കൊച്ചി മെട്രോയില്‍ താഴേക്ക് ചാടിയ യുവാവ് മരണത്തിന് കീഴടങ്ങി ; മരിച്ചത് മലപ്പുറം തിരൂരങ്ങാടി സ്വദേശി നിസാര്‍ ; വയഡക്ടിലേയ്ക്ക് കയറിയത് ആരുമറിയാതെ

കൊച്ചി: നഗരത്തെ ഏറെ നേരം മുള്‍മുനയില്‍ നിര്‍ത്തിയ ശേഷം കൊച്ചി മെട്രോ വയഡക്ടില്‍ നിന്ന് താഴേക്ക് ചാടിയ യുവാവ് മരണത്തിന് കീഴടങ്ങി. ഗുരുതരമായ അവസ്ഥയില്‍ യുവാവിനെ മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലേക്ക് അടിയന്തിര ചികിത്സയ്ക്കായി കയറ്റിയെങ്കിലും ജീവന് രക്ഷിക്കാനായില്ല. മലപ്പുറം തിരൂരങ്ങാടി സ്വദേശി നിസാറാണ് മരണമടഞ്ഞത്.
ആത്മഹത്യാഭീഷണി മുഴക്കിയ ഇയാള്‍ തൃപ്പൂണിത്തുറ വടക്കേ കോട്ടയ്ക്കും എസ് എന്‍ ജംഗ്ഷനുമിയിലുള്ള വയഡക്ടില്‍ കയറി നിന്ന് ആശങ്കപ്പെടുത്തിയിരുന്നു. ട്രാക്കിന് മുകളിലെ വാക്ക് വേയിലേക്ക് എമര്‍ജന്‍സി പാസ് വേയിലൂടെ നടന്നെത്തിയ ഇയാളോട് താഴേക്ക് ഇറങ്ങാന്‍ ആവശ്യപ്പെട്ടപ്പോള്‍ ചാടുമെന്ന് ഭീഷണി മുഴക്കുകയായിരുന്നു. പിന്നീട് വയഡക്ടിന്റെ കൈവരിയില്‍ നിന്ന് താഴേക്ക് ചാടി.
ഫയര്‍ ഫോഴ്സും പൊലീസുമെത്തി അനുനയിപ്പിക്കാന്‍ ശ്രമിച്ചിരുന്നു. താഴേയ്ക്ക് വീണ യുവാവിനെ ഗുരുതരമായി പരിക്കേറ്റ നിലയില്‍ ആദ്യം വികെഎം ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഗുരുതരാവസ്ഥയെ തുടര്‍ന്ന് മെഡിക്കല്‍ ട്രസ്റ്റിലേക്ക് മാറ്റിയിരുന്നു.
ആരുടേയും ശ്രദ്ധയില്‍ പെടാതെയാണ് ഇയാള്‍ വയഡക്ടിലേയ്ക്ക് കയറിയത്. സംഭവത്തെ തുടര്‍ന്ന് മെട്രോ റെയിലിന്റെ വൈദ്യുതി കണക്ഷന് വിഛേദിക്കുകയും മെട്രോ റെയില്‍ സര്‍വീസ് ആലുവയില്‍ നിന്ന് കടവന്ത്ര വരെയാക്കി ചുരുക്കിയിരുന്നു. അതേസമയം ഇയാള്‍ എന്തിനാണ് ആത്മഹത്യ ചെയ്തെന്ന വിവരം പുറത്തുവന്നിട്ടില്ല. കൂടുതല്‍ അന്വേഷണങ്ങള്‍ നടന്നുവരുന്നതേയുള്ളൂ.






