പൊന്ന് തോല്‍ക്കുന്ന മനസാണ്! സമ്മാനം തനിക്കെന്നു കരുതി വേദിയില്‍; നിരാശയോടെ മടങ്ങിയ വയോധികന്റെ മനസ്സുനിറച്ച് അനുശ്രീ, കൈയടിച്ച് മലയാളികള്‍

നടി അനുശ്രീയുടെ നല്ല മനസ്സിനു കയ്യടിച്ച് മലയാളികള്‍. നടി ഉദ്ഘാടനത്തിനെത്തിയ കടയുടെ നറുക്കെടുപ്പില്‍ സമ്മാനം ലഭിച്ചത് തനിക്കാണെന്നു തെറ്റിദ്ധരിച്ച് ഒരു വയോധികന് സ്റ്റേജിലെത്തിയിരുന്നു. അബദ്ധം മനസിലായി തിരിച്ചുനടന്ന ചേട്ടനെ കണ്ട് അനുശ്രീക്ക് കണ്ണീര് മറച്ചുവയ്ക്കാനായില്ല.
അദ്ദേഹത്തിന്റെ സങ്കടം കണ്ട് അനുശ്രീ വേദിയുടെ പിന്നിലേക്ക് മാറി കരഞ്ഞു. നിരാശനായ വയോധികന് പിന്നീട് കടയുടമ സമ്മാനത്തിന് തുല്യമായ തുക പാരിതോഷികമായി നല്കിയപ്പോള് തന്റേതായൊരു സമ്മാനം നല്കാന് അനുശ്രീയും മറന്നില്ല. ആ ചേട്ടന് പൈസ കൊടുത്തില്ലെങ്കില്‍ എനിക്ക് ഉറക്കം വരില്ല എന്ന അനുശ്രീയുടെ വാക്കുകളെ ഇപ്പോള്‍ വാനോളം പുകഴ്ത്തുകയാണ് സോഷ്യല്‍ മീഡിയ.
View this post on Instagram
ആലപ്പുഴ ഒരു ടെക്സ്റ്റൈല്‍ ഷോപ്പിന്റെ ഉദ്ഘാടനത്തിനെത്തിയതായിരുന്നു അനുശ്രീ. ഉദ്ഘാടനത്തോടൊപ്പം ഒരു നറുക്കെടുപ്പും ഉണ്ടായിരുന്നു. നറുക്കെടുപ്പില്‍ വിജയിയെ തിരഞ്ഞെടുത്തത് നടി അനുശ്രീ ആയിരുന്നു. 10,000 രൂപ സമ്മാനം കിട്ടിയ കൂപ്പണ്‍ നമ്പര്‍ മൈക്കിലൂടെ പ്രഖ്യാപിച്ചപ്പോള്‍ തന്റെ നമ്പറിനാണ് സമ്മാനം എന്ന് കരുതി ഒരു വയോധികന് വേദിയിലേക്കെത്തി. എന്നാല്‍ അദ്ദേഹത്തിനല്ല മറ്റൊരു നമ്പറിനാണ് സമ്മാനം എന്ന് അവതാരക പറഞ്ഞതോടെ വയോധികന് നിരാശയോടെ വേദി വിട്ടു. വേദിയില്‍ അനുശ്രീ, ഫുടബോള്‍ ഇതിഹാസം ഐ.എം. വിജയന് എന്നിവര്‍ ഉണ്ടായിരുന്നു. നിരാശയോടെ മടങ്ങിയ വയോധികനെ കണ്ട് അനുശ്രീയുടെ കണ്ണുകള്‍ നിറഞ്ഞു.
ഉദ്ഘാടന ചടങ്ങുകള്‍ക്ക് ശേഷം ആ വയോധികനെ തിരിച്ചു വിളിക്കണമെന്ന് അനുശ്രീ ആവശ്യപ്പെടുകയായിരുന്നു. ”ചേട്ടാ പതിനായിരം രൂപ തരാമോ ഞാന്‍ ജിപേ ചെയ്യാം,ആ അങ്കിളിനു കൊടുക്കാന്‍ ആണ്” എന്ന് അനുശ്രീ പറയുമ്പോള്‍ അത് ഞാന്‍ കൊടുത്തു എന്നാണു കടയുടമ പറയുന്നത്. ‘അല്ല എനിക്കും കൊടുക്കണം, ആ അങ്കിളിനു പൈസ കൊടുത്തില്ലെങ്കില്‍ എനിക്ക് ഉറങ്ങാന്‍ പറ്റില്ല” എന്ന് അനുശ്രീ പറഞ്ഞപ്പോള്‍ വരൂ ഞാന്‍ തന്നേക്കാം എന്ന് കടയുടമ പറയുന്നു. പിന്നീട് സ്ഥാപനം ഉടമ വയോധികനു പതിനായിരം രൂപ സമ്മാനം നല്കിയപ്പോള് തന്റേതായ ഒരു സമ്മാനത്തുക അനുശ്രീയും അദ്ദേഹത്തിന് നല്കി.
വീഡിയോ പുറത്തുവന്നതോടെ അനുശ്രീയെ അഭിനന്ദിച്ച് നിരവധി പേരാണ് എത്തുന്നത്. അനുശ്രീയുടെ നല്ല മനസ്സിനെ വാനോളം പ്രശംസിക്കുകയാണ് സോഷ്യല്‍ മീഡിയ. ”ഒരു ചെറിയ പൂവ് കിട്ടുമെന്ന് കരുതി പ്രതീക്ഷയോടെ സ്റ്റേജില്‍ കയറിവന്ന ചേട്ടന്, ഒരു പൂന്തോട്ടം തന്നെ കൊടുത്തു മനസ്സ് നിറച്ചുവിട്ട അനുശ്രീ,” എന്നാണ് ഒരാള്‍ കമന്റ് ചെയ്തത്. ”അനുശ്രീയുടെ കണ്ണ് നിറഞ്ഞിട്ടുണ്ടെങ്കില്‍ ഒരുപക്ഷേ അവരുടെ മാതാപിതാക്കളെ ഓര്‍ത്തു കാണും, മനുഷ്യനായിട്ട് കാര്യമില്ല മനുഷ്യത്വം ഉണ്ടാവണം. മനുഷ്യത്വം നഷ്ടപ്പെട്ടിട്ടില്ല. എല്ലാവരിലും ഈ ഒരു അംശം ഉണ്ടാവണം,” എന്നിങ്ങനെ പോകുന്നു കമന്റുകള്‍.






