Breaking NewsIndiaLead NewsNEWSpoliticsWorld

ലക്ഷ്യം സമ്പൂര്‍ണ അധിനിവേശം; ഗാസയുടെ നിയന്ത്രണം പിടിച്ചെടുക്കാന്‍ നിര്‍ണായക കൂടിക്കാഴ്ച നടത്തി ബെഞ്ചമിന്‍ നെതന്യാഹു; ഈയാഴ്ച തീരുമാനം; ഗാസ ഇനിയൊരിക്കലും ഇസ്രയേലിന് ഭീഷണിയാകരുതെന്ന് പുതിയ സൈനികരോട് പ്രധാനമന്ത്രി; 2005ലെ പിഴവ് ആവര്‍ത്തിക്കരുതെന്ന് വലതുപക്ഷ പാര്‍ട്ടികള്‍

കഴിഞ്ഞ 24 മണിക്കൂറിനിടെ എട്ടുപേര്‍ പോഷകാഹാരമില്ലാതെ മരിച്ചെന്നാണു ഹമാസിന്റെ നിയന്ത്രണത്തിലുള്ള ഗാസ ഹെല്‍ത്ത് മിനിസ്ട്രി അറിയിച്ചത്. ഇസ്രയേല്‍ ആക്രമണങ്ങളില്‍ 79 പേര്‍ കൊല്ലപ്പെട്ടെന്നും ഇവര്‍ പറഞ്ഞു. ഇതു ഹമാസ് നല്‍കുന്ന കണക്കാണെന്ന വിലയിരുത്തലാണ് ഇസ്രയേലിനുള്ളത്.

ടെല്‍ അവീവ്: ഗാസയില്‍ പൂര്‍ണ അധിനിവേശം ലക്ഷ്യമിട്ട് മുതിര്‍ന്ന സുരക്ഷാ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. രാജ്യാന്തര തലത്തില്‍ വെടിനിര്‍ത്തലിനായുള്ള ശക്തമായ സമ്മര്‍ദമുണ്ടായിട്ടും ഹമാസുമായുള്ള ചര്‍ച്ചകള്‍ മുന്നോട്ടു പോകാത്ത സാഹചര്യത്തിലാണ് 22 മാസമായി തുടരുന്ന യുദ്ധത്തിന്റെ അടുത്തഘട്ടം എങ്ങനെയാകണമെന്നതില്‍ മുതിര്‍ന്ന ഉദേ്യാസ്ഥരുമായി ചര്‍ച്ച നടത്തിയതെന്നു ഇസ്രയേലിലെ ചാനല്‍ 12 റിപ്പോര്‍ട്ട് ചെയ്തു. ഗാസയില്‍ പട്ടിണി പെരുകുന്നെന്ന വാര്‍ത്തകള്‍ക്കിടയിലാണ് നീക്കമെന്നതും ശ്രദ്ധേയം.

കഴിഞ്ഞ 24 മണിക്കൂറിനിടെ എട്ടുപേര്‍ പോഷകാഹാരമില്ലാതെ മരിച്ചെന്നാണു ഹമാസിന്റെ നിയന്ത്രണത്തിലുള്ള ഗാസ ഹെല്‍ത്ത് മിനിസ്ട്രി അറിയിച്ചത്. ഇസ്രയേല്‍ ആക്രമണങ്ങളില്‍ 79 പേര്‍ കൊല്ലപ്പെട്ടെന്നും ഇവര്‍ പറഞ്ഞു. ഇതു ഹമാസ് നല്‍കുന്ന കണക്കാണെന്ന വിലയിരുത്തലാണ് ഇസ്രയേലിനുള്ളത്. പലസ്തീനിലെ അഭയാര്‍ഥി ക്യാമ്പുകളെയും യുഎന്നിന്റെ ഏജന്‍സികളെയും ഏകോപിപ്പിക്കുന്നതും ഹമാസിന്റെ കീഴിലുള്ള യു.എന്‍.ആര്‍.ഡബ്യു.എ. (യുണൈറ്റഡ് നേഷന്‍സ് റിലീഫ് ആന്‍ഡ് വര്‍ക്ക് ഏജന്‍സി) ആണ്.

