അഞ്ചാം ടെസ്റ്റില്‍ ഇന്ത്യക്കു മുന്‍തൂക്കം; ഈ പിച്ചില്‍ 270 റണ്‍സിനു മുകളില്‍ ഒരു ടീമും ചേസ് ചേയ്തിട്ടില്ല; ലക്ഷ്യം പ്രശ്‌നമല്ലെന്നും ബാറ്റിംഗ് ലൈനപ്പ് സഹായിക്കുമെന്നും ഇംഗ്ലണ്ട് പേസര്‍ ജോഷ് ടങ്; പിച്ചില്‍ മാറ്റം വന്നെന്നും ഇംഗ്ലണ്ട് വിലയിരുത്തല്‍

ഓവല്‍: അഞ്ചാം ടെസ്റ്റില്‍ വിജയിച്ച് പരമ്പര 3-2നു സ്വന്തമാക്കാന്‍ ഇംഗ്ലണ്ടിനു 374 റണ്‍സെന്ന റെക്കോര്‍ഡ് വിജയലക്ഷ്യമാണ് ടീം ഇന്ത്യ നല്‍കിയിരിക്കുന്നത്. ഈ ഗ്രൗണ്ടില്‍ ഇതുവരെയുള്ള ടെസ്റ്റ് ചരിത്രത്തില്‍ ചേസ് ചെയ്ത് 270ന് മുകളില്‍ ഒരു ടീമും റണ്‍സ് നേടിയിട്ടില്ല. ഇന്ത്യക്കുതന്നെയാണ് ഇനിയുള്ള കളികളില്‍ മുന്‍തൂക്കമെന്നും ക്രിക്കറ്റ് നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു.
എന്നാല്‍, ഇന്ത്യ നല്‍കിയ റെക്കോഡ് ലക്ഷ്യം പിന്തുടര്‍ക്കു ജയിക്കുമെന്നു പേസര്‍ ജോഷ് ടങ് മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. രണ്ടാം ഇന്നിംഗ്‌സില്‍ ഇംഗ്ലണ്ടിനു വേണ്ടി അഞ്ചുവിക്കറ്റെടുത്ത് അദ്ദേഹം തകര്‍പ്പന്‍ പ്രകടനവും നടത്തി. ബാറ്റിംഗ് നിരയ്ക്ക് ലക്ഷ്യബോധമുണ്ടെന്നും ഇന്ത്യയെ തോല്‍പ്പിക്കുമെന്നും ടങ് ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു.
ഓവലിലെ ടെസ്റ്റ് ചരിത്രത്തില്‍ ഇതുവരെ ഒരു ടീമും ഇത്ര വലിയൊരു ടോട്ടല്‍ ചേസ് ചെയ്തു ജയിച്ചിട്ടില്ലെന്നത് തങ്ങളെ ഒരു തരത്തിലും സമ്മര്‍ദ്ദത്തിലാക്കിട്ടില്ലെന്നു ഇംഗ്ലണ്ട് ഫാസ്റ്റ് ബൗളര്‍ ജോഷ് ടങ് വ്യക്തമാക്കി. ബൗളര്‍മാര്‍ക്കു കാര്യങ്ങള്‍ എല്ലായ്പ്പോഴും വളരെ കടുപ്പം തന്നെയായിരിക്കും. ഞങ്ങള്‍ വളരെയധികം സന്തോഷത്തിലാണ്. വിജയലക്ഷ്യത്തെക്കുറിച്ച് അമിതമായി ചിന്തിക്കുന്നില്ല. ഞങ്ങള്‍ക്കു ലഭിച്ചിട്ടുള്ള ബാറ്റിങ് ലൈനപ്പ് പരിഗണിക്കുമ്പോള്‍ ഈ സ്‌കോര്‍ ചേസ് ചെയ്യാതിരിക്കാന്‍ ഒരു കാരണവും കാണുന്നില്ലെന്നും ടങ് വ്യക്തമാക്കി. 19 വിക്കറ്റുകളുമായി ഈ പരമ്പരയില്‍ ഇംഗ്ലണ്ടിനായി കൂടുതല്‍ വിക്കറ്റെടുത്ത ബൗളര്‍ കൂടിയാണ് അദ്ദേഹം. വെറും മൂന്നു ടെസ്റ്റുകളിലാണ് ടങ് ഇത്രയും പേരെ പുറത്താക്കിയത്.
പിച്ചില്‍ മാറ്റം വന്നു
ആദ്യ രണ്ടു ദിവസത്തെ അപേക്ഷിച്ച് ഓവലിലെ പിച്ചിന്റെ ഘടനയില്‍ മാറ്റം വന്നതായും ഇതു ബാറ്റിംഗ് കൂടുതല്‍ എളുപ്പാക്കി തീര്‍ത്തതായും ജോഷ് ടങ് പറയുന്നു. ആദ്യ ഇന്നിങ്സില്‍ ഇരുടീമുകളുടെയും ബാറ്റിങ് നിര പാടുപെട്ടിരുന്നു. ഇന്ത്യക്കു 224 ഇംഗ്ലണ്ടിനു 247 റണ്‍സ് വീതമാണ് ഒന്നാമിന്നിംഗ്‌സില്‍ ലഭിച്ചത്.
നേരത്തേ പിച്ചില്‍ ബാറ്റിങ് അല്‍പ്പം ബുദ്ധിമുട്ടായിരുന്നു. പക്ഷെ ഹെവി റോളര്‍ കാരണം അതു ഫ്ളാറ്റായി. ചില ബോളുകള്‍ക്കു അപ്രതീക്ഷിത ബൗണ്‍സ് ലഭിക്കുന്നതായും ടങ് വിലയിരുത്തി. ഇന്ത്യയുടെ നൈറ്റ് വാച്ച്മാനായെത്തിയ പേസര്‍ ആകാശ്ദീപിന്‍െ ഇന്നിങ്സ് തങ്ങളെ അലോസരപ്പെടുത്തിയതായി അദ്ദേഹം തുറന്നു സമ്മതിക്കുകയും ചെയ്തു.
ആകാശ്ദീപ് കുറച്ചു റണ്‍സ് നേടി. അതു വേദനിപ്പിക്കുന്നു. രണ്ടാം ദിനം അവസാന സെഷനിലാണ് ആകാശ്ദീപിനെ നൈറ്റ് വാച്ച്മാനായി ഇന്ത്യ പരീക്ഷിച്ചത്. നീക്കം അപ്രതീക്ഷിത വിജയമാവുകയും ചെയ്തു.
യശസ്വി ജയ്സ്വാളിനൊപ്പം മൂന്നാം ദിനം രാവിലെ സെഞ്ച്വറി കൂട്ടുകെട്ടുണ്ടാക്കിയ അദ്ദേഹം കന്നി ഫിഫ്റ്റിയും കുറിച്ചാണ് ക്രീസ് വിട്ടത്. 94 ബോളില്‍ 12 ഫോറടക്കം 66 റണ്‍സാണ് ആകാശ്ദീപ് സ്‌കോര്‍ ചെയ്തത്. അദ്ദേഹം മടങ്ങിയ ശേഷം രവീന്ദ്ര ജഡേജ, വാഷിങ്ടണ്‍ സുന്ദര്‍ എന്നിവരുടെ ഫിഫ്റ്റികളും ഇന്ത്യന്‍ ഇന്നിങ്സ് 396 റണ്‍സ് വരെയെത്തിക്കുന്നതില്‍ നിര്‍ണായകമായി.
77 ബോളില്‍ 53 റണ്‍സെടുത്താണ് ജഡേജ പുറത്തായത്. വാഷിങ്ടണാവട്ടെ അവസാന ബാറ്ററായ പ്രസിദ്ധ് കൃഷ്ണയെ ക്രീസിന്റെ മറുഭാഗത്തു കാഴ്ചക്കാരനാക്കി നിര്‍ത്തി ആഞ്ഞടിക്കുകയായിരുന്നു. 46 ബോളില്‍ 53 റണ്‍സെടുത്താണ് വാഷിംഗ്ടണ്‍ പുറത്തായത്. നാലു വീതം ഫോറും സിക്സറുകളുമടക്കമാണിത്.






