ഐഎസ്ആര്‍ഒയ്ക്ക് തിരക്കോട് തിരക്ക്: 2025 വരുന്നത് ഒന്‍പത് വിക്ഷേപണങ്ങള്‍

ചെന്നൈ: എന്‍ ഐസാറിന്റെ വിജയകരമായ വിക്ഷേപണത്തിനു പിന്നാലെ ഈ വര്‍ഷം ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പെയ്സ് സെന്ററില്‍നിന്ന് ഒന്‍പത് വിക്ഷേപണങ്ങള്‍കൂടി നടക്കുമെന്ന് അറിയിച്ചിരിക്കുകയാണ് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ഡോ. വി. നാരായണന്‍. അതില്‍ ഒന്ന് അമേരിക്കയുമായി ബന്ധമുള്ള സ്ഥാപനത്തിനുവേണ്ടിയായിരിക്കും.
അമേരിക്കയില്‍ നിന്നുള്ള വാര്‍ത്താ വിനിമയ സ്ഥാപനമായ എഎസ്ടി സ്‌പെയ്സ് മൊബൈലിന്റെ ബ്ലോക്ക് 2 ബ്ലൂ ബേര്‍ഡ് ഉപഗ്രഹം, വ്യവസായ സ്ഥാപനങ്ങളുടെ സംയുക്തസംരംഭം നിര്‍മിച്ച ആദ്യത്തെ പിഎസ്എല്‍വി റോക്കറ്റ് എന്നിവയുടെ വിക്ഷേപണം, മനുഷ്യനെ ബഹിരാകാശത്തേക്കയക്കുന്നതിനുള്ള ഗഗന്‍യാന്‍ പദ്ധതിയുടെ ആളില്ലാ വിക്ഷേപണം എന്നിവ ഇവയില്‍ ചിലതാണ്.
ശ്രീഹരിക്കോട്ടയില്‍ നിന്ന് ഐഎസ്ആര്‍ഒ നടത്തിയ 102-ാമത്തെ വിക്ഷേപണമായിരുന്നു ബുധനാഴ്ചത്തേത്. ഇന്ത്യയുടെ കരുത്തുറ്റ വിക്ഷേപണ വാഹനമായ ജിഎസ്എല്‍വിയുടെ പതിനെട്ടാം വിക്ഷേപണം. സൗരസ്ഥിര ഭ്രമണപഥത്തിലേക്കുള്ള ജിഎസ്എല്‍വിയുടെ ആദ്യ വിക്ഷേപണം. ഉപഗ്രഹത്തിന്റെ ഭാരക്കൂടുതലും അതിലെ ഉപകരണങ്ങളുടെ സങ്കീര്‍ണതയും പരിഗണിച്ചാണ് പിഎസ്എല്‍വിക്കു പകരം ഈ വിക്ഷേപണത്തിന് ജിഎസ്എല്‍വി ഉപയോഗിച്ചത്.
എന്‍ഐസാറിന്റെ സൗരോര്‍ജ പാനലുകള്‍ പ്രവര്‍ത്തിച്ചു തുടങ്ങിയതായി ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ഡോ. വി. നാരായണന്‍. ഉപഗ്രഹത്തിലെ റഡാറുകള്‍ 20 ദിവസംകൊണ്ട് വിടരുമെന്നും മിഷന്‍ ഡയറക്ടര്‍ തോമസ് കുര്യനും പ്രോജക്ട് ഡയറക്ടര്‍ ചൈത്ര റാവുവും പറഞ്ഞു. 90 ദിവസംകൊണ്ടാണ് ഉപഗ്രഹം പൂര്‍ണ പ്രവര്‍ത്തനസജ്ജമാവുക. ഭൗമോപരിതലത്തിലെ ചെറിയ മാറ്റങ്ങള്‍പോലും സൂക്ഷ്മമായി നിരീക്ഷിച്ച് വിവരം കൈമാറുകയാണ് എന്‍ ഐസാറിന്റെ പ്രധാനദൗത്യം.






