Breaking NewsIndiaLead News

എസ്ഐപി വഴി ട്രഷറി ബില്ലുകളിലും നിക്ഷേപിക്കാം; പുതിയ സംവിധാനം ഒരുക്കി ആര്‍ബിഐ; സര്‍ക്കാരില്‍ നിന്ന് നേരിട്ട് ട്രഷറി ബില്ലുകള്‍ വാങ്ങാന്‍ സൗകര്യം

ന്യൂഡല്‍ഹി: ആര്‍ബിഐയുടെ റീട്ടെയില്‍ ഡയറക്ട് പ്ലാറ്റ്‌ഫോമിലെ സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാന്‍ (എസ്‌ഐപി) വഴി ഇനി നിക്ഷേപകര്‍ക്ക് ട്രഷറി ബില്ലുകളിലും നിക്ഷേപിക്കാം. ചില്ലറ നിക്ഷേപകര്‍ക്ക് സര്‍ക്കാര്‍ കടപ്പത്രങ്ങളില്‍ നിക്ഷേപിക്കാന്‍ റിസര്‍വ് ബാങ്ക് ഒരുക്കിയിരിക്കുന്ന സംവിധാനമാണ് റീട്ടെയില്‍ ഡയറക്ട് സ്‌കീം. ഇത് വിപുലീകരിക്കാനുള്ള പദ്ധതിയുടെ ഭാഗമായാണ് പുതിയ നടപടിയെന്ന് ആര്‍ബിഐ ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്ര പറഞ്ഞു.

ട്രഷറി ബില്ലുകള്‍ ഒരു വര്‍ഷം വരെ കാലാവധിയുള്ള ഹ്രസ്വകാല സര്‍ക്കാര്‍ കടപ്പത്രങ്ങളാണ്. ട്രഷറി ബില്ലുകള്‍ പലിശ വാഗ്ദാനം ചെയ്യുന്നില്ല. പക്ഷേ നാമമാത്ര മൂല്യത്തില്‍ പണം പിന്‍വലിക്കാന്‍ കഴിയുന്ന തരത്തില്‍ ഡിസ്‌കൗണ്ട് നിരക്കിലാണ് ട്രഷറി ബില്ലുകള്‍ ലഭിക്കുന്നത്. നിക്ഷേപകന് മൂലധന നേട്ടം സ്വന്തമാക്കാന്‍ കഴിയുന്ന തരത്തിലാണ് ഇവയുടെ പ്രവര്‍ത്തനം. നിലവില്‍, മ്യൂച്വല്‍ ഫണ്ടുകള്‍ വാഗ്ദാനം ചെയ്യുന്ന ലിക്വിഡ് ഫണ്ടുകള്‍ വഴി നിക്ഷേപകര്‍ക്ക് ട്രഷറി ബില്ലുകളില്‍ പരോക്ഷമായി നിക്ഷേപിക്കാം. എന്നാല്‍ സര്‍ക്കാരില്‍ നിന്ന് നേരിട്ട് ട്രഷറി ബില്ലുകള്‍ വാങ്ങാനുള്ള സംവിധാനമാണ് റീട്ടെയില്‍ ഡയറക്ട് പ്ലാറ്റ്ഫോമില്‍ ഒരുക്കിയിരിക്കുന്നത്.

Signature-ad

നിക്ഷേപം സിസ്റ്റമാറ്റിക്കായി ആസൂത്രണം ചെയ്യാന്‍ സാധിക്കുന്ന തരത്തില്‍ നിക്ഷേപ, പുനര്‍-നിക്ഷേപ ഓപ്ഷനുകള്‍ ഉള്‍ക്കൊള്ളുന്ന ട്രഷറി ബില്ലുകള്‍ (ടി-ബില്ലുകള്‍)ക്കായുള്ള ഒരു ഓട്ടോ-ബിഡ്ഡിംഗ് സൗകര്യം റീട്ടെയില്‍ ഡയറക്ടില്‍ ഒരുക്കിയിട്ടുണ്ട്. ട്രഷറി ബില്ലുകളുടെ പ്രാഥമിക ലേലങ്ങളില്‍ ബിഡ്ഡുകളുടെ പ്ലേസ്മെന്റ് സാധ്യമാക്കാന്‍ പുതിയ സംവിധാനം വഴിയൊരുക്കുന്നു.

റീട്ടെയില്‍ ഡയറക്ട് സ്‌കീമിന് കീഴില്‍ നിക്ഷേപകര്‍ക്ക് റിസര്‍വ് ബാങ്കില്‍ ഗില്‍റ്റ് അക്കൗണ്ടുകള്‍ തുറക്കാന്‍ സൗകര്യമൊരുക്കുന്നതിനായി 2021 നവംബറിലാണ് റീട്ടെയില്‍ ഡയറക്ട് പോര്‍ട്ടല്‍ ആരംഭിച്ചത്. പ്രാഥമിക ലേലങ്ങളില്‍ പങ്കെടുത്ത് സര്‍ക്കാര്‍ കടപ്പത്രങ്ങള്‍ വാങ്ങാനും സെക്കന്‍ഡറി മാര്‍ക്കറ്റില്‍ നിന്ന് സര്‍ക്കാര്‍ കടപ്പത്രങ്ങള്‍ വാങ്ങാനും വില്‍ക്കാനും നിക്ഷേപകരെ ഈ പദ്ധതി അനുവദിക്കുന്നു.

Back to top button
error: