Breaking NewsIndiaLead NewsLIFENEWSNewsthen SpecialpoliticsTechTRENDINGWorld

ഇറാനില്‍ മൊസാദ് ഇപ്പോഴും സജീവം? തുടര്‍ച്ചയായ സ്‌ഫോടനങ്ങളിലും തീപടിത്തങ്ങളിലും അഫ്ഗാനികള്‍ക്കൊപ്പം ചാര സംഘടനയെയും സംശയിച്ച് വിദഗ്ധര്‍; അപകടത്തിന്റെ കൃത്യതയും തെരഞ്ഞെടുക്കുന്ന സ്ഥലവും തെളിവ്; മൗനത്തില്‍ ഇസ്ലാമിക റിപ്പബ്ലിക്ക്

പുറത്തുവന്ന വിവരങ്ങള്‍പ്പുറം ഇനിയും മൊസാദിന്റെ പദ്ധതികള്‍ അവശേഷിക്കുന്നെന്നാണു കരുതുന്നത്. ഇറാനില്‍ ഇസ്രായേലിന്റെ മേല്‍ക്കൊയ്മ നടപ്പാക്കുന്നതിന് അത് അത്യാവശ്യവുമാണ്.

ടെല്‍അവീവ്: ഇറാനും ഇസ്രയേലും തമ്മിലുള്ള വെടിനിര്‍ത്തലിനു ശേഷവും മൊസാദിന്റെ സാന്നിധ്യം ഇസ്ലാമിക റിപ്പബ്ലിക്കില്‍ തുടരുന്നെന്ന സൂചന നല്‍കി ഇസ്രയേല്‍ സൈനിക വിദഗ്ധന്‍. ഇസ്രയേല്‍ സൈന്യം പിന്‍മാറിയതിനു ശേഷവും തുടരുന്ന ദുരൂഹമായ സ്‌ഫോടനങ്ങള്‍ ഇതിനുള്ള തെളിവാണെന്നും ഉപകരണങ്ങള്‍ക്കുണ്ടാകുന്ന പിഴവുകള്‍കൊണ്ടുമാത്രമാകില്ലെന്നും ഇറാനിയന്‍ പൊളിറ്റിക്കല്‍ അനലിസ്റ്റ് ഡോ. നിമ ബഹേലി പറഞ്ഞു.

മതപരമായി പ്രധാന്യമുള്ള ഇറാനിലെ ഏഴാമത്തെ വലിയ നഗരമായ ക്വോമില്‍ റെസിഡന്‍ഷ്യല്‍ കോംപ്ലക്‌സില്‍ അടുത്തിടെ തീപടര്‍ന്നിരുന്നു. നിരവധിപ്പേര്‍ക്കു പരിക്കേറ്റതു ഗ്യാസ് ലീക്കേജുകൊണ്ടാണ് എന്നായിരുന്നു വിശദീകരണം. എന്നാല്‍, സമാനമായ സംഭവങ്ങള്‍ ടെഹ്‌റാന്‍, കറാജ് അടക്കമുള്ള നഗരങ്ങളിലും സമാന സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നത് സംശയങ്ങള്‍ വര്‍ധിപ്പിക്കുന്നു. അപകടങ്ങളുടെ തോത് വളരെക്കൂടുതലാണ് എന്നതും ഇസ്ലാമിക ഭരണകൂടം ഇതേക്കുറിച്ചു മൗനം പാലിക്കുന്നു എന്നതും ദുരൂഹമാണ്. ഇത് അവിചാരിതമെന്നു പറയാനാകില്ലെന്നും ഡോ. നിമ പറഞ്ഞു.

Signature-ad

അഫ്ഗാനില്‍നിന്നുള്ള ആളുകളെയാണ് സ്‌ഫോടനങ്ങളുടെ കാര്യത്തില്‍ കൂടുതല്‍ സംശയിക്കുന്നത്. 12 ദിവസത്തെ യുദ്ധത്തിനുശേഷം രേഖകളില്ലാതെ നിര്‍മാണ- ലോജിസ്റ്റിക് മേഖലകളിലടക്കം പ്രവര്‍ത്തിക്കുന്ന ആയിരക്കണക്കിന് അഫ്ഗാനികളെയാണ് ഇറാന്‍ തിരിച്ചയച്ചത്. ഇവരെ പെട്ടെന്നു തിരിച്ചയയ്ക്കുന്നതും ഇറാനു തിരിച്ചടിയാകുമെന്ന് അദ്ദേഹം പറയുന്നു. ഇവര്‍ക്ക് പ്രധാനപ്പെട്ട മേഖലകളിലെല്ലാം പ്രവേശനം ലഭിക്കാറുണ്ട്. ഇവരെ പെട്ടെന്നു പുറത്താക്കുന്നതിലുള്ള പ്രതിഷേധമാകാം സ്‌ഫോടനങ്ങള്‍ക്കു പിന്നിലെന്നു സംശയിക്കുന്നവരുണ്ട്.

എന്നാല്‍, മൊസാദ് ഇപ്പോഴും ഇറാനില്‍ സജീവമാണെന്നതിന്റെ തെളിവാണിതെന്നാണു ജെറുസലേം ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഡോ. ഹേയ് എയ്റ്റന്‍ കോഹന്‍ ചൂണ്ടിക്കാട്ടുന്നത്. ആക്രമണത്തിന്റെ കൃത്യതയും തെരഞ്ഞെടുക്കുന്ന സ്ഥലങ്ങളും മൊസാദിന്റെ പ്രത്യേകതയാണ്. യുദ്ധമുണ്ടായപ്പോഴും അവര്‍ വിജയകരമായി പദ്ധതികള്‍ നടപ്പാക്കി. പുറത്തുവന്ന വിവരങ്ങള്‍പ്പുറം ഇനിയും മൊസാദിന്റെ പദ്ധതികള്‍ അവശേഷിക്കുന്നെന്നാണു കരുതുന്നത്. ഇറാനില്‍ ഇസ്രായേലിന്റെ മേല്‍ക്കൊയ്മ നടപ്പാക്കുന്നതിന് അത് അത്യാവശ്യവുമാണ്.

‘ഇസ്രായേല്‍ വ്യോമശക്തിയെ മാത്രം ആശ്രയിക്കുന്നില്ല. ലക്ഷ്യം വച്ചുള്ളതും, നിശബ്ദവും, ‘ശസ്ത്രക്രിയാ’പരവുമായ ഭൂതല പ്രവര്‍ത്തനങ്ങള്‍ പലപ്പോഴും ശത്രുവിനെതിരേ അനിവാര്യമാണ്. വ്യാപകമായ യുദ്ധത്തിനു തിരികൊളുത്താതെയുള്ള പ്രവര്‍ത്തനമാണിത്. തുടര്‍ച്ചയായ രഹസ്യ പ്രവര്‍ത്തനങ്ങള്‍ ഹൂത്തികള്‍ ഉയര്‍ത്തുന്ന ഭീഷണിയുമായി ബന്ധപ്പെട്ടിരിക്കാമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വെടിനിര്‍ത്തല്‍ ഉണ്ടായിരുന്നിട്ടും ഇസ്രായേലിനെതിരെ മിസൈലുകള്‍ വിക്ഷേപിക്കുന്നത് അവര്‍ തുടര്‍ന്നു.

ഇറാന്‍ ആയുധശേഖരണം വീണ്ടും ആരംഭിച്ചു എന്നതും ഇക്കൂട്ടത്തില്‍ കാണണം. ചൈനീസ് നിര്‍മിത മിസൈല്‍ സംവിധാനങ്ങള്‍ അടുത്തിടെ ഇറാനിലെത്തി. നോര്‍ത്ത് കൊറിയയുമായി ആയുധ ചര്‍ച്ചകള്‍ നടക്കുന്നു. ടെഹ്‌റാനും റഷ്യയും തന്ത്രപരമായ സഹകരണക്കരാര്‍ ഒപ്പിട്ടെങ്കിലും ഇതുവരെ ആയുധക്കൈമാറ്റങ്ങള്‍ നടന്നതായി വിവരങ്ങളില്ല. ഇതോടൊപ്പം ആഭ്യന്തരമായി നിര്‍മിച്ച മീഡിയം റേഞ്ച് ബാലിസ്്റ്റിക് മിസൈലുകളും ഇറാന്‍ പരീക്ഷിച്ചിട്ടുണ്ട്. എന്നാല്‍, ഇനിയൊരു യുദ്ധമെന്നത് ഇറാനു താങ്ങാന്‍ കഴിയുന്നതിന് അപ്പുറമാണെന്നു ഡോ. കോഹന്‍ പറഞ്ഞു. ഇസ്രയേലിന്റെ വ്യോമാക്രമണങ്ങള്‍ അവരുടെ വ്യോമശക്തിയും ചാരപ്രവര്‍ത്തനത്തിലെ കൃത്യതയും വിളിച്ചോതുന്നു. നേരിട്ടുള്ള മറ്റൊരു യുദ്ധം നിര്‍മിതികളെയും സാമ്പത്തിക രംഗത്തെയും രാജ്യാന്തര ബന്ധങ്ങളെയും ബാധിക്കുമെന്ന് ഇറാന്‍ നേതാക്കളും തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു.

ഠ അതിസങ്കീര്‍ണം, മൊസാദ്

ഇതെല്ലാം മൊസാദ് എന്ന ചാര സംഘടനയുടെ അതിസങ്കീര്‍ണ പ്രവര്‍ത്തന രീതിയുടെ വിജയമായിട്ടാണു ഇറാന്‍ യുദ്ധത്തെ വിലയിരുത്തിയത്. അതീവ സുരക്ഷയില്‍ കഴിയുന്ന മുതിര്‍ന്ന ഇറാനിയന്‍ കമാന്‍ഡര്‍മാരെയും ശാസ്ത്രജ്ഞരെയും ലക്ഷ്യമിടാനുള്ള കഴിവ് ഇസ്രായേലിന്റെ വ്യോമസേനയ്ക്കു ലഭിച്ചതു മൊസാദിലൂടെയാണ്. ഇതിനുള്ള തെളിവു നല്‍കുന്ന വീഡിയോ പോലും അവിശ്വസനീയമെന്നു കരുതാവുന്ന സാഹചര്യത്തില്‍ പുറത്തിറക്കി. മിസൈല്‍ ലോഞ്ചറുകളെ ആക്രമിക്കുന്ന ഡ്രോണുകളെയും വീഡിയോയില്‍ കാണിക്കുന്നു. ഇറാന്റെ ഏറ്റവും സൂഷ്മമായി സൂക്ഷിക്കുന്ന രഹസ്യങ്ങളിലേക്കു തുളച്ചു കയറിയെന്നതു വ്യക്തമാക്കുന്നതാണ് ഈ ദൃശ്യങ്ങള്‍. അവരുടെ പരമോന്നത നേതാവായ അയൊത്തൊള്ള ഖൊമേനിയെയും ലക്ഷ്യമിട്ടെങ്കിലും ട്രംപ് വിലക്കിയതാണ് പിന്തിരിയാന്‍ കാരണമെന്നും പറയുന്നു.

‘വര്‍ഷങ്ങളായി മൊസാദ് ഇറാനെ അതിന്റെ കളിസ്ഥലം പോലെയാണു കാണുന്നത്’ എന്നാണു വാഷിംഗ്ടണ്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ സീനിയര്‍ ഫെലോയും ഇറാനിസ്റ്റ് ന്യൂസ്‌ലെറ്റര്‍ ക്യുറേറ്ററുമായ ഹോളി ഡാഗ്രസ് പറയുന്നു. ‘ഉന്നത ആണവ ശാസ്ത്രജ്ഞരെ വധിക്കുന്നത് മുതല്‍ ഇറാനിയന്‍ ആണവ സൗകര്യങ്ങള്‍ അട്ടിമറിക്കുന്നത് വരെ, 2024 ഏപ്രിലില്‍ നടന്ന ആദ്യത്തെ ടിറ്റ്-ഫോര്‍-ടാറ്റ് ആക്രമണങ്ങള്‍ക്ക് ശേഷം ഇപ്പോള്‍ പരസ്യമായി നടക്കുന്ന ഈ നിഴല്‍ യുദ്ധത്തില്‍ ഇസ്രായേല്‍ എപ്പോഴും മേല്‍ക്കൈ നേടിയിട്ടുണ്ട്. ഇത് മൊസാദിന്റെകൂടി വിജയമാണ്’- അവര്‍ പറഞ്ഞു.

ഇറാന്റെ സുരക്ഷാ-രഹസ്യാന്വേഷണ ഏജന്‍സികളെ കബളിപ്പിച്ച് ടെഹ്‌റാനിലടക്കം കമാന്‍ഡോ സേനകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഇസ്രയേലി പ്രതിരോധ വൃത്തങ്ങള്‍ പറയുന്നു. ഇസ്രയേല്‍ വ്യോമ സേനയുടെ ആക്രമണം ആരംഭിക്കുന്നതിനു തൊട്ടുമുമ്പ് മൊസാദ് ടീമുകള്‍ വ്യോമ പ്രതിരോധ മിസൈലുകള്‍, ബാലിസ്റ്റിക് മിസൈലുകള്‍, മിസൈല്‍ ലോഞ്ചറുകള്‍ എന്നിവ ലക്ഷ്യമിട്ടു. മൊസാദിന്റെ കമാന്‍ഡോ സേനകളില്‍ ചിലത് ഇറാനിയന്‍ തലസ്ഥാനത്തുതന്നെ പ്രവര്‍ത്തിച്ചിരുന്നു. ഇറാന്റെ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ക്കു തൊട്ടടുത്ത് വിദൂര നിയന്ത്രിത ആയുധ സംവിധാനങ്ങള്‍ വിന്യസിച്ചിരുന്നു!

ഇറാനിയന്‍ ഉന്നത ഉദ്യോഗസ്ഥരുടെ കൊലപാതകങ്ങളും മൊസാദിന്റെ ഓപ്പറേഷനുകളില്‍പെടും. 2010 മുതല്‍ ഇറാന്റെ ആണവശാസ്ത്രജ്ഞരെ ലക്ഷ്യമിടുന്നെന്നാണ് ആരോപണം. ഇറാന്റെ ആണവശാസ്ത്രജ്ഞരുടെ ആയുര്‍ദൈര്‍ഘ്യത്തില്‍ ഇസ്രയേലിനെ ഉത്തരവാദിയാക്കാന്‍ കഴിയില്ലെന്നു മുന്‍ പ്രതിരോധമന്ത്രി മോഷെ യാലോണ്‍ പറഞ്ഞതും ഇതുമായി കൂട്ടിവായിക്കാം. 2007 മുതല്‍ 2012 വരെ ഇസ്രായേല്‍ അഞ്ച് രഹസ്യ കൊലപാതകങ്ങള്‍ നടത്തിയതായി ആരോപിക്കപ്പെടുന്നു, മിക്കവാറും എല്ലാം ടെഹ്റാനില്‍, റിമോട്ട് കണ്‍ട്രോള്‍ ബോംബിംഗുകളിലൂടെയോ റിമോട്ട് കണ്‍ട്രോള്‍ മെഷീന്‍ ഗണ്ണുകളിലൂടെയോ. ഇറാന്റെ പ്രധാന ആണവ ശാസ്ത്രജ്ഞരില്‍ ഒരാളായ ഫെറെയ്ഡൂണ്‍ അബ്ബാസി മാത്രമാണ് വധശ്രമത്തില്‍ നിന്ന് രക്ഷപ്പെട്ടത്. എന്നാല്‍, ഒരാഴ്ച കഴിഞ്ഞപ്പോള്‍ അബ്ബാസിയും കൊല്ലപ്പെട്ടു.

