ഇന്ന് പുതിയ ജോലിയില്‍ പ്രവേശിക്കാന്‍ എല്ലാ തയ്യാറെടുപ്പുകളും നടത്തി; വെള്ളിയാഴ്ച രാത്രി വഴക്കുണ്ടായതോടെ എല്ലാം തടികംമറിഞ്ഞു; ഒരാഴ്ച മുമ്പ് വിപഞ്ചിക ഇപ്പോള്‍ അതുല്യ…

കൊല്ലം: ഷാര്‍ജ റോളയിലെ ഫ്‌ളാറ്റില്‍ ജീവനൊടുക്കിയ ചവറ തെക്കുംഭാഗം കോയിവിളയില്‍ അതുല്യഭവനില്‍ അതുല്യ(30) ഭര്‍ത്താവില്‍ നിന്നേറ്റത് ക്രൂരപീഡനം. ബിരുദധാരിയായ അതുല്യ ജോലി ചെയ്യാന്‍ ഏറെ ആഗ്രഹിച്ചിരുന്നെങ്കിലും സതീഷ് സമ്മതിച്ചിരുന്നില്ല. ഒടുവില്‍ മുവൈലയിലെ സഫാരി മാളിലെ സ്ഥാപനത്തില്‍ അതുല്യക്ക് ജോലി ശരിയായിരുന്നു. ഇന്ന് ജോലിയില്‍ പ്രവേശിക്കേണ്ടതുമായിരുന്നു. ജോലി ചെയ്യണമെന്ന ആശ പൂര്‍ത്തീകരിക്കും വിധം അതുല്യ ജീവനൊടുക്കിയത് തീര്‍ത്തും പിടിച്ചു നില്‍ക്കാനാകാത്തതുകൊണ്ടായിരിക്കുമെന്നാണ് കൂട്ടുകാരികളും ബന്ധുക്കളും പറയുന്നത്.
വെള്ളി രാത്രിയാണ് അതുല്യയെ റോള പാര്‍ക്കിനടുത്തെ കെട്ടിടത്തിലെ ഫ്‌ലാറ്റില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ദുബായിലെ അരോമ കെട്ടിടനിര്‍മാണ കമ്പനിയില്‍ എന്‍ജിനീയറായ ഭര്‍ത്താവ് സതീഷ് രാത്രി അതുല്യയുമായി വഴക്കിട്ടിരുന്നതായി ബന്ധുക്കള്‍സ്ഥിരീകരിച്ചിട്ടുണ്ട്. തുടര്‍ന്ന് കൂട്ടുകാരോടൊപ്പം അജ്മാനില്‍ പോയി പുലര്‍ച്ചെ നാലോടെ തിരിച്ചെത്തിയപ്പോഴാണ് അതുല്യയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. സതീഷ് സ്ഥിരം മദ്യപനാണെന്നും കുടിച്ചുകഴിഞ്ഞാല്‍ അതുല്യയെ ദേഹോപദ്രവം ഏല്‍പ്പിക്കാറുണ്ടെന്നും ബന്ധുക്കള്‍ പറയുന്നു. ഇതിന് തെളിവായാണ് ഫോട്ടോകളും വിഡിയകളും ഇവര്‍ സൂക്ഷിക്കുന്നത്.
അതുല്യ മരിക്കുന്നതിന് മുന്‍പ് തൊട്ടടുത്തെ കെട്ടിടത്തില്‍ താമസിക്കുന്ന സഹോദരി അഖിലയ്ക്ക് ഭര്‍ത്താവ് കൊല്ലം ശാസ്താംകോട്ട സ്വദേശി സതീഷില്‍ നിന്നേറ്റ ശാരീരിക പീഡനത്തിന്റെ തെളിവായി ഫോട്ടോകളും വിഡിയോകളും അയച്ചുകൊടുത്തിരുന്നു. മദ്യപിച്ച് മദോന്മത്തനായി ഭാര്യയോട് പല ക്രൂരതകളും കാണിക്കുന്ന സതീഷിനെ ഈ വിഡിയോയില്‍ കാണാം. കൂടാതെ, അതുല്യയുടെ ശരീരത്തില്‍ പലഭാഗത്തും സതീഷില്‍ നിന്നേറ്റ പീഡനത്തിന്റെ തെളിവുകളുമുണ്ട്.
കഴിഞ്ഞ ചൊവ്വാഴ്ച ഷാര്‍ജ അല്‍ നഹ്ദയില്‍ കൊല്ലം കേരളപുരം സ്വദേശിനി വിപഞ്ചിക(33), ഒന്നര വയസ്സുള്ള മകള്‍ വൈഭവിയെയും തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. ഈ ഞെട്ടലില്‍ നിന്ന് വിടുതല്‍ നേടുന്നതിന് മുന്‍പാണ് പ്രവാസ ലോകത്തെ തീരാ വേദനയിലാഴ്ത്തി അതുല്യയുടെ മരണം. ഭര്‍ത്താവുമായുള്ള പിണക്കത്തെ തുടര്‍ന്ന് മകളെ കൊലപ്പെടുത്തി വിപഞ്ചിക ഒരേ കയറില്‍ കെട്ടിത്തൂങ്ങുകയായിരുന്നുവെന്നാണ് പൊലീസ് റിപ്പോര്‍ട്ട്. വൈഭവിയുടെ മൃതദേഹം ഇന്നലെ ദുബായ് ജബല്‍ അലിയില്‍ സംസ്‌കരിച്ചു. ഷാര്‍ജ ഫോറന്‍സിക് വിഭാഗത്തിലുള്ള വിപഞ്ചികയുടെ മൃതദേഹം തിങ്കളാഴ്ച നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് പ്രതീക്ഷിക്കുന്നു.






