Breaking NewsCrimeLead NewsNEWS

ഭാര്യ ലേശം കോസ്റ്റ്‌ലിയാണ്! ചെലവേറിയ ആഗ്രഹങ്ങള്‍, വിവാഹംകഴിഞ്ഞ് ഒരുമാസത്തിനകം ജോലിവിട്ട് മോഷണത്തിനിറങ്ങി; നവവരന്‍ പിടിയില്‍

ജയ്പുര്‍: ഭാര്യയുടെ ആഗ്രഹങ്ങളുടെ വലിപ്പമേറിയപ്പോള്‍ വിവാഹംകഴിഞ്ഞ് ഒരുമാസത്തിനുള്ളില്‍ നവവരന്‍ മോഷണത്തിനിറങ്ങി. പക്ഷേ, ആരും പിടിക്കപ്പെടില്ലെന്ന് കരുതിയ മോഷ്ടാവിനെ പോലീസ് സംഘം അതിവിദഗ്ധമായി പൂട്ടി. രാജസ്ഥാനിലെ ജയ്പുരിലാണ് സംഭവം.

ജയ്പുരിന് സമീപം ജാംവാരാംഘട്ട് ഗ്രാമത്തിലെ തരുണിനെയാണ് സ്ത്രീയുടെ മാലപൊട്ടിച്ച കേസില്‍ പോലീസ് അറസ്റ്റ്ചെയ്തത്. എന്നാല്‍, മോഷണത്തിന്റെ കാരണമായി പ്രതി നല്‍കിയ മൊഴികേട്ട് പോലീസുകാര്‍ ശരിക്കും അമ്പരന്നുപോയി. ഭാര്യയുടെ ആഗ്രഹങ്ങള്‍ നിറവേറ്റാനുള്ള പണംകണ്ടെത്താനായണ് താന്‍ മോഷണത്തിനിറങ്ങിയതെന്നായിരുന്നു ഇയാളുടെ മൊഴി.

Signature-ad

ഒരുമാസം മുന്‍പായിരുന്നു തരുണിന്റെ വിവാഹം. ബിബിഎ ബിരുദധാരിയായ ഇയാള്‍ ഒരു സ്വകാര്യകമ്പനിയിലെ എക്സിക്യൂട്ടിവായാണ് ജോലിചെയ്തിരുന്നത്. എന്നാല്‍, വിവാഹശേഷം ഭാര്യയുടെ ആവശ്യങ്ങള്‍ നിറവേറ്റാനുള്ള പണം ഈ ജോലിയില്‍നിന്ന് ലഭിച്ചിരുന്നില്ല. കൂടുതല്‍പണവും ആഡംബരജീവിതവുമായിരുന്നു ഭാര്യയുടെ ആഗ്രഹം. ഇതിന്റെപേരില്‍ ഭാര്യ തരുണിനെ സമ്മര്‍ദത്തിലാക്കാനും തുടങ്ങി. ഓരോദിവസവും ഏറെ പണച്ചെലവുള്ള ആവശ്യങ്ങളും ആഗ്രഹങ്ങളുമാണ് ഭാര്യ തരുണിനോട് പറഞ്ഞിരുന്നത്. ഇതോടെയാണ് ഭാര്യയുടെ ആവശ്യങ്ങള്‍ക്കുള്ള പണം കണ്ടെത്താനായി ജോലിവിട്ട് താന്‍ മോഷണത്തിനിറങ്ങിയതെന്നായിരുന്നു പ്രതിയുടെ മൊഴി.

ജയ്പുരിലെ ട്രാന്‍സ്പോര്‍ട്ട് നഗര്‍ മേഖലയില്‍ പട്ടാപ്പകല്‍ വയോധികയുടെ മാലപൊട്ടിച്ച കേസിലാണ് പോലീസ് തരുണിനെ അറസ്റ്റ്ചെയ്തത്. ഗ്രാമത്തില്‍നിന്ന് ജയ്പുരിലെത്തി മോഷണം നടത്തിയശേഷം തിരികെമടങ്ങുന്നതായിരുന്നു ഇയാളുടെരീതി. വയോധികയുടെ മാലപൊട്ടിച്ച കേസില്‍ വിവിധ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പോലീസ് പ്രതിയെ തിരിച്ചറിഞ്ഞത്. തുടര്‍ന്ന് ഇയാള്‍ ജയ്പുരിലേക്കും തിരിച്ചും യാത്രനടത്തുന്നുണ്ടെന്നും വ്യക്തമായി. ഇതിനുപിന്നാലെയാണ് വെള്ളിയാഴ്ച ഇയാളെ കസ്റ്റഡിയിലെടുത്തത്.

അതേസമയം, പ്രതി ഇതുവരെ എത്രമോഷണം നടത്തിയെന്നത് സംബന്ധിച്ച് അന്വേഷണം നടത്തിവരികയാണെന്ന് പോലീസ് പറഞ്ഞു. ഭാര്യയ്ക്ക് ഇയാളുടെ മോഷണത്തെക്കുറിച്ച് അറിവുണ്ടോ, മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിരുന്നോ തുടങ്ങിയകാര്യങ്ങളും പോലീസ് അന്വേഷിക്കുന്നുണ്ട്.

 

Back to top button
error: