‘കന്യാസ്ത്രീകള്‍ക്ക് ഒപ്പമുണ്ടായിരുന്ന പെണ്‍കുട്ടികള്‍ ക്രിസ്ത്യാനികള്‍; ഇതു മനസിലാക്കിയ ബജ്‌റംഗ്ദള്‍ നിലപാടു മാറ്റി, കുടുക്കിയത് ബോധപൂര്‍വം’; വെളിപ്പെടുത്തലുമായി കുടുംബം; ജോര്‍ജ് കുര്യന്‍ അടക്കമുള്ളവരുടെ മൗനം തിരിച്ചറിയണമെന്ന് പ്രതിപക്ഷ എംപിമാര്‍; പ്രതിഷേധം ശക്തമാകുന്നു

റായ്പുര്‍: ഛത്തീസ്ഗഡിലെ ദുര്‍ഗില്‍ മനുഷ്യക്കടത്ത് ആരോപിച്ച് അറസ്റ്റിലായ മലയാളി കന്യാസ്ത്രീകള്‍ക്കെതിരായ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നു കുടുംബം. ഒപ്പമുണ്ടായിരുന്ന കുട്ടികള്‍ ക്രിസ്ത്യാനികളാണെന്നും, മാതാപിതാക്കളുടെ പൂര്‍ണ അനുവാദത്തോടെയാണ് കുട്ടികള്‍ പോയതെന്നും സിസ്റ്റര്‍ പ്രീതിയുടെ കുടുംബം പറഞ്ഞു. ഇത് മനസിലായതോടെ ബജ്‌റംഗ്ദള്‍ നിലപാട് മാറ്റി.
‘കന്യാസ്ത്രീകളെ ബോധപൂര്‍വം കുടുക്കിയതാണ്. വര്‍ഷങ്ങളായി ഛത്തീസ്ഗഡില്‍ ക്ലിനിക്ക് നടത്തുകയാണ് ഇവര്‍. ആദിവാസികളുള്‍പ്പെടെയുള്ള നിരവധി പേരുടെ ആശ്രയമാണ് ഈ ക്ലിനിക്ക്. നിലവിലെ സാഹചര്യം വളരെ മോശമാണെ’ന്നും സിസ്റ്റര്‍ പ്രീതിയുടെ കുടുംബം പറയുന്നു.
ഛത്തീസ്ഗഡിലെ ദുര്‍ഗ് റെയില്‍വേ സ്റ്റേഷനില്‍ മലയാളി കന്യാസ്ത്രീകള്‍ക്കെതിരെ അന്‍പതിലേറെ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചിരുന്നു. ദുര്‍ഗ് റെയില്‍വേ സ്റ്റേഷനിലെ കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. സംഘര്‍ഷാന്തരീക്ഷം ഉണ്ടായിട്ടും പൊലീസ് യാതൊരു ഇടപെടലും നടത്താതെ കാഴ്ചക്കാരായി നില്‍ക്കുകയായിരുന്നുവെന്ന് ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നു.
കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ ഇന്ന് ദുര്‍ഗ് ജില്ലാ കോടതി പരിഗണിക്കും. വെള്ളിയാഴ്ചയാണ് മനുഷ്യക്കടത്ത് ആരോപിച്ച് കന്യാസ്ത്രീകളെ പൊലീസ് അറസ്റ്റ് ചെയ്തത്. കന്യാസ്ത്രീകള്‍ കൂട്ടിക്കൊണ്ടുപോകാന്‍ വന്ന യുവതികളെ മൊഴി മാറ്റിച്ച് മതപരിവര്‍ത്തന കുറ്റം ചുമത്താന്‍ ശ്രമം ഉണ്ടെന്ന് സന്യാസ സമൂഹവുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ അറിയിച്ചു.
കന്യാസ്ത്രീകളുടെ അറസ്റ്റില്‍ പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കിയിട്ടുണ്ട്. പാര്‍ലമെന്റില്‍ ചര്‍ച്ച ആവശ്യപ്പെട്ട് കേരളത്തില്‍ നിന്നുള്ള എംപിമാര്‍ ലോക്‌സഭയിലും രാജ്യസഭയിലും അടിയന്തരപ്രമേയ നോട്ടിസ് നല്‍കി. കന്യാസ്ത്രീകള്‍ക്ക് നീതി ലഭ്യമാക്കാന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചു.
ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ഫേസ്ബുക്കില്‍ കുറിച്ചത്, ഈ വിഷയത്തില്‍ അടിയന്തര ഇടപെടല്‍ നടത്തിയിട്ടുണ്ടെന്നാണ്. പാര്‍ലമെന്റിന് അകത്തും പുറത്തും വിഷയം ശക്തമായി ഉയര്‍ത്താനാണ് യുഡിഎഫ് എംപിമാരുടെ തീരുമാനം. പാര്‍ലമെന്റിന്റെ മകര കവാടത്തില്‍ എംപിമാര്‍ പ്രതിഷേധിക്കുകയും ഇരുസഭകളിലും ചര്‍ച്ച ആവശ്യപ്പെട്ട് നോട്ടീസ് നല്‍കുകയും ചെയ്യും.
ഛത്തീസ്ഗഡില്‍ മലയാളി കന്യാസ്ത്രീകള്‍ക്കെതിരെ സ്വീകരിച്ച നടപടി മൗലികാവകാശത്തിന്റെ നഗ്‌നമായ ലംഘനമാണെന്ന് എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി. പറഞ്ഞു. ജനാധിപത്യ രാജ്യത്തെ മതവല്‍ക്കരിക്കാനുള്ള ബിജെപി.യുടെയും സംഘപരിവാറിന്റെയും അജണ്ടയാണിതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ബിജെപിയുടെ ഇരട്ടത്താപ്പ് ക്രൈസ്തവ വിഭാഗങ്ങള്‍ തിരിച്ചറിയണമെന്നും ജോര്‍ജ് കുര്യന്‍ അടക്കമുള്ളവരുടെ മൗനം ദുരൂഹമാണെന്നും പ്രേമചന്ദ്രന്‍ പറഞ്ഞു. അക്രമത്തില്‍ ചര്‍ച്ച ആവശ്യപ്പെട്ട് എന്‍.കെ. പ്രേമചന്ദ്രന്‍ ഇന്ന് ലോക്‌സഭയില്‍ അടിയന്തരപ്രമേയ നോട്ടിസ് നല്‍കും.
കന്യാസ്ത്രീകളെ അറസ്റ്റുചെയ്തതില്‍ ആശങ്കയും പ്രതിഷേധവുമുണ്ടെന്ന് ഓര്‍ത്തഡോക്‌സ് സഭാ. തീവ്രവാദ സ്വഭാവമുള്ള സംഘടനകളുടെ നേതൃത്വത്തില്‍ റെയില്‍വേ സ്റ്റേഷനില്‍ വെച്ച് ആള്‍ക്കൂട്ട വിചാരണ നേരിട്ട കന്യാസ്ത്രീകളോട് കാട്ടിയത് ക്രൂരതയാണെന്ന് അസോസിയേഷന്‍ സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍ പറഞ്ഞു. ന്യൂനപക്ഷങ്ങള്‍ക്ക് ഭരണഘടന അനുശാസിക്കുന്ന സ്വാതന്ത്ര്യം ലഭിക്കാത്ത അവസ്ഥ ആശങ്കാജനകമാണെന്നും, മതപരിവര്‍ത്തനവിരുദ്ധ നിയമങ്ങളുടെ ദുരുപയോഗം തുടര്‍ക്കഥയാവുകയാണെന്നും ബിജു ഉമ്മന്‍ ചൂണ്ടിക്കാട്ടി. രണ്ട് കന്യാസ്ത്രീകളെയും ഉടന്‍ മോചിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.






