ഉദ്യോഗസ്ഥര്‍ കാഴ്ച്ചക്കാര്‍, പ്രതികള്‍ നിയന്ത്രിക്കുന്ന ജയില്‍, ഗോവിന്ദച്ചാമിക്കു വരെ സഹായം; സിപിഎമ്മിനും കടുത്ത നാണക്കേട്

കണ്ണൂര്‍: ജയില്‍ ചാടിയ ഗോവിന്ദച്ചാമിയെ മണിക്കൂറുകള്‍ക്കകം പിടിക്കാനായെങ്കിലും ജയിലിലെ സുരക്ഷാവീഴ്ച, വകുപ്പു കൈകാര്യം ചെയ്യുന്ന സിപിഎമ്മിനു വലിയ നാണക്കേടായി. ജയിലില്‍ സിപിഎം തടവുകാരുടെ ഭരണമാണെന്ന ആക്ഷേപം നിരന്തരം ഉന്നയിക്കുന്ന പ്രതിപക്ഷത്തിന് ജയില്‍ച്ചാട്ടം മറ്റൊരായുധമായി. ജയില്‍ ചാടാനുള്ള എല്ലാ സൗകര്യങ്ങളും ഗോവിന്ദച്ചാമിക്കു കിട്ടിയെന്നാണു വ്യക്തമാകുന്നത്.
ജയിലിലും സിസ്റ്റത്തിന്റെ തകരാറോയെന്ന പരിഹാസം സിപിഎമ്മിനുനേരെ ഉയര്‍ന്നു. ജയിലിലാകുന്ന സിപിഎം പ്രവര്‍ത്തകര്‍ക്കു വഴിവിട്ട സഹായങ്ങള്‍ ലഭിക്കുന്നെന്ന ആക്ഷേപം നേരത്തേയുണ്ട്. അതു ശരിവയ്ക്കുന്ന സംഭവങ്ങള്‍ ജയിലില്‍ പതിവാണ്. സെല്ലുകളില്‍നിന്നു മൊബൈല്‍ ഫോണുകളും ലഹരിവസ്തുക്കളും പിടികൂടുന്ന സംഭവങ്ങള്‍ അടിക്കടി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. സിപിഎം നേതാക്കളായ ജയില്‍ ഉപദേശക സമിതി അംഗങ്ങളുടെ ഇടപെടലിലാണു ജയിലില്‍ വഴിവിട്ട കാര്യങ്ങള്‍ നടക്കുന്നതെന്നാണു പ്രതിപക്ഷ ആരോപണം.
ഏറ്റവുമൊടുവില്‍ കാരണവര്‍ വധക്കേസിലെ ഷെറിന്റെ ജയില്‍ മോചനത്തിനു പിന്നിലും ഇത്തരം ആക്ഷേപങ്ങള്‍ ഉയര്‍ന്നു. വനിതാ ജയിലില്‍ ഷെറിനു ലഭിച്ച പരിഗണന ചര്‍ച്ചയായി. ഗോവിന്ദച്ചാമിയുടെ ജയില്‍ച്ചാട്ടം കൂടിയായതോടെ സെന്‍ട്രല്‍ ജയിലില്‍ കാര്യങ്ങള്‍ നേരായ രീതിയിലല്ലെന്നാണു വെളിപ്പെടുന്നത്. ജയില്‍ ചാടാന്‍ ഗോവിന്ദച്ചാമി നടത്തിയ ദീര്‍ഘനാളത്തെ ആസൂത്രണവും അതിന്റെ നിര്‍വഹണവും ജയില്‍വകുപ്പ് കൈകാര്യം ചെയ്യുന്നതില്‍ വലിയ വീഴ്ചയുണ്ടെന്നതിനു തെളിവാണ്. ദിവസങ്ങളെടുത്ത് അഴികള്‍ മുറിച്ചിട്ടും ആരും അറിഞ്ഞില്ല. സ്വാതന്ത്ര്യവും ഒത്താശയും ലഭിക്കാതെ അംഗപരിമിതനായ ഒരാള്‍ക്കു ജയില്‍ ചാടാന്‍ സാധിക്കില്ലെന്നു വ്യക്തം.
ആസൂത്രണത്തിനുള്ള അവസരം എങ്ങനെയുണ്ടായെന്ന ചോദ്യം പ്രസക്തം. പിടിയിലാകുമ്പോള്‍ ഗോവിന്ദച്ചാമിയുടെ കയ്യില്‍ ചെറിയ ആയുധങ്ങളുണ്ടായിരുന്നുവെന്നാണ് സിറ്റി പൊലീസ് കമ്മിഷണറുടെ വെളിപ്പെടുത്തല്‍. ഏഴര മീറ്റര്‍ ഉയരമുള്ള മതില്‍ചാടിയത് തുണികള്‍ കൂട്ടിക്കെട്ടി വടംപോലെയാക്കിയാണ്. അഴികള്‍ മുറിക്കാനുള്ള ഹാക്സോ ബ്ലേഡ് ജയിലിലെ വര്‍ക്ഷോപ്പിലേതാണ്. സിസിടിവി നിരീക്ഷണമുണ്ടായിട്ടും ഇതൊന്നും അറിഞ്ഞില്ലെന്നു പറയുന്നത് ജയിലിലെ അരാജകത്വത്തിനു തെളിവാണ്.
പ്രത്യേക നിരീക്ഷണത്തോടെ പാര്‍പ്പിക്കേണ്ട കുറ്റവാളി തടവുചാടിയത്, ജയില്‍ നിയന്ത്രണം ഉദ്യോഗസ്ഥര്‍ക്കല്ലെന്ന ആരോപണം ശരിവയ്ക്കുന്നു. ഗോവിന്ദച്ചാമിയെപ്പോലൊരു കുറ്റവാളി ജയില്‍ ചാടിയ സാഹചര്യം സര്‍ക്കാര്‍ സ്ത്രീസുരക്ഷ പരിഗണിക്കുന്നില്ലെന്നതിനു തെളിവായി കോണ്‍ഗ്രസ് ഉയര്‍ത്തിക്കാട്ടുന്നു. ഉത്തരവാദിത്തത്തില്‍നിന്നു മുഖ്യമന്ത്രി പിണറായി വിജയന് ഒഴിയാനാവില്ലെന്നും അവര്‍ പറയുന്നു. പ്രതിപക്ഷ കക്ഷികള്‍ രാഷ്ട്രീയമുതലെടുപ്പിനു ശ്രമിക്കുകയാണെന്ന വാദവുമായാണ് സിപിഎം ഇതിനെ നേരിടുന്നത്.