Signature-ad

ഈ സാഹചര്യത്തിലാണ് പ്രതിരോധ മന്ത്രി ഇസ്രയേല്‍ കാറ്റ്‌സ്, മിലിട്ടറി ചീഫ് ഓഫ് സ്റ്റാഫ് ഇയാല്‍ സമീര്‍ എന്നിവരുമായി ഭാവി പദ്ധതികള്‍ ചര്‍ച്ച ചെയ്തത്. ഇക്കാര്യത്തില്‍ ഈയാഴ്ചതന്നെ മന്ത്രിസഭ തീരുമാനമെടുക്കുമെന്ന് റോയിട്ടേഴ്‌സും റിപ്പോര്‍ട്ട് ചെയ്തു. നെതന്യാഹുവിന്റെ ഏറ്റവും അടുത്തയാളായ സ്ട്രാറ്റജിക് അഫയേഴ്‌സ് മന്ത്രി റോണ്‍ ഡെന്‍മറും കൂടിക്കാഴ്ചയിലുണ്ടായിരുന്നു.

നെതന്യാഹു പൂര്‍ണമായും ഗാസ പിടിച്ചെടുക്കണമെന്ന അഭിപ്രായത്തിലേക്ക് അടുക്കുന്നെന്നാണു അദ്ദേഹത്തിന്റെ ഓഫീസ് വൃത്തങ്ങളെ ഉദ്ധരിച്ചു ചാനല്‍ 12 റിപ്പോര്‍ട്ട് ചെയ്തത്. 2005ല്‍ സൈന്യത്തെ പിന്‍വലിച്ചു ഗാസയ്ക്കു പൂര്‍ണ അധികാരം നല്‍കിയ നീക്കത്തില്‍നിന്നു വ്യത്യസ്തമായ നിലപാടാണിതെന്നാണു വിലയിരുത്തുന്നത്. ഹമാസ് അവിടെ ശക്തിപ്രാപിച്ചതിനു പ്രധാന കാരണം ഈ നീക്കമായിരുന്നെന്ന വിമര്‍ശനം വലതുപക്ഷ പാര്‍ട്ടികള്‍ ഇപ്പോഴും ഉന്നയിക്കാറുണ്ട്.

ദീര്‍ഘകാലത്തേക്കാണോ അതോ ഹ്രസ്വകാലത്തേക്കാണോ ഈ നീക്കമെന്നതില്‍ അവ്യക്തതയുണ്ട്. എന്നാല്‍, ഇനിയൊരിക്കലും ഗാസയില്‍നിന്നു ഭീഷണി ഉയരാത്ത വിധത്തില്‍ അവിടെ ശത്രുവിനെ തകര്‍ക്കേണ്ടതുണ്ടെന്നായിരുന്നു സൈന്യത്തിലേക്കു പുതുതായി ചേര്‍ന്നരെ അഭിസംബോധന ചെയ്ത് കഴിഞ്ഞ ദിവസം നെതന്യാഹു പറഞ്ഞത്.

ശനിയാഴ്ച ഹമാസിന്റെ പിടിയിലുള്ള അമ്പതു ബന്ദികളില്‍ ഒരാളുടെ വീഡിയോ ഹമാസ് പുറത്തുവിട്ടിരുന്നു. ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ ഹമാസിന്റെ ടണലുകളിലൊന്നില്‍നിന്നാണ്. ബന്ദികളുടെ അവസ്ഥയ്‌ക്കെതിരേ വ്യാപക വിമര്‍ശനവും ഉയര്‍ന്നിരുന്നു. ബന്ദികളെ വിട്ടയയ്ക്കണമെന്ന കാര്യത്തില്‍ ഹമാസിനു വന്‍ സമ്മര്‍ദമുണ്ട്. 20 പേര്‍ ഇപ്പോഴും ജീവനോടെയുണ്ടെന്നാണ് ഇസ്രയേലിന്റെ വിലയിരുത്തല്‍.

ഗാസയിലെ പൂര്‍ണ അധിനിവേശത്തിന് ഇസ്രയേല്‍ പ്രതിരോധ സേന എതിര്‍പ്പറിയിച്ചിരുന്നു. ബന്ദികളെ തടവിലാക്കിയിട്ടുണ്ടെന്ന് കരുതുന്ന പ്രദേശങ്ങളില്‍ കരസേനാ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുന്നത്, അവശേഷിക്കുന്നവരുടെ ജീവന്‍ അപായപ്പെടുത്തുമെന്ന മുന്നറിയിപ്പാണ് ഐഡിഎഫ് നല്‍കുന്നത്. ബന്ദികള്‍ക്കൊപ്പം സൈനികരുടെ ജീവനും കൂടുതല്‍ അപകടത്തിലാക്കുന്ന നീക്കമായിരിക്കുമെന്ന മുന്നറിയിപ്പും ഐഡിഎഫ് നല്‍കിയിട്ടുണ്ട്. ഹമാസിന്റെ എല്ലാ അടിസ്ഥാന സൗകര്യങ്ങളും നീക്കം ചെയ്യാന്‍ വര്‍ഷങ്ങളെടുക്കുമെന്നാണ് ഇസ്രയേല്‍ സൈന്യത്തിന്റെ വിലയിരുത്തലെന്ന് ടൈംസ് ഓഫ് ഇസ്രയേല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഐഡിഎഫ് ചീഫ് ഓഫ് സ്റ്റാഫ് ലെഫ്റ്റനന്റ് ജനറല്‍ ഇയാല്‍ സമീര്‍ സമ്പൂര്‍ണ അധിനിവേശത്തെ എതിര്‍ത്താല്‍ അദ്ദേഹം രാജിവെക്കേണ്ടി വരുമെന്ന് നെതന്യാഹുവുമായി അടുത്ത വൃത്തങ്ങള്‍ അറിയിച്ചു. ‘ബന്ദികളെ പാര്‍പ്പിച്ചിരിക്കുന്ന പ്രദേശങ്ങളില്‍ പോലും ഓപ്പറേഷന്‍ ഉണ്ടാകും’ നെതന്യാഹുവിന്റെ ഓഫീസിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. അതേസമയം എല്ലാ ബന്ദികളേയും തിരിച്ചെത്തിക്കണമെന്നും യുദ്ധം അവസാനിപ്പിക്കണമെന്നാണ് ആഗ്രഹമെന്ന് ഇസ്രയേല്‍ വിദേശകാര്യ മന്ത്രി ഗിദിയോന്‍ സര്‍ പറഞ്ഞു.

ഐഡിഎഫ് ചീഫ് ഇയാല്‍ സമീര്‍ വിദേശകാര്യ മന്ത്രി ഗിദിയോന്‍ സര്‍, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് സാച്ചി ഹനെഗ്ബി, മൊസാദ് തലവന്‍ ഡേവിഡ് ബാര്‍ണിയ, സൈന്യത്തിന്റെ ബന്ദി വിഷയങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്ന മേജര്‍ ജനറല്‍ (റിസര്‍വ്) നിറ്റ്സാന്‍ അലോണ്‍ തുടങ്ങിയവര്‍ വെടിനിര്‍ത്തല്‍-ബന്ദി കരാറിലെത്താനുള്ള ശ്രമങ്ങള്‍ തുടരുന്നതിനെ അനുകൂലിക്കുന്നവരാണ്.

ഗാസയിലെ യുദ്ധമവസാനിപ്പിക്കാന്‍ നെതന്യാഹു സര്‍ക്കാരിനുമേല്‍ സമ്മര്‍ദം ചെലുത്തണമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനോട് ഇസ്രയേലിന്റെ മുന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടിരുന്നു. ഇസ്രയേല്‍ രഹസ്യാന്വേഷണവിഭാഗങ്ങളുടെ മുന്‍ തലവന്മാരുള്‍പ്പെടെ 550-ഓളംപേര്‍ ചേര്‍ന്നാണ് ട്രംപിന് തുറന്ന കത്തെഴുതിയത്.

israel-considers-full-gaza-takeover-more-die-hunger

Back to top button
error: