ആന്റണിയെ കണ്ട് അനുഗൃഹം വാങ്ങി ചെറിയാൻ ഫിലിപ്പ് പഴയ തറവാട്ടിലേയ്ക്ക്
ജയസാധ്യതയില്ലാത്ത സീറ്റ് നൽകിയതിൽ പ്രതിഷേധിച്ച് 2001ലാണ് ചെറിയാൻ ഫിലിപ്പ് കോൺഗ്രസ് പാർട്ടി വിട്ട് ഇടത് പാളയത്തിലെത്തുന്നത്. അംഗത്വം ഇല്ലെങ്കിലും സി.പി.എമ്മിന്റെ സജീവ സഹയാത്രികനായിരുന്നു. എന്നാല്‍ രാജ്യസഭ സീറ്റ് നിഷേധിച്ചത് മുതലാണ് ചെറിയാൻ ഫിലിപ്പും ഇടത് മുന്നണിയും തമ്മിൽ തെറ്റുന്നത്. രണ്ടാം പിണറായി സർക്കാർ മുന്നോട്ട് വെച്ച് ഖാദി ബോർഡ് വൈസ് ചെയർമാൻ സ്ഥാനം ഏറ്റെടുക്കാതെ ഭിന്നത പരസ്യമാക്കി പഴയ തട്ടകത്തിലേക്ക് മടങ്ങാൻ തയ്യാറെടുത്തു
തിരുവനന്തപുരം: ഒടുവിൽ സി.പി.എം താവളത്തിൽ നിന്ന് ചെറിയാൻ ഫിലിപ്പ് സ്വന്തം തറവാട്ടിൽ തിരിച്ചെത്തി..
തൻ്റെ അദ്ധ്വാനത്തിൻ്റെ മൂലധനം കോൺഗ്രസിലുണ്ടെന്നും പണ്ട് പറഞ്ഞിരുന്ന കാര്യങ്ങൾ കോൺഗ്രസ് ഇന്ന് നടപ്പിലാക്കിയിരിക്കുന്നു എന്നും അതുകൊണ്ടാണ് താൻ തറവാട്ടിലേയ്ക്ക് മടങ്ങുന്നതെന്നും ചെറിയാൻ പറയുന്നു.
അൽപ സമയത്തിനകം ചെറിയാൻ ഫിലിപ്പ് തന്നെ ഔദ്യോഗികമായി സ്വന്തം കോൺഗ്രസ് പ്രവേശം പ്രഖ്യാപിക്കും.
ഇതിനു മുന്നോടിയായി രാഷ്ട്രീയ ഗുരുവായ എ.കെ ആന്റണിയെ വീട്ടിലെത്തി കണ്ട് ചെറിയാൻ അനുഗൃഹം വാങ്ങി. 20 വർഷം നീണ്ട ഇടതു ബന്ധം അവസാനിപ്പിച്ചാണ് ചെറിയാൻ ഫിലിപ്പ് കോൺഗ്രസിലേക്ക് തിരിച്ചു ചെല്ലുന്നത്.
കഴിഞ്ഞ കുറേ ദിവസങ്ങളായി ചെറിയാന്‍ കോണ്‍ഗ്രസിലേക്ക് പോകും എന്ന വാര്‍ത്തകളും അഭ്യൂഹങ്ങളും നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. ചെറിയാന്‍ ഫിലിപ്പിനെ കോണ്‍ഗ്രസിലേക്ക് സ്വാഗതം ചെയ്യുന്നതായി എ കെ ആൻ്റണി, കൂടിക്കാഴ്ചക്ക് ശേഷം പറഞ്ഞു.
പ്രമുഖ നേതാക്കള്‍ നേരത്തെ തന്നെ അനുകൂല പ്രസ്ഥാവനകളുമായി രംഗത്തെത്തിയിരുന്നു. ഉമ്മന്‍ചാണ്ടിയുമായി കഴിഞ്ഞ ദിവസം ചെറിയാന്‍ ഫിലിപ്പ് വേദി പങ്കിടുകയും ചെയ്തിരുന്നു.
ചെറിയാൻ ഫിലിപ്പിന്റെ മടങ്ങി വരവ് കോൺഗ്രസിന് ഊർജം പകരുമെന്ന് എ കെ ആന്റണി പറഞ്ഞു. 20 വർഷം സി പി എമ്മിൽ ഉണ്ടായിട്ടും കമ്യൂണിസ്റ്റ് പാർട്ടിയിൽ അംഗത്വം എടുത്തില്ലെന്നത് എടുത്തു പറയേണ്ട കാര്യമാണ്. കോൺഗ്രസ് ശക്തിപ്പെടേണ്ട സാഹചര്യത്തിൽ ചെറിയാൻ ഫിലിപ്പിനെ പോലുളളവരുടെ തിരിച്ചുവരവ് അണികൾക്ക് ആവേശം പകരും. ചെറിയാനെ എല്ലാ കോൺഗ്രസ് നേതാക്കളും സ്വാഗതം ചെയ്തിട്ടുണ്ട് . തനിക്ക് പകരം ചെറിയാൻ ഫിലിപ്പ് രാജ്യസഭയിലേക്ക് പോകുമോയെന്ന ചോദ്യത്തിന് അങ്ങനെ കരുതുന്നില്ലെന്നും അത്തരം ചർച്ചകൾ നടന്നിട്ടില്ലെന്നും എ കെ ആന്റണി പ്രതികരിച്ചു.
ജയസാധ്യതയില്ലാത്ത സീറ്റ് നൽകിയതിൽ പ്രതിഷേധിച്ച് 2001ലാണ് ചെറിയാൻ ഫിലിപ്പ് കോൺഗ്രസ് പാർട്ടി വിട്ട് ഇടത് പാളയത്തിലെത്തുന്നത്. അംഗത്വം ഇല്ലെങ്കിലും സി.പി.എമ്മിന്റെ സജീവ സഹയാത്രികനായി തുടരുകയായിരുന്നു. എന്നാല്‍ രാജ്യസഭ സീറ്റ് നിഷേധിച്ചത് മുതലാണ് ചെറിയാൻ ഫിലിപ്പും ഇടത് മുന്നണിയും തമ്മിൽ തെറ്റുന്നത്. രണ്ടാം പിണറായി സർക്കാർ മുന്നോട്ട് വെച്ച് ഖാദി ബോർഡ് വൈസ് ചെയർമാൻ സ്ഥാനം ഏറ്റെടുക്കാതെ ഭിന്നത പരസ്യമാക്കി മെല്ലെ പഴയ തട്ടകത്തിലേക്ക് മടങ്ങാൻ തയ്യാറെടുത്തു. മുഖ്യമന്ത്രിയുടെ നെതർലാൻഡ് സന്ദർശനത്തെ അടക്കം കുറ്റപ്പെടുത്തി സംസ്ഥാനത്തെ ദുരന്തനിവാരണത്തെ വിമർശിച്ച് ഫേസ്ബുക്ക് പോസ്റ്റ് കൂടെ ചെയ്തതോടെ അനുനയത്തിനുള്ള ശ്രമങ്ങൾ ഇടത് മുന്നണി അവസാനിപ്പിച്ചു.
എ കെ ആൻ്റണി അടക്കമുള്ള മുതിർന്ന നേതാക്കൾ തന്നെയാണ് ചെറിയാൻ ഫിലിപ്പിനെ തിരികെയെത്തിക്കാൻ മുൻകൈയ്യെടുത്തത്. തിരിച്ചു വരുന്ന മുതിർന്ന നേതാവിന് എന്ത് പദവി നൽകുമെന്ന കാര്യത്തിൽ അന്തിമ തീരുമാനം ആയിട്ടില്ല.
പലരും പാർട്ടി വിട്ടു പോകുന്ന കാലമാണെങ്കിലും ചെറിയാൻ മടങ്ങി എത്തുന്നത് കോൺഗ്രസ്സിന് രാഷ്ട്രീയനേട്ടം തന്നെയാണ്.