യുഎസില്‍ കത്തിയാക്രമണം; 11 പേര്‍ക്ക് കുത്തേറ്റു, ആറ് പേരുടെ നില ഗുരുതരം, ഒരാള്‍ കസ്റ്റഡിയില്‍

വാഷിങ്ടണ്‍: അമേരിക്കയെ ഞെട്ടിച്ച് വീണ്ടും കത്തിയാക്രമണം. വടക്കന്‍ മിഷിഗണ്‍ മേഖലയിലുണ്ടായ ആ0ക്രമണത്തില്‍ 11 പേര്‍ക്ക് കുത്തേറ്റു. ആറുപേരുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണെന്ന് ഗ്രാന്‍ഡ് ട്രാവേഴ്സ് കൗണ്ടി ഷെരീഫ് മൈക്കല്‍ ഷിയ അറിയിച്ചു. അക്രമണവുമായി ബന്ധപ്പെട്ട് ഒരാളെ കസ്റ്റഡിയിലെടുത്തതായി വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വടക്കന്‍ മിഷിഗണ്‍ മേഖലയിലെ ട്രാവേഴ്സ് സിറ്റിയിലെ വാള്‍മാര്‍ട്ടില്‍ ശനിയാഴ്ച വൈകുന്നേരം 4.45 ഓടെയാണ് ആക്രമണമുണ്ടായത്.
വടക്കന്‍ മിഷിഗണിലെ മേഖലയിലെ ആശുപത്രിയില്‍ 11 പേര്‍ ചികിത്സയിലാണെന്ന് മുന്‍സണ്‍ ഹെല്‍ത്ത്‌കെയര്‍ സോഷ്യല്‍ മീഡിയ വഴി അറിയിച്ചു. എല്ലാവര്‍ക്കും കുത്തേറ്റതായും ആറ് പേര്‍ ഗുരുതരാവസ്ഥയിലാണെന്നും വക്താവ് മേഗന്‍ ബ്രൗണ്‍ പറഞ്ഞു. ആറ് പുരുഷന്മാരുക്കും അഞ്ച് സ്ത്രീകള്‍ക്കുമാണ് കുത്തേറ്റതെന്ന് ഡെയ്മി മെയില്‍ റിപ്പോര്‍ട്ട് ചെയ്തു. മൂന്ന് പേരെ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയതായി പോലീസിനെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
പ്രതിയെ കസ്റ്റഡിയിലെടുത്തതായി മിഷിഗണ്‍ സ്റ്റേറ്റ് പോലീസ് അറിയിച്ചു. പ്രതി മിഷിഗണ്‍ നിവാസിയാണെന്നാണ് റിപ്പോര്‍ട്ട്. ഇയാളുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാന്‍ പോലീസ് തയാറായിട്ടില്ല. ഇയാളെ പോലീസ് ചോദ്യം ചെയ്യുകയാണ്. കൂടുതല്‍ വിവരങ്ങള്‍ ഇയാളില്‍ നിന്ന് ലഭിക്കുന്നതനുസരിച്ചാകും വിവരങ്ങള്‍ പുറത്തുവിടുക. പ്രതി കസ്റ്റഡിയിലാണെന്ന് മിഷിഗണ്‍ സ്റ്റേറ്റ് പോലീസ് നേരത്തെ പറഞ്ഞിരുന്നു. കത്തിയാക്രമണവുമായി ബന്ധപ്പെട്ട അന്വേഷണത്തിന് ആവശ്യമായ ഏത് പിന്തുണയും നല്‍കാന്‍ തയാറാണെന്ന് എഫ്ബിഐ ഡെപ്യൂട്ടി ഡയറക്ടര്‍ ഡാന്‍ ബോംഗിനോ അറിയിച്ചു.
ഒരാള്‍ കടയില്‍ കയറി കത്തി ഉപയോഗിച്ച് മുന്നില്‍ കണ്ടവരയെല്ലാം കുത്തുകയായിരുന്നുവെന്ന് ഗ്രാന്‍ഡ് ട്രാവേഴ്സ് കൗണ്ടി ഷെരീഫ് ഓഫീസ് പറഞ്ഞു. സംഭവം അറിഞ്ഞയുടന്‍ സ്ഥലത്തെത്തി അക്രമിയെ കീഴ്‌പ്പെടുത്തി. കടയിലുണ്ടായിരുന്നവരുടെ സഹായം ലഭിച്ചെന്ന് പോലീസ് പറഞ്ഞു.
കത്തിയുമായി കടയില്‍ പ്രവേശിച്ച അക്രമി ആളുകളെ കുത്തുകായിരുന്നുവെന്ന് ഒരു സാക്ഷി പറഞ്ഞു. ഒരാളുടെ കണ്ണിന് പരിക്കേറ്റു. ആളുകള്‍ ഭയന്ന് ഓടി. ഏറെ നേരത്തെ ശ്രമത്തിനൊടുവിലാണ് പ്രതിയെ പോലീസ് കീഴടക്കിയത്. കടയില്‍ നിന്ന് വലിയ ശബ്ദത്തില്‍ നിലവിളി കേട്ടതായും ആളുകള്‍ പരിഭ്രാന്തരായി പുറത്തേക്ക് ഇറങ്ങിയോടുകയും ചെയ്തു. രക്ഷപ്പെടാന്‍ ശ്രമം നടത്തുന്നതിനിടെയാണ് പലര്‍ക്കും കുത്തേറ്റത്. സംഭവസ്ഥലത്ത് പോലീസിന്റെ വലിയ സന്നാഹം എത്തിച്ചേര്‍ന്നിരുന്നു. പോലീസ് വാഹനങ്ങള്‍, ആംബുലന്‍സുകള്‍, ഫയര്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍, റെസ്‌ക്യൂ വാഹനങ്ങള്‍, ക്രൈം സീന്‍ വാഹനങ്ങള്‍ എന്നിവ സ്ഥലത്തെത്തിയിരുന്നു.






