‘അവിടെ എല്ലാം കുഴപ്പത്തിലാണ്, ടിവി ദൃശ്യങ്ങള്‍ കാണുമ്പോള്‍ ആ കുട്ടികള്‍ പട്ടിണിയിലാണെന്ന് തോന്നുന്നു’; യുഎസ് സഹായിക്കും, ഗാസയില്‍ പട്ടിണി ഇല്ലെന്ന നെതന്യാഹുവിന്റെ വാദം തള്ളി ട്രംപ്

വാഷിംഗ്ടണ്‍: ഗാസയില്‍ പട്ടിണിയില്ലെന്ന ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവിന്റെ വാദം അംഗീകരിക്കാനാവില്ലെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഗാസയില്‍ ഒട്ടേറെ പേര്‍ പട്ടിണികിടക്കുന്നുണ്ട്. തങ്ങള്‍ അവരെ സഹായിക്കുന്നു. മറ്റ് രാജ്യങ്ങളും സഹായിക്കുന്നുണ്ട്. അവിടെ പൂര്‍ണ വെടിനിര്‍ത്തല്‍ നടപ്പിലാക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും ട്രംപ് വ്യക്തമാക്കി.
സ്‌കോട്ലന്‍ഡിലെ തന്റെ ഗോള്‍ഫ് റിസോര്‍ട്ടില്‍ ബ്രിട്ടിഷ് പ്രധാനമന്ത്രി കെയ്ര്‍ സ്റ്റാര്‍മറുമായി കൂടിക്കാഴ്ച നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു ട്രംപ്. ഗാസയില്‍ പട്ടിണി ഇല്ലെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനോട് യോജിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് ടിവി ദൃശ്യങ്ങള്‍ കാണുമ്പോള്‍ ആ കുട്ടികള്‍ പട്ടിണിയിലാണെന്ന് തോന്നുന്നു എന്നായിരുന്നു ട്രംപിന്റെ മറുപടി. ഗാസയില്‍ സാധാരണക്കാരുടെ ജീവന്‍ രക്ഷിക്കാന്‍ ഇസ്രയേല്‍ ആവുന്നതെല്ലാം ചെയ്‌തോ എന്ന ചോദ്യത്തിന് അവിടെ കാര്യമായി ആരും ഒന്നും ചെയ്തിട്ടില്ല, എല്ലാം കുഴപ്പത്തിലാണ് എന്നായിരുന്നു ട്രംപിന്റെ പ്രതികരണം.
ഹമാസിന്റെ കൈവശമുള്ള ശേഷിക്കുന്ന ഇസ്രയേല്‍ ബന്ദികളെ മോചിപ്പിക്കുമെന്ന് താന്‍ വിശ്വസിക്കുന്നില്ലെന്ന് പറഞ്ഞ ട്രംപ്, ഭക്ഷണത്തിനും മറ്റു ആവശ്യങ്ങള്‍ക്കും യുഎസ് ധാരാളം പണം നല്‍കിയിട്ടുണ്ടെന്നും ആ പണത്തില്‍ ഭൂരിഭാഗവും ഹമാസ് മോഷ്ടിക്കുകയാണെന്നും ആരോപിച്ചു.
ഗാസയിലെ ജനങ്ങള്‍ വന്‍ ദുരന്തത്തെയാണ് നേരിടുന്നതെന്നും ഇത് ടിവിയില്‍ കാണുന്ന ബ്രിട്ടിഷ് പൗരന്‍മാര്‍ കലാപം നടത്തുകയാണെന്നും കെയ്ര്‍ സ്റ്റാര്‍മര്‍ പറഞ്ഞു. സ്വതന്ത്ര പലസ്തീന്‍ രാഷ്ട്രത്തെ ഉടന്‍ അംഗീകരിക്കണമെന്ന് ബ്രിട്ടനിലെ ഒന്‍പതു പാര്‍ട്ടികളില്‍നിന്നുള്ള ഇരുന്നൂറിലധികം എംപിമാര്‍ കഴിഞ്ഞ ദിവസം പ്രധാനമന്ത്രിക്ക് കത്ത് നല്‍കിയിരുന്നു.






