അധികാരം പങ്കിടാന്‍ ചിലര്‍ ഒരുക്കമല്ല; സിദ്ധരാമയ്യയെ വിമര്‍ശിച്ചും സോണിയയെ പ്രശംസിച്ചും ഡി.കെ.

ന്യൂഡല്‍ഹി: കര്‍ണാടക മുഖ്യമന്ത്രി പദവിയെച്ചൊല്ലി നീരസത്തിലുള്ള കോണ്‍ഗ്രസ് നേതാവ് ഡി.കെ. ശിവകുമാര്‍ സിദ്ധരാമയ്യക്കെതിരെ ഒളിയമ്പുമായി രംഗത്ത്. ഗാന്ധികുടുംബത്തെ പ്രശംസിക്കുന്ന പരാമര്‍ശങ്ങള്‍ക്കൊപ്പമായിരുന്നു മുഖ്യമന്ത്രി സിദ്ധരാമയ്യക്കെതിരെയുള്ള ഡി.കെയുടെ വിമര്‍ശനം. ഡല്‍ഹിയില്‍ എ.ഐ.സി.സി സംഘടിപ്പിച്ച ‘ഭരണഘടന നേരിടുന്ന വെല്ലുവിളികള്‍’ എന്ന പരിപാടിയില്‍ രാഷ്ട്രീയത്തിലെ അധികാരം പങ്കുവെക്കുന്നതിനെക്കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോണ്‍ഗ്രസിലെ തന്റെ നീണ്ട കാലത്തെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും കര്‍ണാടകയില്‍ പാര്‍ട്ടിയെ അധികാരത്തിലെത്തിക്കാന്‍ നടത്തിയ ശ്രമങ്ങളെക്കുറിച്ചും ശിവകുമാര്‍ എടുത്തുപറഞ്ഞു. 2004-ല്‍ പ്രധാനമന്ത്രി പദത്തില്‍ നിന്ന് മാറിനില്‍ക്കാനുള്ള സോണിയ ഗാന്ധിയുടെ തീരുമാനത്തെ അദ്ദേഹം പ്രത്യേകം പ്രശംസിക്കുകയും ചെയ്തു.
‘പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാന്‍ രാഷ്ട്രപതി സോണിയ ഗാന്ധിയോട് ആവശ്യപ്പെട്ടപ്പോള്‍, എനിക്ക് അധികാരം പ്രധാനമല്ല എന്ന് അവര്‍ പറഞ്ഞു. സിഖുകാരനും ന്യൂനപക്ഷ സമുദായംഗവും സാമ്പത്തിക വിദഗ്ധനുമായ ഒരാള്‍ക്ക് രാജ്യത്തെ രക്ഷിക്കാനാകുമെന്നും അദ്ദേഹം പ്രധാനമന്ത്രിയാകണമെന്നും അവര്‍ തീരുമാനിച്ചു,’ ശിവകുമാര്‍ പറഞ്ഞു. ഇത് രാഷ്ട്രീയ ത്യാഗത്തിന്റെ സമാനതകളില്ലാത്ത ഉദാഹരണമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘ഇത്രയും വലിയൊരു ജനാധിപത്യ രാജ്യത്ത് ആരെങ്കിലും ഇത്തരമൊരു ത്യാഗം ചെയ്തിട്ടുണ്ടോ? ഇന്ന് ആരെങ്കിലും ഒരു ചെറിയ പദവി പോലും ത്യജിക്കാന്‍ തയ്യാറാകുന്നുണ്ടോ? പഞ്ചായത്ത് തലത്തില്‍ പോലും പലരും അതിന് തയ്യാറാകുന്നില്ല. ചില എംഎല്‍എമാരും മന്ത്രിമാരും അധികാരം പങ്കുവെക്കാറുണ്ട്, എന്നാല്‍ നമ്മളില്‍ ചിലര്‍ അധികാരം പങ്കുവെക്കാന്‍ പോലും സമ്മതിക്കുന്നില്ല,’ അദ്ദേഹം പറഞ്ഞു.
ശിവകുമാര്‍ ആരുടെയും പേരെടുത്ത് പറഞ്ഞില്ലെങ്കിലും, അദ്ദേഹവും സിദ്ധരാമയ്യയും തമ്മില്‍ അധികാരം പങ്കുവെക്കുന്നതിനെക്കുറിച്ചുള്ള പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യമായതിനാല്‍ അദ്ദേഹത്തിന്റെ ഈ പരാമര്‍ശങ്ങള്‍ സിദ്ധരാമയ്യക്കെതിരെയാണെന്നാണ് പ്രചരണം. കര്‍ണാടക മുഖ്യമന്ത്രിയായി അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കുമെന്നും അധികാരം പങ്കിടാനുള്ള കരാറുകളൊന്നും ഇല്ലെന്നും അടുത്തിടെ സിദ്ധരാമയ്യ വ്യക്തമാക്കിയിരുന്നു.






