
റായ്പുര്‍: ഛത്തീസ്ഗഡില്‍ മലയാളി കന്യാസ്ത്രീകള്‍ക്കെതിരെ മതപരിവര്‍ത്തന കുറ്റവും മനുഷ്യക്കടത്തിന് ശ്രമിച്ചെന്ന കുറ്റവും ചുമത്തി കേസെടുത്തു. കേസിന്റെ എഫ്.ഐ.ആര്‍ പകര്‍പ്പ് പുറത്തുവന്നതോടെയാണ് കൂടുതല്‍ വിവരങ്ങള്‍ വ്യക്തമായത്. സിസ്റ്റര്‍ പ്രീതി മേരിയെ ഒന്നാം പ്രതിയായും സിസ്റ്റര്‍ വന്ദന ഫ്രാന്‍സിസിനെ രണ്ടാം പ്രതിയായും ചേര്‍ത്താണ് കേസെടുത്തിരിക്കുന്നത്. സംഭവത്തില്‍ പ്രതിഷേധിച്ച് പാര്‍ലമെന്റിന്റെ ഇരുസഭകളിലും പ്രതിപക്ഷം നടുത്തളത്തിലിറങ്ങി. സിസ്റ്റര്‍ പ്രീതി മേരിയും സിസ്റ്റര്‍ വന്ദന ഫ്രാന്‍സിസും കൂടാതെ സുഖ്മാന്‍ മണ്ഡാവി എന്നയാളും കേസില്‍ പ്രതിയാണ്. മനുഷ്യക്കടത്തിന് ശ്രമിച്ചെന്ന ഗുരുതരമായ ആരോപണവും എഫ്.ഐ.ആറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഛത്തീസ്ഗഡിലെ ദുര്‍ഗില്‍ മനുഷ്യക്കടത്ത് ആരോപിച്ച് അറസ്റ്റിലായ മലയാളി കന്യാസ്ത്രീകള്‍ക്കെതിരായ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നു കുടുംബം പ്രതികരിച്ചു. ഒപ്പമുണ്ടായിരുന്ന കുട്ടികള്‍ ക്രിസ്ത്യാനികളാണെന്നും, മാതാപിതാക്കളുടെ പൂര്‍ണ അനുവാദത്തോടെയാണ് കുട്ടികള്‍ പോയതെന്നും സിസ്റ്റര്‍ പ്രീതിയുടെ കുടുംബം പറഞ്ഞു. ഇത് മനസിലായതോടെ ബജ്‌റംഗ്ദള്‍ നിലപാട് മാറ്റി.
‘കന്യാസ്ത്രീകളെ ബോധപൂര്‍വം കുടുക്കിയതാണ്. വര്‍ഷങ്ങളായി ഛത്തീസ്ഗഡില്‍ ക്ലിനിക്ക് നടത്തുകയാണ് ഇവര്‍. ആദിവാസികളുള്‍പ്പെടെയുള്ള നിരവധി പേരുടെ ആശ്രയമാണ് ഈ ക്ലിനിക്ക്. നിലവിലെ സാഹചര്യം വളരെ മോശമാണെ’ന്നും സിസ്റ്റര്‍ പ്രീതിയുടെ കുടുംബം പറയുന്നു.
ഛത്തീസ്ഗഡിലെ ദുര്‍ഗ് റെയില്‍വേ സ്റ്റേഷനില്‍ മലയാളി കന്യാസ്ത്രീകള്‍ക്കെതിരെ അന്‍പതിലേറെ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചിരുന്നു. ദുര്‍ഗ് റെയില്‍വേ സ്റ്റേഷനിലെ കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. സംഘര്‍ഷാന്തരീക്ഷം ഉണ്ടായിട്ടും പൊലീസ് യാതൊരു ഇടപെടലും നടത്താതെ കാഴ്ചക്കാരായി നില്‍ക്കുകയായിരുന്നുവെന്ന് ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നു.
കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ ഇന്ന് ദുര്‍ഗ് ജില്ലാ കോടതി പരിഗണിക്കും. വെള്ളിയാഴ്ചയാണ് മനുഷ്യക്കടത്ത് ആരോപിച്ച് കന്യാസ്ത്രീകളെ പൊലീസ് അറസ്റ്റ് ചെയ്തത്. കന്യാസ്ത്രീകള്‍ കൂട്ടിക്കൊണ്ടുപോകാന്‍ വന്ന യുവതികളെ മൊഴി മാറ്റിച്ച് മതപരിവര്‍ത്തന കുറ്റം ചുമത്താന്‍ ശ്രമം ഉണ്ടെന്ന് സന്യാസ സമൂഹവുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ അറിയിച്ചു.
കന്യാസ്ത്രീകളുടെ അറസ്റ്റില്‍ പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കിയിട്ടുണ്ട്. പാര്‍ലമെന്റില്‍ ചര്‍ച്ച ആവശ്യപ്പെട്ട് കേരളത്തില്‍ നിന്നുള്ള എംപിമാര്‍ ലോക്‌സഭയിലും രാജ്യസഭയിലും അടിയന്തരപ്രമേയ നോട്ടിസ് നല്‍കി. കന്യാസ്ത്രീകള്‍ക്ക് നീതി ലഭ്യമാക്കാന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചു.
കന്യാസ്ത്രീകളുടെ അറസ്റ്റില്‍ പ്രതിഷേധിച്ച് ലോക്‌സഭയിലും രാജ്യസഭയിലും പ്രതിപക്ഷം ശക്തമായ പ്രതിഷേധം ഉയര്‍ത്തി. പ്ലക്കാര്‍ഡുകളുമായി നടുത്തളത്തിലിറങ്ങിയ പ്രതിപക്ഷ അംഗങ്ങള്‍ മുദ്രാവാക്യം വിളികളുമായി പ്രതിഷേധം കടുപ്പിച്ചു. ഇതോടെ ഇരുസഭകളും ഉച്ചയ്ക്ക് 12 മണിവരെ നിര്‍ത്തിവെയ്‌ക്കേണ്ടി വന്നു. പ്രതിപക്ഷത്തോട് സ്പീക്കര്‍ സ്വരം കടുപ്പിക്കുന്ന സാഹചര്യവും ലോക്‌സഭയിലുണ്ടായി.
ഛത്തീസ്ഗഡിലെ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തതില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ശക്തമായ നടപടി സ്വീകരിക്കണമെന്ന് കൊടിക്കുന്നില്‍ സുരേഷ് എം.പി. സംഘപരിവാര്‍ അജണ്ടയാണ് നടപ്പാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കന്യാസ്ത്രീകള്‍ക്കെതിരായ നടപടി ഞെട്ടിപ്പിക്കുന്നതാണെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പ്രതികരിച്ചു. ഇത് രാജ്യത്തിന്റെ മതനിരപേക്ഷതയ്ക്ക് പോറലേല്‍പ്പിക്കുന്ന നടപടിയാണെന്നും ബി.ജെ.പി ഈ പരിപാടി തുടരുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കന്യാസ്ത്രീകളുടെ മോചനത്തിനായി എല്ലാവരും ഒരുമിക്കണമെന്നും മന്ത്രി റിയാസ് ആഹ്വാനം ചെയ്തു.
കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തത് കണ്ടിട്ടും സംഘപരിവാരത്തെ രക്ഷകരായി കാണുന്നവരുണ്ടെകില്‍ അവര്‍ സൂക്ഷിക്കണമെന്ന് മന്ത്രി എം ബി രാജേഷ്. ആര്‍ എസ് എസ് അവരുടെ ആഭ്യന്തര ശത്രുക്കളെ കുറിച്ച് നേരത്തെ വ്യക്തമാക്കിയതാണ്. എന്നിട്ടും ഉറക്കം നടിക്കുന്നവരെ ഉണര്‍ത്താന്‍ കഴിയില്ലെന്നും മന്ത്രി പ്രതികരിച്ചു.
ഛത്തീസ്ഗഡിലെ കന്യാസ്ത്രീകളുടെ അറസ്റ്റില്‍ ക്രൈസ്തവ സഭാ മേലധ്യക്ഷന്‍മാരെ വിമര്‍ശിച്ച് മന്ത്രി വി.ശിവന്‍കുട്ടി. ബിജെപിയുടെ മനസിലിരുപ്പ് സഭാനേതൃത്വത്തിന് ബോധ്യപ്പെടേണ്ടേ എന്നും മോദിയോട് പരാതിപ്പെടാനുള്ള ധൈര്യം ഇല്ലേയെന്നും ശിവന്‍കുട്ടി ചോദിച്ചു. സഭാ മേലധ്യക്ഷന്‍മാര്‍ക്ക് അവരുടെ സ്ഥാനങ്ങള്‍ ഉറപ്പിക്കാനാണ് ശ്രദ്ധയെന്നും ശിവന്‍കുട്ടി വിമര്‍ശിച്ചു.
കന്യാസ്ത്രീകളെ വിട്ടയക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടണമെന്നും ക്രൈസ്തവ സമൂഹത്തിന്റെ ഭയം ഒഴിവാക്കണമെന്നും സിഎസ്‌ഐ മധ്യകേരള മഹായിടവക ബിഷപ് ഡോക്ടര്‍ മലയില്‍ സാബു കോശി ചെറിയാന്‍. കേരളത്തിലെ വിവിധ സഭകളിലെ ബിഷപ്പുമാര്‍ തമ്മില്‍ ചര്‍ച്ച നടത്തി. തിരുമേനിമാര്‍ പ്രതികരിക്കുന്നില്ലെന്ന മന്ത്രി വി.ശിവന്‍കുട്ടിയുടെ പ്രസ്താവന അംഗീകരിക്കാന്‍ കഴിയുന്നതല്ല. എപ്പോഴും വിശ്വാസികള്‍ക്ക് വേണ്ടിയാണ് നിലകൊള്ളുന്നതെന്നും ബിഷപ് കോട്ടയത്ത് പറഞ്ഞു.






