Breaking NewsKeralaLead News

പുറംലോകം അറിയാത്ത രഹസ്യങ്ങള്‍ ഇനിയും ബാക്കി! സെബാസ്റ്റ്യന്‍ സ്ത്രീകളെ വശീകരിച്ചു സ്വത്തും പണവും കൈക്കലാക്കി കൊലപ്പെടുത്തുന്ന കുറ്റവാസനയുള്ള വ്യക്തി; നേരറിയാന്‍ റഡാര്‍ പരിശോധന

ആലപ്പുഴ: ദുരൂഹ സാഹചര്യത്തില്‍ മൂന്നു സ്ത്രീകളെ കാണാതായ കേസില്‍ ആരോപണ വിധേയനായ പള്ളിപ്പുറം ചൊങ്ങുംതറ സി.എം സെബാസ്റ്റ്യന്റെ (65) വീട്ടില്‍ റഡാര്‍ ഉപയോഗിച്ച് പരിശോധന ആരംഭിച്ചു. ഭൂമിക്കടിയില്‍ എന്തെങ്കിലും കുഴിച്ചിട്ടിട്ടുണ്ടോ എന്നു മനസ്സിലാക്കാനാണ് ഗ്രൗണ്ട് പെനസ്‌ട്രേറ്റിക് റഡാര്‍ ഉപയോഗിച്ച് പരിശോധന.

തിരുവനന്തപുരത്തെ നാഷനല്‍ സെന്റര്‍ ഫോര്‍ എര്‍ത്ത് സയന്‍സ് സ്റ്റഡീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് പരിശോധന. 2.3 മീറ്റര്‍ ആഴത്തിലാണ് കുഴിയെടുക്കുന്നത്. മൂന്നു സ്ഥലങ്ങള്‍ അടയാളപ്പെടുത്തിയിട്ടുണ്ട്. രണ്ടു വര്‍ഷത്തിനിടെ ജില്ലയുടെ വടക്കന്‍ മേഖലയിലെ ഒരു സഹകരണ ബാങ്കിലെ സ്വന്തം അക്കൗണ്ടില്‍ നിന്ന് 1.25 കോടി രൂപയും മറ്റൊരു സഹകരണ ബാങ്കിലെ അക്കൗണ്ടില്‍ നിന്ന് 40 ലക്ഷം രൂപയും സെബാസ്റ്റ്യന്‍ പിന്‍വലിച്ചിരുന്നു. ഈ പണത്തിന്റെ ഉറവിടം, പിന്‍വലിച്ചത് എന്തിനു വേണ്ടിയാണ് തുടങ്ങിയ കാര്യങ്ങളാണ് ക്രൈം ബ്രാഞ്ച് അന്വേഷിക്കുന്നത്.

Signature-ad

സ്ത്രീകളെ വശീകരിച്ചു സ്വത്തും പണവും കൈക്കലാക്കി കൊലപ്പെടുത്തുന്ന കുറ്റവാസനയുള്ള വ്യക്തിയാണു സെബാസ്റ്റ്യന്‍ എന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. നേരത്തെ നടത്തിയ പരിശോധനയില്‍ പള്ളിപ്പുറത്തെ വീട്ടില്‍നിന്ന് മൃതദേഹ അവശിഷ്ടങ്ങള്‍ കണ്ടെടുത്തിരുന്നു. ഇവ ഫൊറന്‍സിക് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. കോട്ടയത്തെ വീട്ടിലാണ് സെബാസ്റ്റ്യനും കുടുംബവും ഇപ്പോള്‍ താമസിക്കുന്നത്. അവിടെയും പരിശോധന നടത്തുന്നുണ്ട്.

കടക്കരപ്പള്ളി സ്വദേശി ബിന്ദു പത്മനാഭന്‍ (52), വാരനാട് സ്വദേശി റിട്ട.ഗവ ഉദ്യോഗസ്ഥ ഐഷ (57) ഏറ്റുമാനൂര്‍ അതിരമ്പുഴ കോട്ടമുറി കാക്കനാട്ടുകാലായില്‍ ജെയ്‌നമ്മ (ജെയ്ന്‍ മാത്യു54) എന്നിവരുടെ തിരോധാനവുമായി ബന്ധപ്പെട്ടാണ് സെബാസ്റ്റ്യനെ പൊലീസ് അറസ്റ്റ് ചെയ്തത്. തെളിവുകള്‍ ഇതുവരെ ലഭിച്ചിട്ടില്ല. സെബാസ്റ്റ്യന്റെ സാമ്പത്തിക ഇടപാടുകള്‍ ക്രൈംബ്രാഞ്ച് പരിശോധിക്കുന്നുണ്ട്.

ബിന്ദു പത്മനാഭനെയും ഐഷയേയും വസ്തു ഇടപാടുകളുമായി ബന്ധപ്പെട്ടാണു സെബാസ്റ്റ്യന്‍ പരിചയപ്പെട്ടത്. ബിന്ദുവിന്റെ എറണാകുളം ഇടപ്പള്ളിയിലുള്ള ഭൂമി തന്റെ പേരില്‍ വ്യാജ മുക്ത്യാര്‍ തയാറാക്കി 1.3 കോടി രൂപയ്ക്കു സെബാസ്റ്റ്യന്‍ വില്‍പന നടത്തിയതായി ക്രൈം ബ്രാഞ്ച് കണ്ടെത്തിയിരുന്നു. ബിന്ദുവിന്റെ പേരിലുള്ള മറ്റു വസ്തുക്കള്‍ വിറ്റ വകയിലും സെബാസ്റ്റ്യനു പണം ലഭിച്ചിട്ടുണ്ട്. ഐഷയെ കാണാതാകുമ്പോള്‍ ഭൂമി വാങ്ങാനുള്ള പണവും സ്വര്‍ണാഭരണങ്ങളും കൈവശമുണ്ടായിരുന്നെന്നും ബന്ധുക്കള്‍ പറയുന്നു. ഏറ്റവും ഒടുവില്‍ കാണാതായ ഏറ്റുമാനൂര്‍ അതിരമ്പുഴ കോട്ടമുറി കാക്കനാട്ടുകാലായില്‍ ജെയ്‌നമ്മയുടെ സ്വര്‍ണാഭരണങ്ങള്‍ സെബാസ്റ്റ്യന്‍ വില്‍പന നടത്തിയെന്നും കണ്ടെത്തി.

Back to top button
error: