Breaking NewsCrimeLead NewsNEWS

അമ്മയെ അടിച്ചയാളെ 10 വര്‍ഷത്തിനുശേഷം തേടി കണ്ടെത്തി, കൊലപ്പെടുത്തി മകന്റെ പ്രതികാരം; വിജയാഘോഷത്തിന് പാര്‍ട്ടി നടത്തി കുടുങ്ങി

ലഖ്നൗ: അമ്മയെ അടിച്ച ആളെ 10 വര്‍ഷത്തിന് ശേഷം അന്വേഷിച്ചു കണ്ടെത്തി കൊലപ്പെടുത്തി മകന്റെ പ്രതികാരം. ഉത്തര്‍പ്രദേശിലെ ലഖ്നൗവിലാണ് സിനിമാ കഥയെ വെല്ലുന്ന സംഭവം. സോനു കശ്യപ് എന്ന യുവാവാണ് അമ്മയെ അടിക്കുകയും അപമാനിക്കുകയും ചെയ്ത മനോജിനെ കൊലപ്പെടുത്തിയത്. വ്യക്തമായി ആസൂത്രണം ചെയ്ത കൊലപാതകത്തില്‍ സുഹൃത്തുക്കളുടെ സഹായവും സോനുവിന് ലഭിച്ചിരുന്നു. പാര്‍ട്ടി നടത്താമെന്ന് വാഗ്ദാനം ചെയ്താണ് ഇയാള്‍ സുഹൃത്തുക്കളെ കൂടെ കൂട്ടിയത്.

ഒരു തര്‍ക്കത്തെ തുടര്‍ന്ന് 10 വര്‍ഷം മുമ്പ് സോനുവിന്റെ അമ്മയെ അടിച്ച മനോജ് പിന്നീട് പ്രദേശം വിട്ടുപോവുകയായിരുന്നു. എന്നാല്‍ തന്റെ അമ്മ നേരിട്ട അപമാനം സോനുവിന്റെ മനസ്സില്‍ കെടാതെ കിടന്നു. അയാള്‍ മനോജിനെ കണ്ടെത്താനായി അന്വേഷിച്ചുകൊണ്ടേയിരുന്നു. ഒടുവില്‍ മൂന്ന് മാസം മുമ്പ് മുന്‍ഷി പുലിയ ഏരിയയില്‍ സോനു, മനോജിനെ കണ്ടെത്തി.

Signature-ad

ഇളനീര്‍ വില്‍പ്പനക്കാരനായിരുന്നു മനോജ്. അയാളുടെ ദിനചര്യ വിശദമായി പഠിച്ച സോനു കൊലപാതകത്തിനുള്ള പദ്ധതി തയ്യാറാക്കി. സഹായത്തിനായി സുഹൃത്തുക്കളെയും ചട്ടം കെട്ടി. മേയ് 22ന് മനോജ് കടയടച്ച് പോകുമ്പോള്‍ സോനുവും സുഹൃത്തുക്കളും ഇരുമ്പ് വടികൊണ്ട് മനോജിനെ അടിച്ചു പരിക്കേല്‍പ്പിച്ച് രക്ഷപ്പെടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ മനോജ് ചികിത്സയിലിരിക്കെയാണ് മരിച്ചത്.

സംഭവത്തെക്കുറിച്ച് അന്വേഷിച്ച പൊലീസ് ആദ്യം തുമ്പൊന്നും ലഭിച്ചിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചെങ്കിലും പ്രതികളെ തിരിച്ചറിയാനായില്ല. കൊലപാതകത്തിന് പിന്നാലെ സുഹൃത്തുക്കള്‍ക്ക് മദ്യപാര്‍ട്ടി നടത്തിയ സോനു സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ചിത്രങ്ങളാണ് കേസില്‍ വഴിത്തിരിവായത്.

നേരത്തെ സിസിടിവി ദൃശ്യങ്ങളില്‍ കണ്ട ഒരാളെ പൊലീസ് പാര്‍ട്ടിക്കിടെയുള്ള ഫോട്ടോയില്‍ നിന്ന് തിരിച്ചറിഞ്ഞു. ഇയാളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ട് പരിശോധിച്ച പൊലീസിന് കൊലപാതക സമയത്ത് ധരിച്ച ടീ ഷര്‍ട്ടിലുള്ള മറ്റു ഫോട്ടോകളും ലഭിച്ചു. ഇയാളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് അഞ്ച് പ്രതികളും പിടിയിലായത്.

 

Back to top button
error: