Breaking NewsKeralaLead News

ഓള്‍ ഇന്ത്യ ടൂറിസ്റ്റ് പെര്‍മിറ്റ്: നികുതി പിരിവ് തടഞ്ഞ കേന്ദ്ര തീരുമാനില്‍ കേരളത്തിന് നഷ്ടം 10 കോടി; വിലക്ക് മറികടക്കാന്‍ ശ്രമിച്ചില്ലെന്ന് ആക്ഷേപം

തിരുവനന്തപുരം: ഓള്‍ ഇന്ത്യ ടൂറിസ്റ്റ് പെര്‍മിറ്റ് വാഹനങ്ങളില്‍ നിന്നുള്ള നികുതി പിരിവ് തടഞ്ഞ കേന്ദ്ര തീരുമാനം മറികടക്കാനാകാതെ കേരളം. കേന്ദ്ര വിലക്കിനെതിരേ കോടതിയെ സമീപിക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും അതിന് ഇതുവരെ കഴിഞ്ഞിട്ടുമില്ല. വിലക്കിനെ തുടര്‍ന്ന് ഇതുവരെ 10 കോടി രൂപയുടെ നികുതി നഷ്ടം സംസ്ഥാനത്തിന് ഉണ്ടായിട്ടുണ്ടെന്നാണ് നിഗമനം.

500 ല്‍ അധികം സ്വകാര്യ ബസുകള്‍ ദിവസേന സംസ്ഥാനത്തേക്ക് സര്‍വീസ് നടത്തുന്നുണ്ട്. അതേസമയം റോഡ് നികുതി പിരിക്കാനുള്ള അധികാരം സംസ്ഥാന സര്‍ക്കാരിനാണെന്ന് മുന്‍ കേസുകളില്‍ സുപ്രീം കോടതി വിധിയുണ്ടായിട്ടും കേന്ദ്ര വിലക്ക് മറികടക്കാന്‍ സംസ്ഥാനം ശ്രമിക്കാത്തത് സ്വകാര്യ ബസുകാരെ സഹായിക്കാന്‍ വേണ്ടിയാണെന്നും ആക്ഷേപമുണ്ട്.

Signature-ad

ഭാരത് രജിസ്‌ട്രേഷന്‍ അനുവദിക്കാത്തതിനെതിരെ ഹൈക്കോടതിയില്‍ എത്തിയ കേസിലും നികുതി നിശ്ചയിക്കാനുള്ള അധികാരം സംസ്ഥാന സര്‍ക്കാരിനുണ്ടന്ന് കോടതി വിധി ഉണ്ടായിരുന്നു. എന്നിട്ടും ഓള്‍ ഇന്ത്യ പെര്‍മിറ്റ് കേസില്‍ തുടര്‍ നടപടി സ്വീകരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറായിട്ടില്ല. ഓള്‍ ഇന്ത്യ ടൂറിസ്റ്റ് പെര്‍മിറ്റുള്ള ബസുകള്‍ക്ക് സംസ്ഥാനത്ത് നികുതി ഈടാക്കുന്നത് കഴിഞ്ഞ മെയിലാണ് കേന്ദ്രം തടഞ്ഞത്. നികുതി പിരിവിന് ഉപയോഗിക്കുന്ന ‘വാഹന്‍’ സോഫ്റ്റ്‌വെറില്‍ നിന്ന് ഈ ഭാഗം കേരളത്തിന്റെ അനുമതിയില്ലാതെ നീക്കം ചെയ്യുകയായിരുന്നു. സ്വകാര്യ ബസുടമകള്‍ കേന്ദ്രഗതാഗത മന്ത്രിക്ക് നല്‍കിയ നിവേദനത്തെ തുടര്‍ന്നായിരുന്നു ഉപരിതല ഗതാഗതമന്ത്രാലയത്തിന്റെ നടപടി.

സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദേശ പ്രകാരമാണ് സോഫ്റ്റ്‌വെയറിലൂടെ നികുതി ഈടാക്കിയിരുന്നത്. ആദ്യമായാണ് സംസ്ഥാന അനുമതിയില്ലാതെ കേന്ദ്രം ഇങ്ങനെയൊരു നടപടി സ്വീകരിച്ചത്. കേന്ദ്ര തീരുമാനത്തില്‍ പ്രതിഷേധിച്ച മന്ത്രി കെ.ബി ഗണേഷ്‌കുമാര്‍ കേന്ദ്ര തീരുമാനത്തിനെതിരേ നിയമനടപടി സ്വീകരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഹിമാചല്‍ പ്രദേശിന്റെ മാതൃകയില്‍ നികുതി പിരിക്കാന്‍ പ്രത്യേക സോഫ്റ്റ്‌വെയര്‍ ഏര്‍പ്പെടുത്തുന്നതും പരിഗണിച്ചിരുന്നു. എന്നാല്‍ അതും നടപ്പായില്ല.

Back to top button
error: