അവര്‍ ആണവായുധങ്ങളെക്കുറിച്ച് സംസാരിക്കുന്നു… ഇത് ഭ്രാന്താണ്.., ‘എന്റെ ആ ഒരൊറ്റ ഭീഷണിയില്‍ ഒഴിവായത് ആറ് യുദ്ധങ്ങള്‍’; ഞാന്‍ ഇല്ലായിരുന്നെങ്കില്‍ ഇന്ത്യ പാക്കിസ്ഥാനുമായി യുദ്ധം ചെയ്യുമായിരുന്നു..; ആവകാശവാദം വീണ്ടും ഉന്നയിച്ച് ട്രംപ്

ലണ്ടന്‍: താന്‍ കൃത്യസമയത്ത് ഇടപെട്ടില്ലായിരുന്നുവെങ്കില്‍ ഇന്ത്യയും പാക്കിസ്ഥാനും വലിയൊരു യുദ്ധത്തിലേക്ക് പോകുമായിരുന്നുവെന്ന് വീണ്ടും അവകാശവാദം ഉന്നയിച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. മുഴുവന്‍ വ്യാപാര ചര്‍ച്ചകളും നിര്‍ത്തിവയ്ക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് താന്‍ യുദ്ധം അവസാനിപ്പിച്ചത്. ബ്രിട്ടിഷ് പ്രധാനമന്ത്രി കെയ്ര്‍ സ്റ്റാര്‍മറുമായി കൂടിക്കാഴ്ച നടത്തിയ ശേഷം സ്‌കോട്ലന്‍ഡില്‍ മാധ്യമങ്ങളോട് സംസാരിക്കവെയാണ് ട്രംപ് ആവകാശവാദം വീണ്ടും ഉന്നയിച്ചത്.
ഇന്ത്യ-പാക്കിസ്ഥാന്‍ സംഘര്‍ഷം ഉള്‍പ്പെടെ ലോകമെമ്പാടുമുള്ള ആറ് പ്രധാന യുദ്ധങ്ങള്‍ തടയാന്‍ സാധിച്ചതായും ട്രംപ് പറഞ്ഞു. താന്‍ ഇല്ലായിരുന്നുവെങ്കില്‍, ആറ് വലിയ യുദ്ധങ്ങള്‍ സംഭവിക്കുമായിരുന്നു. ഇന്ത്യ പാക്കിസ്ഥാനുമായി യുദ്ധം ചെയ്യുമായിരുന്നുവെന്നും ട്രംപ് പറഞ്ഞു. പാക്കിസ്ഥാനിലെയും ഇന്ത്യയിലെയും നേതാക്കളെ തനിക്കറിയാം. അവര്‍ യുഎസുമായുള്ള വ്യാപാര കരാറിന്റെ പിന്നാലെയാണ്. എന്നിട്ടും അവര്‍ ആണവായുധങ്ങളെക്കുറിച്ച് സംസാരിക്കുന്നു. ഇത് ഭ്രാന്താണ്. ഈ നില തുടര്‍ന്നാല്‍ ഇരുരാജ്യങ്ങളുമായി വ്യാപാര കരാര്‍ ചര്‍ച്ചകള്‍ നിര്‍ത്തിവയ്ക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ഇതോടെയാണ് യുദ്ധം ഒഴിവായതെന്നും ട്രംപ് പറഞ്ഞു.
ഇന്ത്യ-പാക്ക് യുദ്ധം ഒഴിവാക്കാന്‍ സാധിച്ചതു പോലെ, വ്യാപാര ചര്‍ച്ചകള്‍ ഉപകരണമായി ഉപയോഗിച്ച് തായ്ലന്‍ഡും കംബോഡിയയും തമ്മിലുള്ള സംഘര്‍ഷവും തടയാന്‍ കഴിഞ്ഞെന്നും ട്രംപ് പറഞ്ഞു. റുവാണ്ടയ്ക്കും ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് കോംഗോയ്ക്കും ഇടയില്‍ താന്‍ മധ്യസ്ഥത വഹിച്ച സമാധാന കരാറിനെക്കുറിച്ചും സെര്‍ബിയയ്ക്കും കൊസോവോയ്ക്കും ഇടയില്‍ പൊട്ടിപ്പുറപ്പെടാന്‍ സാധ്യതയുള്ള സംഘര്‍ഷം എങ്ങനെ തടഞ്ഞുവെന്നും ട്രംപ് ഓര്‍മിപ്പിച്ചു. എന്നാല്‍, യുഎസ് മധ്യസ്ഥതയില്ലാതെ ഇരു രാജ്യങ്ങളിലെയും സൈന്യങ്ങള്‍ തമ്മിലുള്ള നേരിട്ടുള്ള ചര്‍ച്ചകളെ തുടര്‍ന്നാണ് യുദ്ധം അവസാനിച്ചതെന്ന് ഇന്ത്യ വ്യക്തമാക്കിയിരുന്നു.






