മുല്ലപ്പെരിയാർ അണക്കെട്ടിൽ രാവിലെ 7.29ന് മൂന്നാം നമ്പർ ഷട്ടറും 7.30ന് നാലാം നമ്പർ ഷട്ടറും ഉയർത്തി
ജനവാസ മേഖലയായ വള്ളക്കടവിൽ വെള്ളമെത്തി. തുടർന്ന് വണ്ടിപ്പെരിയാർ, ചപ്പാത്ത്, ഉപ്പുതറ വഴി രണ്ടുമണിക്കൂർ കൊണ്ട് ഇടുക്കി ഡാമിൽ എത്തും. ഇടുക്കി ഡാമിൻ്റെ ഷട്ടറുകളും ഉയര്‍ത്തേണ്ടി വരും. ഡാമിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു
ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിൽ രാവിലെ 7 മണിക്ക് ആദ്യ സൈറനും 7.15ന് രണ്ടാം സൈറനും 7.24ന് മൂന്നാം സൈറനും മുഴങ്ങി. കൃത്യം7.29ന് മൂന്നാം നമ്പർ ഷട്ടറും 7.30ന് നാലാം നമ്പർ ഷട്ടറും ഉയർത്തി. ഇപ്പോൾ 138. 70 അടിയായ ജലനിരപ്പ് 138 അടിയിലേക്ക് നിജപ്പെടുത്തുകയാണ് ലക്ഷ്യം. സുരക്ഷ മുന്‍നിര്‍ത്തി ഡാം പരിസരത്തെ 339 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു.
ഡാമിലെ ജലനിരപ്പ് ഉയരുന്നതിനൊപ്പം നീരൊഴുക്കും ശക്തമാണ്. വൃഷ്ടിപ്രദേശങ്ങളിൽ മഴയും തുടരുന്നു.
ഷട്ടറുകൾ കൂടുതൽ ഉയർത്തേണ്ടിവരുമെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും റവന്യൂമന്ത്രി കെ.രാജൻ അറിയിച്ചു.
പീരുമേട് താലൂക്കിൽ മാത്രം 8 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. ഉദ്യോഗസ്ഥർ കൃത്യമായ ഇടവേളകളിൽ നിരീക്ഷണം നടത്തുന്നുണ്ട്.
മുല്ലപ്പെരിയാർ ഡാം തുറന്നതോടെ ജനവാസ മേഖലയായ വള്ളക്കടവിൽ 20 മിനിറ്റിനകം വെള്ളമെത്തി. തുടർന്ന് രണ്ടു മണിക്കൂറിനകം വണ്ടിപ്പെരിയാർ, ചപ്പാത്ത്, ഉപ്പുതറ വഴി ഇടുക്കി ഡാമിൽ എത്തും. മുല്ലപ്പെരിയാര്‍ ഡാം തുറക്കുന്നതോടെ ഇടുക്കി ഡാമിൻ്റെ ഷട്ടറുകളും ഉയര്‍ത്തേണ്ടിവരും. ഇന്ന് വൈകിട്ട് നാലിനോ നാളെ രാവിലെ മുതലോ ഡാം തുറന്ന് ജലം പുറത്തേക്കൊഴുക്കുമെന്ന് വൈദ്യുതി മന്ത്രി കെ.കൃഷ്ണൻകുട്ടി അറിയിച്ചു.