സംസ്ഥാനത്ത് വൈദ്യുതാഘാതമേറ്റ് വീണ്ടും മരണം ; മോട്ടോര്‍പുരയിലേക്ക് പോയ വീട്ടമ്മ ഷോക്കേറ്റ് മരിച്ചു ; ദുരന്തമുണ്ടാക്കിയത് കൃഷിയിടത്ത് പൊട്ടിവീണ വൈദ്യുതിലൈന്‍

തൃശൂര്‍: സ്കൂള്‍ കെട്ടിടത്തിന് മീതെയുള്ള വൈദ്യൂതി ലൈനില്‍ തട്ടി വിദ്യാര്‍ത്ഥി മരിച്ചതിന്റെ ഷോക്ക് അടങ്ങും മുമ്പ് വൈദ്യൂതാഘാതമേറ്റ് സംസ്ഥാനത്ത് ഞെട്ടിക്കുന്ന മറ്റൊരു മരണം കൂടി. കൃഷിയിടത്തിലെ പൊട്ടിവീണ വൈദ്യുതി കമ്പിയില്‍ നിന്ന് ഷോക്കേറ്റ് സ്ത്രീക്ക് ദാരുണാന്ത്യം.
കുണ്ടന്നൂര്‍ തെക്കേക്കര മാളിയേക്കല്‍ വീട്ടില്‍ ബെന്നിയുടെ ഭാര്യ ജൂലി(48)യാണ് ഷോക്കേറ്റ് മരിച്ചത്. ഒപ്പം ഉണ്ടായിരുന്ന ഭര്‍ത്താവിനും ഷോക്കേറ്റു. എരുമപ്പെട്ടി കുണ്ടന്നൂരില്‍ വെള്ളിയാഴ്ച രാവിലെ ഒമ്പത് മണിക്ക് ശേഷമാണ് നാടിനെ നടുക്കിയ അപകടമുണ്ടായത്.
വീടിനോട് ചേര്‍ന്നുള്ള കൃഷിയിടത്തില്‍ തേങ്ങ പെറുക്കുവാനായി പോയതായിരുന്നു ജൂലി. അപ്പോഴായിരുന്നു അപകടമുണ്ടായത്. പറമ്പിലെ മോട്ടോര്‍ പുരയിലേക്ക് പോയിരുന്ന വൈദ്യുതി ലൈന്‍ പൊട്ടിവീണ് അതില്‍ നിന്നാണ് ജൂലിക്ക് ഷോക്കേറ്റത്.
ഒപ്പം ഉണ്ടായിരുന്ന ഭര്‍ത്താവ് ബെന്നിക്കും ഷോക്കേറ്റുവെങ്കിലും അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. പരിക്കേറ്റ ജൂലിയെ ഉടനെ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. കഴിഞ്ഞമാസമായിരുന്നു കൊല്ലം തേവലക്കരയില്‍ സ്കൂളിന് മുകളിലൂടെ കിടന്ന വൈദ്യുതി ലൈനില്‍ തട്ടി മേല്‍ക്കൂരയ്ക്ക് മേല്‍ വീണ കൂട്ടുകാരന്റെ ചെരിപ്പെടുക്കാന്‍ കയറിയ വിദ്യാര്‍ത്ഥി മരിച്ചത്.