 

ഠ മന്ത്രാലയത്തില്‍നിന്ന് ആണവരേഖകള്‍ ചോര്‍ത്തി

2018ല്‍ ഇറാന്റെ ആണവ വിവരങ്ങള്‍ സംബന്ധിച്ച നിര്‍ണായക രേഖകള്‍ ‘മോഷ്ടി’ച്ചാണ് ഇസ്രയേല്‍ അതിന്റെ ഇന്റലിജന്‍സ് കരുത്ത് കാട്ടിയത്. ജെറുസലേമില്‍നിന്നുള്ള ലൈവ് ബ്രോഡ്കാസ്റ്റില്‍ 50,000 പേജുകളിലായി വരുന്ന വിവരങ്ങളും സിഡികളുമാണ് പുറത്തുവിട്ടത്. നെതന്യാഹുവിന്റെ അവകാശവാദങ്ങളെ ബാലിശവും പരിഹാസ്യവുമെന്നു പറഞ്ഞു തള്ളിക്കളയാന്‍ ഇറാന്‍ ശ്രമിച്ചെങ്കിലും ആര്‍ക്കൈവ്‌സ് കൊള്ളയടിച്ചതിലൂടെ ഇറാന്റെ അതീവരഹസ്യ കേന്ദ്രങ്ങളിലേക്കുള്ള മൊസാദിന്റെ കടന്നുകയറ്റം വലിയ ചര്‍ച്ചയായി. വിലപുലമായ ആസൂത്രണമില്ലാതെ ഇതു സാധ്യമല്ല. അതീവസുരക്ഷിതമായ, അജ്ഞാതമായ ഇടത്തേക്കുള്ള കടന്നുകയറ്റത്തിനു പിന്നാലെയാണ് ആണവ പദ്ധതികളുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ആരംഭിച്ചത്. ട്രംപിന്റെ ഇടപെടലുകളിലേക്കു നയിച്ചതും ഈ വിവരങ്ങളാണ്.

ഠ ഇസ്രായേല്‍ ഇതുവരെ പൂര്‍ത്തിയാക്കിയിട്ടില്ല.

2020 നവംബറില്‍, ഇറാന്റെ മുഖ്യ ആണവ ശാസ്ത്രജ്ഞനായ മൊഹ്സെന്‍ ഫക്രിസാദെയെ, ഭാര്യയോടൊപ്പം ബുള്ളറ്റ് പ്രൂഫ് കാറില്‍ സഞ്ചരിക്കുമ്പോള്‍ ഇസ്രായേല്‍ വധിച്ചു. മൂന്ന് സുരക്ഷാ വാഹനങ്ങളുമായി ഒരു വാഹനവ്യൂഹത്തില്‍ സഞ്ചരിക്കുമ്പോഴാണു ഫക്രിസാദെയുടെ കാറിനു വെടിയേറ്റത്. ഒരു റിമോട്ട് കണ്‍ട്രോള്‍ മെഷീന്‍ ഗണ്‍ ഉപയോഗിച്ചായിരുന്നു വെടിയുതിര്‍ത്തത്. ഇസ്രയേല്‍ ഇക്കാര്യം പരസ്യമായി സമ്മതിച്ചിട്ടില്ലെങ്കിലും ഓപ്പറേഷന്റെ ആഴവും കൃത്യതയുമാണിതു വ്യക്തമാക്കിയത്. ഫക്രിസാദെയുടെ ജീവിതരീതിയെക്കുറിച്ചടക്കം അവര്‍ പഠിച്ചിരുന്നു.

ജനങ്ങള്‍ ആ ഭരണകൂടത്തെ വെറുക്കുന്നതുകൊണ്ടാണ് മൊസാദിന് ആവര്‍ത്തിച്ചു വിജയിക്കാന്‍ കഴിയുന്നതെന്ന് മൊസൊദിന്റെ മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ റാം ബെന്‍ ബരാക് പറഞ്ഞു. ഇസ്രയേലി ഇന്റലിജന്‍സിന്റെ പ്രഫഷണലിസത്തിനൊപ്പം ജനങ്ങളുടെ സഹായവും അവിടെ ലഭിക്കുന്നു- അദ്ദേഹം പറഞ്ഞു. ഗാസയില്‍ യുദ്ധം തുടങ്ങിയതിനുശേഷം, ടെഹ്റാന്റെ ഹൃദയഭാഗത്ത് വെച്ചാണ് ഹമാസ് രാഷ്ട്രീയ നേതാവ് ഇസ്മായില്‍ ഹനിയെ വധിച്ചത്. ഹനിയെ താമസിച്ചിരുന്നതായി അറിയപ്പെടുന്ന ഒരു ഗസ്റ്റ് ഹൗസില്‍ ഇസ്രായേല്‍ ഒരു സ്‌ഫോടകവസ്തു സ്ഥാപിക്കുകയാണു ചെയ്തത്. കൊലപാതകത്തിന് രണ്ടുമാസംമുമ്പ് ഈ മുറിയില്‍ ബോംബ് ഒളിപ്പിച്ചു വച്ചിരുന്നു. ഹനിയെ മുറിയില്‍ എത്തിയ ഉടന്‍ പൊട്ടിത്തെറിക്കുകയായിരുന്നു.

ഠ ഇറാന്‍ തുറന്ന പുസ്തകം

ഇറാന്‍ ഒരു ദശാബ്ദത്തിലേറെയായി ഇസ്രായേലി ഇന്റലിജന്‍സിന് ഒരു തുറന്ന പുസ്തകമാണെന്നു മുതിര്‍ന്ന ഇസ്രായേലി സുരക്ഷാ റിപ്പോര്‍ട്ടറും എഴുത്തുകാരനുമായ യോസി മെല്‍മാന്‍ പറഞ്ഞു. മൊസാദ് പുറത്തുവിട്ട വീഡിയോകളില്‍ മിസൈല്‍ വിക്ഷേപണങ്ങള്‍ നടത്തുന്നത് ഇറാനികളാകാന്‍ സാധ്യതയുണ്ടെന്ന് മെല്‍മാന്‍ പറഞ്ഞു. ‘ഇറാനിനുള്ളിലെ ബൂട്ടുകളില്‍ ഇസ്രായേലികളല്ല. അവരെ റിക്രൂട്ട് ചെയ്യുകയും പരിശീലനം നല്‍കുകയും സജ്ജരാക്കുകയും വിന്യസിക്കുകയും വേണം. പിന്നെ ആയുധങ്ങളടക്കം രഹസ്യമായി കടത്തണം. അതിനെല്ലാം ധാരാളം പ്രൊഫഷണലിസവും വൈദഗ്ധ്യവും ആവശ്യമാണ്’-യെല്‍മാന്‍ കൂട്ടിച്ചേര്‍ത്തു. ഇസ്രായേലി ആക്രമണത്തിനായുള്ള ലക്ഷ്യ വിവരങ്ങള്‍ കെട്ടിപ്പടുക്കുന്നതില്‍ സൈനിക രഹസ്യാന്വേഷണ വിഭാഗമായ ‘അമാന്റെ’ പങ്ക് ഇസ്രായേല്‍ ഉദ്യോഗസ്ഥര്‍ എടുത്തുകാണിച്ചിട്ടുണ്ട്.

അമാനും മൊസാദും പലപ്പോഴും അടുത്തു പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും മൊസാദിന്റെ മിക്ക ഓപ്പറേഷനുകളും കര്‍ക്കശമായ വൃത്തങ്ങള്‍ക്കു പുറത്തേക്കു പോകാറില്ല. 1949ല്‍ ആരംഭിച്ച മൊസാദിനെക്കുറിച്ചു വളരെക്കുറച്ചു കാര്യങ്ങളാണു പുറത്തറിയുന്നത്. ഏജന്റുമാര്‍ക്ക് അവരുടെ കുടുംബത്തെക്കുറിച്ചുപോലും പുറത്തു പറയാന്‍ നിയന്ത്രണങ്ങളുണ്ട്. ഒരു ഓപ്പറേഷനിലും അവരുടെ പങ്കാളിത്തം പരസ്യമായി സമ്മതിച്ചിട്ടില്ല.

Back to top button
error: