വണ്ടിയൊന്നിന് സര്‍ക്കാരിന് വരുമാനം 3.26% കമ്മീഷന്‍; വാഹനങ്ങള്‍ ഇനി ഔദ്യോഗികമായി പൊളിക്കും, മധ്യമേഖലയിലെ കരാര്‍ കെഎസ്ആര്‍ടിസിയ്ക്ക്

പത്തനംതിട്ട: കാലാവധി കഴിഞ്ഞ വാഹനങ്ങള്‍ പൊളിച്ച് ആക്രിയാക്കാന്‍ ഔദ്യോഗിക സംവിധാനം സംസ്ഥാനത്ത് ഒരുങ്ങുന്നു. പൊതുമേഖലാ സ്ഥാപനമായ സ്റ്റീല്‍ ഇന്‍ഡസ്ട്രീസ് കേരള ലിമിറ്റഡിനാണ് (സില്‍ക്ക്) അനുമതി കിട്ടിയത്. സംസ്ഥാനത്തിന്റെ തെക്ക്, വടക്ക് മേഖലകളിലെ പൊളിക്കല്‍ കേന്ദ്രങ്ങളാണ് സില്‍ക്കിന് കരാര്‍ കിട്ടിയത്. മധ്യമേഖലയിലെ കരാര്‍ കെഎസ്ആര്‍ടിസിയെ ഏല്‍പ്പിക്കാനാണ് ഉദ്ദേശിച്ചിരിക്കുന്നത്. അതിന്റെ നടപടി ഒന്നുമായിട്ടില്ല.
രജിസ്റ്റേര്‍ഡ് വെഹിക്കിള്‍ സ്‌ക്രാപ്പിങ് ഫസിലിറ്റി (ആര്‍വിഎസ്എഫ്) എന്നാണ് പൊളിക്കല്‍ യൂണിറ്റുകള്‍ അറിയപ്പെടുന്നത്. വായുമലിനീകരണം കുറയ്ക്കുകയാണ് ലക്ഷ്യം. വടക്കന്‍മേഖലയിലെ കേന്ദ്രം കണ്ണൂര്‍ അഴീക്കലാണ്. തെക്കന്‍ മേഖലയിലേത് തിരുവനന്തപുരത്തോ ചേര്‍ത്തലയിലോ ആയിരിക്കും. ഇക്കാര്യം ഉടന്‍ തീരുമാനിക്കും.
15 വര്‍ഷം കഴിഞ്ഞവാഹനങ്ങള്‍ ഒഴിവാക്കുക എന്ന കേന്ദ്ര സര്‍ക്കാര്‍ നയത്തിന്റെ അടിസ്ഥാനത്തിലാണ് പൊളിക്കല്‍ കേന്ദ്രങ്ങള്‍ സ്ഥാപിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം കൊടുത്തത്. കേന്ദ്ര ഉപരിതല ഗതാഗതമന്ത്രാലയം പൊളിക്കല്‍ കേന്ദ്രങ്ങള്‍ തുടങ്ങാനുള്ള മാര്‍ഗരേഖ ഇറക്കിയിരുന്നു. നിശ്ചിത വിസ്തൃതിയിയുള്ള ഭൂമിയും നടത്തിപ്പ് ശേഷിയുമുള്ള ആര്‍ക്കും തുടങ്ങാം.
ടാറ്റ അടക്കമുള്ള വന്‍കിട ഗ്രൂപ്പുകള്‍ മറ്റു സംസ്ഥാനങ്ങളില്‍ ഇത്തരം കേന്ദ്രങ്ങള്‍ തുടങ്ങിയിട്ടുണ്ട്. കേരളത്തില്‍ സ്വകാര്യ ഏജന്‍സികള്‍ വേണ്ട എന്ന നയം സംസ്ഥാന സര്‍ക്കാരെടുത്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊതുമേഖലാ സ്ഥാപനങ്ങളില്‍നിന്ന് ടെന്‍ഡര്‍ ക്ഷണിച്ചത്. രാജ്യത്ത് ആദ്യമായി ഈ അനുമതി കിട്ടുന്ന പൊതുമേഖലാ സ്ഥാപനം സില്‍ക്കാണ്.






