‍ വച്ചായിരുന്നു. കള്ളന്‍ ട്രെയിനിലെ ബോഗികളിലൂടെ ഫോണും കയ്യില്‍ പിടിച്ച് കുതിച്ചു. പിന്നാലെ മറ്റ് യാത്രക്കാരും. ഒടുവില്‍ പിടിയിലാകുമെന്ന് ഉറപ്പിച്ച കള്ളന്‍ ട്രയിനിന്റെ ഡോറില്‍ നിന്നും ഫുട്‌ബോര്‍ഡിലേക്ക് ഇറങ്ങി നിന്നു. കള്ളന് ഇനി പോകാന്‍ മറ്റിടമൊന്നുമില്ല, കള്ളന്‍ പിടിയിലായി എന്ന ആശ്വാസത്തിലായിരുന്നു ഫോണ്‍ നഷ്ടമായ യാത്രക്കാരിയും മറ്റ് യാത്രികരും.

ഏറെ നേരം കള്ളനെ വലിച്ചുകയറ്റാന്‍ യാത്രക്കാര്‍ പരിശ്രമിച്ചു. എന്നാല്‍ കള്ളന്‍ സ്റ്റെപ്പുകളുടെ അവസാനത്തെ പടിയില്‍ ഇറങ്ങി നിന്നു. കള്ളനോട് ആളുകള്‍ കയറിവരാന്‍ പറയുന്നത് ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാണ്. എന്നാല്‍ ഇത് കൂട്ടാക്കാതെ കള്ളന്‍ തൂങ്ങി നില്‍ക്കുന്നു. അപകടകരമാം വിധം തൂങ്ങി നിന്ന കള്ളന്റെ ശരീരത്തില്‍ റെയില്‍വേയുടെ വശങ്ങളിലുള്ള ചെടികള്‍ തട്ടുന്നത് കാണാവുന്നതാണ്. ഒടുവില്‍ എല്ലാവരെയും ഞെട്ടിച്ച് കള്ളന്‍ കുറ്റിച്ചെടികള്‍ക്കിടയിലേക്ക് ചാടുന്നതോടെ ദൃശ്യം അവസാനിക്കുകയാണ്.

ട്രെയിന്‍ അതിവേഗത്തില്‍ പാഞ്ഞുപോവുകയും ചെയ്തു. എന്നാല്‍ കള്ളന്‍ രക്ഷപ്പെട്ടോ എന്ന് വ്യക്തമല്ല. അല്‍പം പണത്തിനായി ആളുകള്‍ ജീവന്‍ കളയാന്‍ പോലും തയ്യാറാകുന്നത് ആ നാടിന്റെ ദുരവസ്ഥ എടുത്ത് കാണിക്കുന്നെന്ന് വിഡിയോയ്ക്ക് താഴെ കമന്റുകളുണ്ട്. സംഭവത്തില്‍ റെയില്‍വേ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

/bihar-train-mobile-theft-viral-video-thief-jumps-off-train

Back to top button
error: