Breaking NewsIndiaLead News

എന്‍ഐഎ കോടതിയില്‍ പഴുതടച്ച ജാമ്യാപേക്ഷ നല്‍കും: ജാമ്യത്തിനായി കന്യാസ്ത്രീകള്‍ ഇന്ന് ഹൈക്കോടതിയിലേക്ക്; ആവശ്യമെങ്കില്‍ സുപ്രീംകോടതിയില്‍ നിന്നടക്കം മുതിര്‍ന്ന അഭിഭാഷകരുടെ സേവനം ലഭ്യമാക്കും

ന്യൂഡല്‍ഹി: ഛത്തീസ്ഗഢിലെ ജയിലില്‍ക്കഴിയുന്ന രണ്ട് മലയാളി കന്യാസ്ത്രീകളുടെ ജാമ്യത്തിനായി ഛത്തീസ്ഗഢ് ഹൈക്കോടതിയെ സമീപിക്കും. നിയമവിദഗ്ധരുമായി ചര്‍ച്ചനടത്തിയശേഷം കാത്തലിക് ബിഷപ്സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ (സിബിസിഐ)യാണ് വെള്ളിയാഴ്ച ഹൈക്കോടതിയെ സമീപിക്കാന്‍ തീരുമാനിച്ചത്. പഴുതടച്ച ജാമ്യാപേക്ഷ നല്‍കാനാണ് തീരുമാനം. മുതിര്‍ന്ന അഭിഭാഷകരെ നിയോഗിക്കും. മജിസ്ട്രേറ്റ് കോടതിയും സെഷന്‍സ് കോടതിയും കഴിഞ്ഞദിവസം ജാമ്യാപേക്ഷ പരിഗണിച്ചിരുന്നില്ല.

മനുഷ്യക്കടത്ത് ഉള്‍പ്പെട്ടിട്ടുള്ളതിനാല്‍ എന്‍ഐഎ കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കേണ്ടതെന്ന് സെഷന്‍സ് കോടതി ചൂണ്ടിക്കാട്ടിയിരുന്നു. വെള്ളിയാഴ്ച ജാമ്യാപേക്ഷ നല്‍കിയാലും എപ്പോള്‍ പരിഗണിക്കുമെന്ന് പറയാനാകില്ല. ആവശ്യമെങ്കില്‍ സുപ്രീംകോടതിയില്‍ നിന്നടക്കം മുതിര്‍ന്ന അഭിഭാഷകരുടെ സേവനം ലഭ്യമാക്കുമെന്ന് കന്യാസ്ത്രീകളുടെ കുടുംബങ്ങള്‍ക്കൊപ്പം ഛത്തീസ്ഗഢിലുള്ള കോണ്‍ഗ്രസ് എംഎല്‍എമാരായ സജീവ് ജോസഫും റോജി എം. ജോണും പറഞ്ഞു.

Signature-ad

അതിനിടെ, അറസ്റ്റിലായ കന്യാസ്ത്രീകളുടെ സന്ന്യാസസഭയായ അസീസി സിസ്റ്റേഴ്സ് ഓഫ് മേരി ഇമ്മാക്യുലേറ്റിന്റെ (ഗ്രീന്‍ ഗാര്‍ഡന്‍സ്) മദര്‍ സുപ്പീരിയര്‍ ഇസബെല്‍ ഫ്രാന്‍സിസ് ദുര്‍ഗിലെത്തി. സിബിസിഐയുടെ സന്ന്യാസപ്രതിനിധി സംഘവും ജയിലില്‍ കന്യാസ്ത്രീകളെ സന്ദര്‍ശിച്ചു. കൊടിക്കുന്നില്‍ സുരേഷിന്റെ നേതൃത്വത്തില്‍ ആന്റോ ആന്റണി, ഹൈബി ഈഡന്‍, ഡീന്‍ കുര്യാക്കോസ്, രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എന്നിവരടങ്ങുന്ന എംപിമാരുടെ സംഘം വെള്ളിയാഴ്ച ദുര്‍ഗിലെത്തി കന്യാസ്ത്രീകളെ കാണും.

കന്യാസ്ത്രീകളുടെ അറസ്റ്റിനെ ജമാഅത്തെ ഇസ്ലാമി ഹിന്ദും അഖിലേന്ത്യാ കിസാന്‍സഭയും അപലപിച്ചു. പൊലീസ് അവരുടെ ജോലിയാണ് ചെയ്യുന്നതെന്ന് ഛത്തീസ്ഗഢ് മുഖ്യമന്ത്രി വിഷ്ണുദേവ് സായി പറഞ്ഞു. മനുഷ്യക്കടത്തും മതപരിവര്‍ത്തനവും ആരോപിച്ച് കഴിഞ്ഞ വെള്ളിയാഴ്ചയാണ് ദുര്‍ഗ് റെയില്‍വേ സ്റ്റേഷനില്‍നിന്ന് മലയാളി കന്യാസ്ത്രീകളായ പ്രീതി മേരി, വന്ദന ഫ്രാന്‍സിസ് എന്നിവരെയും അവര്‍ക്കൊപ്പമുണ്ടായിരുന്ന ആദിവാസി യുവാവ് സുഖ്മാന്‍ മാണ്ഡവിനെയും പോലീസ് അറസ്റ്റുചെയ്തത്.

ഛത്തീസ്ഗഢിലെ ജയിലില്‍ക്കഴിയുന്ന മലയാളി കന്യാസ്ത്രീകളുടെ മോചനത്തിന് വഴിയൊരുങ്ങുമെന്നാണ് കേരളത്തില്‍ നിന്നുള്ള എംപിമാരുടെ പ്രതീക്ഷ. ഇരുവരും നിരപരാധികളാണെന്ന് ബോധ്യപ്പെട്ടെന്ന നിലയിലാണ് അമിത് ഷാ സംസാരിച്ചതെന്ന് കൂടിക്കാഴ്ചയ്ക്കുശേഷം എംപിമാര്‍ പറഞ്ഞു. എന്‍ഐഎ കോടതിയില്‍നിന്ന് ഈ കേസ് വിടുതല്‍ ചെയ്യിക്കുന്നതിന് ആവശ്യമായ അപേക്ഷ സംസ്ഥാന സര്‍ക്കാര്‍ നല്‍കും. എത്രയുംവേഗം ജാമ്യം കിട്ടുമെന്ന പ്രതീക്ഷയാണ് അമിത് ഷാ പങ്കുവെച്ചത്. പ്രതിഷേധങ്ങളുടെ ഫലമാണിതെന്ന് എംപിമാര്‍ പറഞ്ഞു. വിഷയത്തില്‍ ബിജെപിക്കെതിരേ ദേശീയതലത്തിലും കേരളത്തിലും പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് അമിത് ഷായുടെ ഇടപെടല്‍.

Back to top button
error: